UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടു വയസുകാരനെ പീഡിപ്പിച്ച് മദ്യം കൊടുത്തു കൊന്നു; ഷിംലയില്‍ കനത്ത പ്രതിഷേധം

Avatar

അഴിമുഖം പ്രതിനിധി

യുഗ് ഗുപ്ത എന്ന രണ്ടുവയസുകാരന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മുനിസിപ്പല്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഷിംല പ്രതിഷേധച്ചൂടിലാണ്. രണ്ടുവര്‍ഷം മുന്‍പ് തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ അവശിഷ്ടം കണ്ടെത്തിയത് ഈ മാസം 22നാണ്. കൊലപ്പെടുത്തുന്നതിനു മുന്‍പ് ഏഴുദിവസം കുട്ടി അതിക്രൂരമായ പീഡനത്തിനിരയായെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഈ മലമുകള്‍ പട്ടണത്തില്‍ ഇത്തരം ക്രൂരതകള്‍ അപൂര്‍വമാണ്. കേസിനു തുമ്പുണ്ടാക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയതിനു കാരണം ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ ദിവസവും പ്രതിഷേധവുമായി തെരുവുകളില്‍ നിറയുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കുനേരെ മൂന്നു ദിവസത്തിനിടെ രണ്ടു തവണ ആക്രമണമുണ്ടായി.

യുഗിന്റെ മാതാപിതാക്കളായ വിനോദ് ഗുപ്തയും പിങ്കിയും രണ്ടുവര്‍ഷം മകനെ കുഴപ്പമില്ലാതെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയതോടെ എല്ലാം തകര്‍ന്ന നിലയിലാണ് ദമ്പതികള്‍. പുകയില വ്യാപാരിയായ വിനോദിന് മകനെ കാണാതായതിനുശേഷം രണ്ടു തവണ ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. മകനെ കണ്ടെത്താന്‍ പല വഴികള്‍ തേടിയ മാതാപിതാക്കള്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു കണ്ട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

രണ്ടാം പിറന്നാളിനു രണ്ടാഴ്ച മുന്‍പ് 2014 ജൂണ്‍ 14-നാണ് യുഗ് കാണാതാകുന്നത്. പ്രതികളായ തെജിന്ദര്‍ സിങ്, വിക്രാന്ത് ബക്ഷി, ചന്ദര്‍ ശര്‍മ എന്നിവര്‍ കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് അവനെ പട്ടിണിക്കിടുകയും കൈകള്‍ ബന്ധിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. ബലമായി മദ്യം കഴിപ്പിച്ച് ടാങ്കില്‍ തള്ളുമ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ലെങ്കിലും ജീവനുണ്ടായിരുന്നുവെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. ഒരു കല്ലിനോടു ചേര്‍ത്തുകെട്ടിയാണ് കുട്ടിയെ ടാങ്കില്‍ തള്ളിയത്. എട്ടുമാസം മുന്‍പ് പരക്കെ മഞ്ഞപ്പിത്തബാധയുണ്ടായതിനെത്തുടര്‍ന്ന് ടാങ്ക് വൃത്തിയാക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

ടാങ്ക് പതിവായി വൃത്തിയാക്കാറുണ്ടെന്നും 2014-നുശേഷം പന്ത്രണ്ടിലേറെ തവണ വെള്ളത്തിന്റെ ശുദ്ധത പരിശോധിച്ചിട്ടുണ്ടെന്നുമാണ് ഷിംല മേയര്‍ സഞ്ജയ് ചൗഹാന്‍ പറയുന്നത്. 2016 ജനുവരിയില്‍ ടാങ്ക് വൃത്തിയാക്കുമ്പോള്‍ തകര്‍ന്ന തലയോട്ടിയും മറ്റും കണ്ടെങ്കിലും ഇതു കുരങ്ങിന്റെയോ മറ്റോ ആകാമെന്നാണു കരുതിയതെന്നും ചൗഹാന്‍ പറയുന്നു. എല്ലാ വാട്ടര്‍ ടാങ്കുകളും ശരിയായി അടയ്ക്കാനും അവയ്ക്ക് കാവല്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ കോടതി വളപ്പില്‍ രോഷാകുലരായ ജനം തേജേന്ദര്‍ സിങ്ങിനെയും ചന്ദര്‍ ശര്‍മയെയും മര്‍ദിച്ചു. മൂന്നുപ്രതികളുടെയും റിമാന്‍ഡ് നീട്ടാന്‍ 27ന് അവരെ കോടതിയിലേക്കു കൊണ്ടുവരുമ്പോഴാണ് സംഭവം. പൊലീസും ദ്രുത കര്‍മസേനയും ബലം പ്രയോഗിച്ച് പ്രതികളെ ജനക്കൂട്ടത്തില്‍നിന്നു രക്ഷിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടി.

മുഖ്യപ്രതി ചന്ദര്‍ ശര്‍മയുടെ വീടിനടുത്തുള്ള സ്വന്തം വീട്ടില്‍ നിന്നാണ് യുഗിനെ കാണാതാകുന്നത്. ചോക്കലേറ്റ് നല്‍കി ശര്‍മ കുട്ടിയെ തന്റെ വീട്ടിലെത്തിക്കുകയും മദ്യം കഴിപ്പിച്ച് ബോധരഹിതനാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഒരു പെട്ടിയിലാക്കി തേജേന്ദര്‍ സിങ് വാടകയ്‌ക്കെടുത്തിരുന്ന ഒരു വീട്ടിലെത്തിച്ചു. കുട്ടിയെ തിരിച്ചയച്ചാല്‍ തന്നെ തിരിച്ചറിയുമെന്നു ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് ശര്‍മ പറഞ്ഞതായി പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ഉപയോഗിച്ച് പ്രതികള്‍ കത്തിലൂടെ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്ത് ജന്മദിനമായ ജൂണ്‍ 27നാണു യുഗിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ ഇതിനു മുന്‍പുതന്നെ കുട്ടി കൊല്ലപ്പെട്ടിരുന്നതായി പിതാവ് വിനോദ് ഗുപ്ത പറയുന്നു. 3.62 കോടിയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. ‘ഞങ്ങളുടെ വീട്ടുജോലിക്കാരനായ ഹരിയുടെ കയ്യില്‍ അടുത്ത ദിവസം പണം അംബാലയിലെത്തിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. അത് ചെയ്യാന്‍ സാധിച്ചില്ല.’ ഈ സമയമെല്ലാം ശര്‍മ നല്ല അയല്‍ക്കാരനായി അഭിനയിച്ചു. കുട്ടിയെ കാണാതായതിനെപ്പറ്റി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ഗുപ്തയ്‌ക്കൊപ്പം പോയത് ശര്‍മയാണ്.

തുടര്‍ന്നുള്ള രണ്ടുമാസം മൂന്നുകത്തുകള്‍ കൂടി ഗുപ്ത കുടുംബത്തിനു ലഭിച്ചു. അവസാനത്തേതില്‍ പെണ്‍മക്കളായ ടിഷയെയും ഭൂമിയെയും തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. ‘അപ്പോഴേക്ക് എനിക്കു ശര്‍മയെ സംശയം തോന്നിത്തുടങ്ങിയിരുന്നു. പൊലീസിനോടു പറഞ്ഞെങ്കിലും ആരും അത് കാര്യമായെടുത്തില്ല. ശര്‍മ ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ നീക്കവും ശ്രദ്ധിച്ചിരുന്നു. ‘2014 ഓഗസ്റ്റ് – സെപ്റ്റംബറില്‍ കേസ് സിഐഡിക്കു കൈമാറി. 2015ല്‍ മൂന്നു പ്രതികളും ഒരു മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. ‘മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൊണ്ടിയായി സൂക്ഷിച്ചു,’ എസ്പി ഡി ഡബ്ലിയു നേഗി പറയുന്നു.

2016 ജൂണ്‍ – ജൂലൈയില്‍ സിഐഡി സംഘങ്ങള്‍ റംബാസാര്‍ പ്രദേശത്തെ നിവാസികളുടെ ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് കഥ ചുരുളഴിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് നാര്‍കോ അനാലിസിസിനായി അഹമ്മദാബാദിലേക്കയച്ചു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് പരിശോധനയില്‍ നിന്നു രക്ഷപെട്ട ഇവര്‍ താമസിയാതെ ജാമ്യത്തിലിറങ്ങി. എന്നാല്‍ 2015-ല്‍ ഷിംല പൊലീസ് പിടികൂടിയ മൊബൈല്‍ ഫോണുകള്‍ സിഐഡി സംസ്ഥാന ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ അതില്‍ ഒന്നിലെ നീക്കം ചെയ്യപ്പെട്ട വിവരങ്ങളില്‍നിന്ന് കൈ കെട്ടപ്പെട്ട നിലയില്‍ ഒരു കുട്ടിയുടെ ചിത്രം കിട്ടി. ഫോണ്‍ വിക്രാന്ത് ബക്ഷിയുടേതായിരുന്നു. ഇതും മറ്റ് ഫോണുകളില്‍നിന്നുള്ള വിവരങ്ങളും വാടകക്കെട്ടിടത്തില്‍ പ്രതികള്‍ മൂന്നുപേരും ഉണ്ടായിരുന്നതിനു തെളിവായി.

മൂവരെയും സെപ്റ്റംബര്‍ ആറിന് വീണ്ടും നാര്‍കോ അനാലിസിസിന് അയയ്ക്കാനുള്ള അനുമതി ലഭിച്ചുകഴിഞ്ഞതായി രണ്ടുവര്‍ഷമായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിഐജി (സിഐഡി) വിനോദ് ധവാന്‍ അറിയിച്ചു.

‘പിടിയിലായിരുന്നില്ലെങ്കില്‍ പ്രതികള്‍ ഉപദ്രവിക്കുമായിരുന്ന മറ്റുകുട്ടികളെ രക്ഷിക്കാനായി എന്റെ മകന്‍ ജീവന്‍ നല്‍കുകയായിരുന്നു,’ വിനോദ് ഗുപ്ത പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍