UPDATES

അക്ഷരങ്ങളാകുന്ന ആയുധം കൊണ്ടാവണം എഴുത്തുകാരന്‍ പൊരുതേണ്ടത്; യു എ ഖാദര്‍

Avatar

ഫാസിസത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വത്തില്‍ നിന്ന് എഴുത്തുകാരായ സച്ചിദാനന്ദനും പി കെ പാറക്കടവും രാജിവയ്ക്കുകയും സാറാ ജോസഫ് തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തെ വിലയിരുത്തിക്കണ്ട് പ്രമുഖ സാഹിത്യകാരനും പുരോഗമന കലാസഹിത്യസംഘം  മുന്‍ പ്രസിഡന്റുമായ യു എ ഖാദര്‍ പ്രതികരിക്കുന്നു.

എനിക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ എല്ലാം തന്നെ മലയാള ഭാഷയ്ക്ക് ഞാന്‍ ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ്. അക്കാദമയില്‍ രാഷ്ട്രീയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഭാഷയ്ക്ക് വേണ്ടി മാത്രമുള്ളൊരിടമാണ്. അങ്ങനെ ലഭിച്ച അവാര്‍ഡ് തിരിച്ചു നല്‍കുന്നത് ശരിയല്ല. എനിക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതുപോലെ നേടിയെടുത്ത ഒന്നല്ല, എന്റെ സാഹിത്യകൃതികള്‍ക്ക് ലഭിച്ച അംഗീകാരമാണ്. പ്രതിഷേധങ്ങള്‍ക്കുള്ള മാര്‍ഗം അംഗീകാരങ്ങള്‍ തിരിച്ചുനല്‍കലല്ല. ഒരു എഴുത്തുകാരന്റെ ആയുധം അക്ഷരങ്ങളാണ്. എഴുത്തിലൂടെയാണ് അയാള്‍ അനീതികള്‍ക്കെതിരെ പടപൊരുതേണ്ടത്. കേരളത്തിലെ സാഹിത്യ സമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. ശബ്ദമുയര്‍ത്തേണ്ടവരുടെ കൂട്ടത്തില്‍ എന്റെയും ശബ്ദമുണ്ടാവും. പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്തിയത് ഒരു തരം കീഴടങ്ങലാണ്. ഞാന്‍ എഴുതുന്നില്ല എന്നത് ഒരുതരം പിണക്കം എന്ന നിലയ്‌ക്കേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഫാസിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണം. കേരളത്തിലെ എഴുത്തുകാര്‍ പ്രതികരിച്ചില്ല എന്നു പറയുന്നത് തെറ്റാണ്. കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. സാറ ജോസഫ് അവാര്‍ഡ് തിരിച്ചു കൊടുക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്റെ രീതി അങ്ങനെയല്ല.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍