UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഴുത്തുകാര്‍ക്ക് വിലങ്ങിടരുത്; അവര്‍ ഭരണകൂടത്തിനനുകൂലമായി എഴുതണമെന്നുമില്ല – യു എ ഖാദര്‍/അഭിമുഖം

യു എ ഖാദര്‍/സഫിയ ഒ സി

(1935ല്‍ ബര്‍മ്മയിലെ ബില്ലീന്‍ ഗ്രാമത്തില്‍ ജനിച്ച യു എ ഖാദര്‍ യുദ്ധകാലത്ത് നാട്ടിലേക്ക് പോരികയായിരുന്നു. പിതാവ് കൊയിലാണ്ടിയിലെ മൊയ്തീന്‍ കുട്ടി ഹാജിയും മാതാവ് ബര്‍മ്മക്കാരി മാമൈദിയും. ഈ ഇരട്ട സാംസ്കാരിക സ്വത്വമാണ് യു എ ഖാദറിന്റെ കഥകളുടെ അടിസ്ഥാനം. കേരളീയ ഗ്രാമത്തിലെ ബാല്യത്തിന്റെ ഏകാന്തതകളില്‍ മനസില്‍ പതിഞ്ഞ മിത്തുകളും പുരാവൃത്തങ്ങളും അങ്ങനെ പെരുമയേറിയ കഥകളും നോവലുകളുമായി. ഉള്ളിലെ ചിത്രകാരന്‍ അതെല്ലാം വാങ്മയ ചിത്രങ്ങളായി കടലാസില്‍ പകര്‍ത്തി. എഴുത്തിന്റെ 60 വര്‍ഷക്കാലം പിന്നിടുന്ന യു എ ഖാദര്‍ ജീവിതത്തെ കുറിച്ചും എഴുത്തിനെ കുറിച്ചും സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ കുറിച്ചും അഴിമുഖം പ്രതിനിധി സഫിയയുമായി സംസാരിക്കുന്നു.  അഭിമുഖത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങള്‍ വായിക്കാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം- ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യംതൃക്കോട്ടൂര്‍ പിറക്കുന്നു)

സഫിയ: ഈ അടുത്ത കാലത്ത് എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടല്ലോ, അതിനെ കുറിച്ച്..?

യു എ ഖാദര്‍: എഴുത്തുകാരന് എഴുതാനുള്ള സ്വാതന്ത്ര്യം വേണം. പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവണം. എഴുത്തുകാരന്‍ ഒന്നു തുറന്നെഴുതിപ്പോയി എന്നുള്ളതുകൊണ്ട് എഴുത്തുകാരന് വിലങ്ങിടുന്നത് ശരിയല്ല. എഴുത്തുകാരന്‍ എപ്പോഴും ഭരണകൂടത്തിന് അനുകൂലമായിട്ട് എഴുതിക്കൊള്ളണമെന്നില്ല. സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് എഴുതുന്നത്. ഇന്നത്തെ അവസ്ഥയ്ക്ക് അനുഗുണമാകുന്ന രീതിയില്‍ എഴുത്തുകാരന്‍ എഴുതിക്കൊള്ളണമെന്നില്ല. എഴുത്തിന്റെ പരമമായ ലക്ഷ്യം ഒരു പ്രകാശത്തിന്റെ തരി, ഒരു കമ്പ് എവിടെയെങ്കിലും ഇത്തിരി കത്തിക്കാന്‍ സാധിക്കുക എന്നുള്ളതാണ്. ആ പ്രകാശത്തില്‍ ഇതാണ് യാഥാര്‍ഥ്യം എന്നു കാണിക്കുക. ആ യാഥാര്‍ഥ്യത്തില്‍ മുഖം ചുളിയുന്ന ആളുകള്‍, ഭയക്കുന്ന ആളുകള്‍ ഉണ്ടാവും. അതുപറഞ്ഞു എന്നുള്ളത് കൊണ്ട് എഴുത്തുകാരന്റെ വായടപ്പിക്കുന്നത് ശരിയല്ല. കല്‍ബുര്‍ഗിയുടെ ഇഷ്യൂ ആയാലും ശരി ഏത് ഇഷ്യൂ ആയാലും ശരി. എഴുത്തുകാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ കേരളത്തിലും നടക്കുന്നു എന്നുള്ളത് ഗൌരവത്തോടെ കാണണം.  മനുഷ്യ മനസ്സ് കൂടുതല്‍ ചെറുതായി ചെറുതായി വരികയാണ്. എഴുത്തുകാരുടെ ചുമതല ഈ അവസ്ഥയുടെ കാരണങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമത്തില്‍ തനിക്ക് വരാനിരിക്കുന്ന നഷ്ടങ്ങളെ കുറിച്ചാലോചിക്കാതെ ഇടപെടുക എന്നുള്ളതാണ്. 

സഫിയ: ‘ചങ്ങല’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കണം എന്ന സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലേ..? അത് ഇന്നായിരുന്നെങ്കിലോ..?

യു എ ഖാദര്‍: ‘ചങ്ങല’ എന്ന നോവല്‍ ചന്ദ്രികയില്‍ വന്നു തുടങ്ങിയപ്പോള്‍ ആളുകള്‍ പ്രശ്നം ഉണ്ടാക്കുകയും അത് നിര്‍ത്തിവെക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. സി എച്ച് മുഹമ്മദ് കോയയുടെ ഒരൊറ്റ വാശികൊണ്ടാണ് അത് നിര്‍ത്തി വെക്കാതിരുന്നത്. ‘വിശുദ്ധ പൂച്ച’ എന്ന കഥ ഞാന്‍ എഴുതിയപ്പോള്‍ നാട്ടില്‍ വലിയ കോളിളക്കം ഉണ്ടായി. ഇന്നാണെങ്കില്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവും. ആസൂത്രിതമായ ശ്രമങ്ങളുണ്ടാവും. സി എച്ച് മുഹമ്മദ് കോയ എന്ന ഉത്പതിഷ്ണുവായ ചിന്തകന്‍ അതിന്റെ പിന്നിലുണ്ടായിരുന്നു പബ്ലിഷ് ചെയ്യണം എന്നുപറഞ്ഞിട്ട്. ഇന്ന് അങ്ങനെ കര്‍ക്കശമായി പറയാനുള്ള ഒരു നേതൃത്വം, രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നായാലും ശരി മതത്തില്‍ നിന്നായാലും ശരി, ഇല്ല എന്നുള്ളതാണ്. അല്ലെങ്കില്‍ പറയുമ്പോള്‍ തനിക്കെന്തു നഷ്ടപ്പെടും എന്നുള്ള ആകുലതയിലാണ് ഇന്നത്തെ ഭരണാധികാരികള്‍ പോലും. നാളെ എത്ര ശതമാനം വോട്ട് കുറയാനിടയുണ്ട് തന്റെ അഭിപ്രായ പ്രകടനം കൊണ്ട് എന്ന ചിന്തയാണ്. അധികാരത്തിന്റേതായ ഒരുപാട് പരിവേഷങ്ങള്‍, അധികാരത്തിന്റേതായ ഒരുപാട് ആനുകൂല്യങ്ങള്‍ ഒക്കെ നഷ്ടപ്പെട്ടുപോയിക്കൂടാ എന്ന ചിന്ത ഇന്നുണ്ട്. ‘തൊഴിലാളിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല ഉള്ളത് കൈവിലങ്ങുകള്‍ മാത്രം’  എന്ന് പറഞ്ഞ കാലഘട്ടമല്ല ഇന്നുള്ളത്. തൊഴിലാളിക്കായാലും ശരി മറ്റ് ആര്‍ക്കായാലും ശരി നഷ്ടപ്പെടാന്‍ പലതുമുണ്ടല്ലോ എന്ന ആകുലത ഇന്നുണ്ട്. അതുകൊണ്ടാണ് എഴുത്തുകാരനെതിരായിട്ടുള്ള നീക്കങ്ങളും വിലങ്ങുകളും ഉണ്ടായിട്ടുപോലും പലരും ഞാനൊന്നു മറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടില്‍ ഇരിക്കുന്നത്.

സഫിയ: എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചുകൊടുത്തു പ്രതിഷേധിച്ചപ്പോള്‍ അങ്ങനെയല്ല പ്രതികരിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു…

യു എ ഖാദര്‍: അവാര്‍ഡ് എഴുത്തുകാര്‍ക്ക് കൊടുക്കുന്നതു എഴുത്തുകാരുടെ തടിയും വണ്ണവും കണ്ടിട്ടല്ല. എഴുത്തുകാരുടെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് കൊടുക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തൃക്കോട്ടൂര്‍ നോവല്ലകള്‍ക്ക് കിട്ടിയതു എന്റെ ശരീരത്തിന്റെ വണ്ണവും നിറവുമൊന്നും നോക്കിയിട്ടല്ല. എഴുത്ത് നോക്കിയിട്ടാണ്. എഴുത്തിന് കൊടുക്കുന്നതാണ്. ഈ അംഗീകാരം യു എ ഖാദര്‍ എന്ന വ്യക്തിക്കല്ല. എഴുത്തിന് കൊടുക്കുന്ന അവാര്‍ഡ് തിരിച്ചു നല്കാന്‍ എനിക്കധികാരമില്ല. ഞാന്‍ ചെയ്യണ്ടത് എന്താന്നു വെച്ചാല്‍ ഈ കാലഘട്ടത്തിലെ തിന്മകള്‍ക്കെതിരായിട്ടു സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനത്തിലൂടെ എങ്ങനെയാണോ പ്രതികരിക്കേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്. എഴുത്തുകാരന്‍ എന്ന നിലക്ക് ഇന്നത്തെ അനീതിക്കെതിരെ എന്തു എഴുതാന്‍ കഴിയും എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

സഫിയ: പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ..?

യു എ ഖാദര്‍: പുതിയ എഴുത്തുകാരില്‍ നല്ല എഴുത്തുകാരുണ്ട്. ഒരുപാട് പ്രകീര്‍ത്തിക്കപ്പെട്ടു മരവിച്ചുപോയ എഴുത്തുകാരും ഉണ്ട്. ഉറൂബ് സുന്ദരന്മാരും സുന്ദരികളും എഴുതിയ ശേഷം പിന്നെ ഉറൂബിന്റെ ഒരു കഥയ്ക്കും ഉറൂബ് മരിക്കുന്നതുവരെ കവര്‍ചിത്രം വന്നിട്ടില്ല. തുടര്‍ക്കഥ എന്ന പരിപാടി തുടങ്ങിയത് തന്നെ ഉറൂബാണ്. കുഞ്ഞമ്മയും കൂട്ടുകാരും ഒക്കെ. അതൊക്കെ അന്ന് കഥയുടെ പംക്തിയില്‍ ഒക്കെയാണ് വന്നത്. ഏറിയാല്‍ വരുന്നത് വാരികയുടെ ആദ്യ പേജില്‍ അടുത്തലക്കത്തില്‍ ഇന്നയാളുടെ കഥ എന്ന് മാത്രമാണ്. അതാണ് കഥയ്ക്ക് കിട്ടുന്ന ഏക പബ്ലിസിറ്റി. ഇന്ന് രണ്ടു കഥ എഴുതി മൂന്നാമത്തെ കഥ എഴുതുമ്പോഴേകും ഫ്രണ്ട് പേജില്‍ കവര്‍ ചിത്രം വരും. അത് എഴുത്തുകാരന് പലപ്പോഴും ഗുണം ആണ്. പക്ഷേ ഗുണത്തെക്കാളുപരി പതുക്കെ പതുക്കെ ദോഷവുമാണ്. അതുകൊണ്ടു പല എഴുത്തുകാരുടെയും എഴുത്ത് വേണ്ടരീതിയില്‍ പുറത്തു വന്നിട്ടില്ല. ഞാനൊക്കെ ഒരുപാട് എഴുതി അതങ്ങ് ഏശാത്തത് കൊണ്ടല്ലേ  എന്‍റെതായ ഒരു രീതി സ്വീകരിച്ചത്. ആ ഒരു അവസ്ഥ പുതിയ എഴുത്തുകാര്‍ക്കില്ല. പുതിയ എഴുത്തുകാര്‍ എഴുതി തുടങ്ങുന്നതോടെ തന്നെ എഴുത്തുകാരാവുകയാണ്.

ബിരിയാണി വിവാദം
കുറച്ചു കാലത്തിനു ശേഷം വായിച്ച അതിമനോഹരമായ കഥകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’. ഞാനത് അയാളെ വിളിച്ചു പറയുകയും ചെയ്തു. ബീഹാറില്‍ നിന്നു വന്ന കഥാപാത്രം അവന്റെ ഭാര്യ ബസ്മതി അരി ചവച്ചിട്ടു വായിലൂടെ കേല ഒലിക്കുന്നത് തുടച്ചു കളയരുത് എന്നു പറയുന്നുണ്ട്. അവിടെ ഇരുനൂറു രൂപ കൂലികിട്ടിയാല്‍ പത്തുരൂപയെ വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റൂ. ബാക്കി മുഴുവന്‍ അവിടത്തെ മേധാവികള്‍ അടിച്ചുമാറ്റും. അത്ര ദയനീയമായ അവസ്ഥയാണ്. അത്ര ദാരുണമായ അവസ്ഥയില്‍ നിന്നിട്ട് ഇവിടെ വരുന്നു.  ഇവിടെ 250 രൂപയെ ചോദിച്ചുള്ളൂ. ഹാജി 150 മാത്രേ കൊടുക്കുന്നുള്ളൂ. അതിന്‍റെ ആഹ്ളാദത്തിലാണ് അവന്‍ ആ ജോലി ചെയ്യുന്നത്. അവിടെ ആ ബസ്മതി അരിയുടെ ബിരിയാണി കുഴിച്ചിടേണ്ടി വരുമ്പോള്‍ തന്‍റെ വിശന്നു മരിച്ച കുഞ്ഞിനെ ഓര്‍ക്കുന്നു. വല്ലാത്ത സ്ട്രൈക്കിംഗ് ആയിട്ടുള്ള കാര്യമാണത്. ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ കഥ വായിച്ചിട്ടില്ല.

ആ കഥയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതായി വായിക്കുകയുണ്ടായി. അതിപ്പോ ആ കല്യാണം നടത്തിയത് ബീരാന്‍ ഹാജി ആയിപ്പോയി എന്നു മാത്രമേയുള്ളൂ. ആ സ്ഥാനത്ത് ആരും ആവാം. അങ്ങനെ ഒരു രീതിയില്‍ ആ കഥയെ കാണേണ്ടതില്ല. നമ്മള്‍ മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ ഒരുപാട് ലാവിഷ് ആകുന്നുണ്ട്. ദുഃഖം അനുഭവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതാരും ചിന്തിക്കുന്നില്ല. അതിനെ മതം തിരിച്ചു കാണുന്നത് അങ്ങനെ ഒരു പ്രവണത ഇന്ന് വന്നിട്ടുണ്ട്.

ഒരു സംഭവം പറയാം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ നോവലാണ് ദ്രൌപദി. മറാട്ടി എഴുത്തുകാരന്റെ നോവലാണ്. 2009 ല്‍ എനിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ കൊല്ലമായിരുന്നു. പുരസ്കാര ദാന ചടങ്ങ് നടക്കുകയാണ്. അദ്ദേഹത്തിനെ വിളിച്ചു അതുവരെ ഹാള്‍ നിശബ്ദമായിരുന്നു. എല്ലാരും പരിപാടികള്‍ ആസ്വദിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ പേര് വിളിച്ച് ഇദ്ദേഹം വേദിയിലേക്ക് നടമ്പോള്‍ സദസ്സിലുള്ള ആളുകള്‍ എഴുത്തുകാരനെ കുറിച്ചുള്ള കുറിപ്പൊക്കെ ചുരുട്ടി ഇദ്ദേഹത്തിന് നേര്‍ക്ക് എറിയുകയും ചെരിപ്പെറിയുകയും ഒക്കെ ചെയ്തു. പെട്ടെന്നു അന്തരീക്ഷം ആകെ തകരാറായി. പോലീസ് പെട്ടെന്നിടപെട്ട് രംഗം ശാന്തമാക്കി. അദ്ദേഹം പാര്‍ലമെന്റ് മെമ്പറായിരുന്നു, പത്മശ്രീ പുരസ്കാരം കിട്ടിയിട്ടുണ്ട്. ഇദ്ദേഹം ചെയ്ത അപരാധം എന്താന്നു പറഞ്ഞാല്‍ ദ്രൌപദിയെ കഥാപാത്രമാക്കിയിട്ടു നോവല്‍ എഴുതി എന്നുള്ളതാണ്. ദ്രൌപദി എന്നു പറഞ്ഞാല്‍ മഹാഭാരതത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും തുടക്കം കുറിച്ച ഒരു സ്ത്രീയാണ്. അമ്മയുടെ ദുഃഖം അവര്‍ അറിഞ്ഞിട്ടുണ്ട്. കാമുകി എന്ന നിലയില്‍ അനുഭവിക്കേണ്ട എല്ലാ ബന്ധപ്പാടുകളും അനുഭവിച്ചിട്ടുണ്ട്. തിരസ്കാരങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ദ്രൌപദിയെ കുറിച്ചുള്ള നോവലാണ്. പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ കര്‍ണ്ണനെ കുറിച്ചുള്ളത്. ഭീമനെ കുറിച്ചുള്ള എം ടി യുടെ രണ്ടാമൂഴം. വളരെ മുമ്പേ കുട്ടികൃഷണ മാരാരുടെ ഭാരതപര്യടനം. കര്‍ണ്ണനെ ന്യായീകരീക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരെഴുത്തുകാരന് ഇതിഹാസത്തിലുള്ള ഒരു കഥാപാത്രത്തെ തന്റെ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. എഴുത്തുകാരന് അങ്ങനെ ഒരു അധികാരം ഉണ്ട്. ഇന്നാണെങ്കില്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഭഗവതിയുടെ മുഖത്ത് തുപ്പുന്ന രംഗം ചിത്രീകരിക്കാന്‍ കഴിയില്ല. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം എന്താന്നു വെച്ചാല്‍ അന്നത്തെ ചെറുപ്പക്കാര്‍ മതപരമായിട്ടു ആളുകളെ വേര്‍തിരിച്ചു കണ്ടിരുന്നില്ല. അങ്ങനെ ഒരു കാഴ്ചപ്പാടില്‍ ആളുകള്‍ പെരുമാറിയിരുന്നില്ല. അതുകൊണ്ട് എം ടി ക്കു ഭംഗിയായിട്ടു ആ രംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞു. അന്ന് സെന്‍സര്‍ ബോര്‍ഡ് എല്ലാം ഉണ്ട് എന്നാല്‍ പോലും ആ ഒരു രീതിയില്‍ എഴുതാനും ആശയം പ്രകടിപ്പിക്കാനും അന്ന് സാധിച്ചിട്ടുണ്ട്. ഇന്ന് സാധിക്കില്ല. ആ രീതിയില്‍ എഴുത്തുകാരനുള്ള സ്വാതന്ത്ര്യത്തെ എങ്ങനെയോ ഏതൊക്കെയോ അംശങ്ങളിലൂടെ പതുക്കെ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇന്നുള്ളത്. ഇന്ന് എംടി വിചാരിച്ചാലും സാധ്യമല്ല. ഏച്ചിക്കാനത്തിന്റെ ബിരിയാണിയെ ജാതി തിരിച്ചു ചര്‍ച്ച ചെയ്യുന്നതും അതുകൊണ്ടാണ്. എന്റെ തലമുറയാണെങ്കില്‍ ബിരിയാണി എന്ന കഥയുടെ എഴുത്തിന്റെ മഹത്വമാണ് കാണുക. ജീവിതത്തിന്റെ ആ തീക്ഷ്ണമായ ചിത്രമാണ് കാണുക. അതല്ലാത്ത രീതിയില്‍ ജീവിതത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാന്ന അവസ്ഥയാണ് ഇന്നുള്ളത്.

സഫിയ: പുരോഗമന സാഹിത്യ സംഘം പ്രസിഡന്‍റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍…?

യു എ ഖാദര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എനിക്കൊരു മമതാ ബന്ധം ഉണ്ടായിരുന്നല്ലോ. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എന്നെ നിശ്ചയിക്കുന്നത്. അല്ലാതെ ഞാനൊരു സംഘടനാ പ്രവര്‍ത്തകനോ അല്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി മുഴുകിയിട്ടു നേതൃത്വം വഹിക്കാന്‍ രംഗത്ത് വരുന്ന ആളോ അല്ല. വിജയന്‍ മാഷ് പോയപ്പോ സ്വാഭാവികമായും കടമ്മനിട്ട വന്നു. കടമ്മനിട്ടയ്ക്ക് ശേഷം ആരെങ്കിലും ഒരാള്‍ വേണമല്ലോ എന്ന രീതിയില്‍ ആലോചന വന്നപ്പോ എം എ ബേബി എന്നോടു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ഞാനൊരു സമര്‍ത്ഥനായ സംഘടനാ പ്രവര്‍ത്തകനല്ല. ആ രീതിയില്‍ ആളുകളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള കഴിവും എനിക്കില്ല.

ബര്‍മ്മയിലേക്കുള്ള തിരിച്ചുപോക്ക്
അറുപത്തിയഞ്ച് കൊല്ലത്തിന് ശേഷമാണ് വീണ്ടും അങ്ങോട്ട് പോകുന്നത്. എഴുപത്തിയഞ്ചാം വയസ്സില്‍. അതുവരെ വിചാരിച്ചത് റങ്കൂണ്‍ പട്ടണത്തിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത് എന്നൊക്കെയാണ്. അവിടെ ഐരാവതി നദി എന്ന നദിയുണ്ട്. പുരാണത്തിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന ഒരു വലിയ നദിയാണ് ബര്‍മ്മയിലെ ഐരാവതി. ഐരാവതി നദിയുടെ തീരത്താണ് എന്നൊക്കെയാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെയാണ് ഞാന്‍ സങ്കല്‍പ്പിച്ചതും. റങ്കൂണില്‍ ചെന്നപ്പോള്‍ ബില്ലീന്‍ എന്ന സ്ഥലം  ആര്‍ക്കും അറിയില്ല. എന്റെ മകളുടെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ വഴിയാണ് പോയത്. പട്ടാള ഭരണം ആയതുകൊണ്ട് വിദേശ യാത്രികര്‍ക്കൊന്നും അനുവാദം കിട്ടില്ല. ഞാന്‍ പലരോടും പറഞ്ഞു ബില്ലീന്‍ ആണെന്ന്. റങ്കൂണ്‍ പട്ടണത്തിനടുത്തൊന്നും ബില്ലീന്‍ ഇല്ല. പതിനൊന്നു സംസ്ഥാനങ്ങളുണ്ട്.  അതെല്ലാം നോക്കിയിട്ടും കണ്ടെത്താനായില്ല. അപ്പോള്‍ എന്നോടു പഴയ ഓര്‍മ്മയിലെ എന്തെങ്കിലും പറയാന്‍ പറഞ്ഞു. ഞാന്‍ അവരോടു ആഘോഷങ്ങളുടെ കാര്യം പറഞ്ഞു. തില്‍ക്ക എന്നൊരു ആഘോഷം ഉണ്ട്. അത് ഇവിടത്തെ ഹോളി പോലെ ഒന്നാണ്. വെള്ളം അങ്ങോട്ടും ഇങ്ങോട്ടും ചീറ്റുന്ന ആഘോഷമാണ്. അപ്പോ അവര്‍ പറഞ്ഞു അത് ബര്‍മക്കാരുടെ പൊതു ആഘോഷം ആണെന്ന്. അത് എല്ലായിടത്തും ഉണ്ട്. കുറെ ആലോചിച്ചപ്പോ മനസ്സില്‍ തോന്നി അവിടെ ഒരു പഴം ഉണ്ട്. ഇവിടത്തെ ചക്കപോലെ ചുളയുള്ള പഴം. അപ്പോ അവര് പറഞ്ഞു ഡ്വന്തി എന്ന പഴമാണത്. ഡ്വെന്‍ എന്നാണ് പഴത്തിന്റെ പേര്, തി എന്നുപറഞ്ഞാല്‍ പഴം എന്നാണ്. അത് നോക്കിയപ്പോള്‍ മോണ്‍ സ്റ്റേറ്റിലാണ്. മോണ്‍ സ്റ്റേറ്റിന്‍റെ ഭൂപടം നോക്കിയപ്പോള്‍ അവിടെ ബില്ലീന്‍ കണ്ടു. ബില്ലീന്‍ കാണാന്‍ കാരണം അവിടെ ഒരു ഷുഗര്‍ ഫാക്ടറിയുണ്ട്. ഞാന്‍ പറഞ്ഞു അവിടെ ഒരു ശര്‍ക്കര വാറ്റുന്ന ഫാക്ടറിയുണ്ട് അവിടെ ഒക്കെ എന്നെ ഉപ്പ കൊണ്ടു പോകാറുണ്ടെന്ന്. ഈ പഴം എന്റെ മനസ്സില്‍ വരാന്‍ കാരണം എന്റെ ഉപ്പയുടെ ജേഷ്ടന്‍, മൂപ്പര് കല്യാണം കഴിച്ചിട്ടില്ല, ദേഷ്യം പിടിക്കുമ്പോള്‍ ബര്‍മക്കാരികളുടെ തൊള്ള തീട്ടം മണക്കുമെന്ന് പറഞ്ഞു ഉപ്പയെ കളിയാക്കുമായിരുന്നു. അതെന്താ സംഭവം എന്നുവെച്ചാല് ഡ്വന്തി പഴത്തിന് ഒരു തകരാറുണ്ട്, അതിമധുരമുള്ള ചുളയാണ്, പക്ഷേ മൂന്നു ദിവസം കഴിഞ്ഞാല്‍ അതിനു വല്ലാത്തൊരു നാറ്റമാണ്. മൂന്നു ദിവസത്തിനുളില്‍ അത് കഴിച്ചില്ലെങ്കില്‍ അത് തീട്ടം മണക്കും എന്നാ പറയുക. ബര്‍മ്മക്കാരികളുടെ തൊള്ള തീട്ടം മണക്കുമെന്ന് പറഞ്ഞു മൂത്താപ്പ ഉപ്പാനെ കളിയാക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. അത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞു. അപ്പോ അവര് പറഞ്ഞു അത് ശരിയാണെന്ന്. ആ പഴങ്ങള്‍ മിക്കവാറും ഈ ഷുഗര്‍ ഫാക്ടറിയിലേക്കാണ് പോകുന്നത്.

റങ്കൂണ്‍ പട്ടണത്തില്‍ നിന്നു ഒരുപാട് ദൂരെയാണ് ബില്ലീന്‍. മോണ്‍ സ്റ്റേറ്റ് എന്നുപറയുന്നത് വിയറ്റ്നാമിന്റെ അടുത്താണ്. ഞാന്‍ പറഞ്ഞു ഏതായാലും വന്നില്ലെ പോവാന്ന്. വാഹനം ഏര്‍പ്പാട് ചെയ്തു റങ്കൂണില്‍ നിന്നു വെളുപ്പിന് നാലുമണിക്ക് ഞങ്ങള്‍ പുറപ്പെട്ടു.  പോകുമ്പോ ഞാന്‍ പറയുന്നുണ്ട് വീടുകള്‍ പ്രത്യേക രീതിയിലാണ്, കാലുകളിലാണ് വീടുകള്‍, ഇടയ്ക്കിടെ വെള്ളം പൊങ്ങുന്ന സ്ഥലമാണ് എന്നൊക്കെ. വൈകീട്ട് നാല് നാലര മണിയാകുമ്പോള്‍ ഒരു സ്ഥലത്തു എത്തി. കുറെ ദൂരം യാത്ര ചെയ്തതല്ലേ, അവിടെ ഇറങ്ങി ഞാന്‍ മൂത്രമൊഴിക്കുമ്പോള്‍ എന്റെ മോളുടെ കുട്ടി അവിടെയുള്ള ഒരു ബോര്‍ഡ് കാണിച്ചിട്ടു ഇതൊന്നു വായിച്ചു നോക്കൂ എന്നു പറഞ്ഞു. ബര്‍മ്മീസ് ഭാഷയിലും വെല്‍കം ടു ബില്ലീന്‍ എന്നു ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. അതുകണ്ട് ഞാന്‍ ആകെ അന്തം വിട്ടുപോയി. എന്താന്നറിയില്ല വല്ലാത്തൊരു അവസ്ഥയായിപ്പോയി. ബില്ലീന്‍ ബോര്‍ഡറില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. ബില്ലീന്‍ മുനിസിപ്പാലിറ്റിയില്‍ സ്വാഗതം എന്നു പറയുന്ന ബോര്‍ഡ് കണ്ടു. അപ്പോ നോക്കുമ്പോ മലകളൊക്കെ കാണാന്‍ തുടങ്ങി. ചെറിയ ചെറിയ പെഗോഡകള്‍ ഒക്കെ കണ്ടു. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ചെറിയ ഒരു അങ്ങാടിയില്‍ എത്തി.

ഞാന്‍ അതുവരെ പറഞ്ഞതൊക്കെ ശരിയായിരുന്നു പക്ഷേ നദിയുടെ പേര് മാറിപ്പോയി. അത് ഐരാവതിയല്ല, ക്വൈത്തോണ്‍ എന്ന നദിയാണ്. ആ നദി അവിടെ ഉണ്ട്. നദിയുടെ കരയും അവിടെ നിന്നു നോക്കിയാല്‍ പെഗോഡകളും എല്ലാം പണ്ടത്തെ അതുപോലെ തന്നെ. എനിക്കാകെ വല്ലാതെ കരച്ചിലും സന്തോഷവും ഒക്കെ ഉണ്ടാവുന്നു. മക്കളും ഭാര്യയും ഒക്കെയുണ്ട്. എണ്‍പത് വയസ്സുള്ള ഒരാള്‍ക്കെ ഈ കഥ പറഞ്ഞാല്‍ മനസ്സിലാവൂ. ഒരു യുദ്ധം ചവച്ചുതുപ്പിയ നാട്ടിലാണല്ലോ പിന്നെ ചെല്ലുന്നത്. അങ്ങനെ ഒരു പ്രായം ഉള്ള ആളെ കണ്ടു. അയാള്‍ക്ക് ഒന്നും പറഞ്ഞിട്ടു മനസ്സിലാകുന്നില്ല. ഞങ്ങളുടെ കൂടെ ബര്‍മീസ് ഭാഷ അറിയുന്ന ആള്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ക്കും ബര്‍മീസ് ഭാഷ അറിയാമായിരുന്നു. മോളുടെ ഭര്‍ത്താവിന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു. അങ്ങേര്‍ക്കും അറിയാം. അങ്ങേര് ബര്‍മീസ് ഭാഷയില്‍ എന്റെ കഥ പറഞ്ഞു അപ്പോ അയാള്‍ പറഞ്ഞു കുറെ ഇന്ത്യക്കാര് യുദ്ധകാലത്ത് പോയിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്ന ഒരാള്‍ ഒരു കുഞ്ഞിനെ ഇവിടെ ഇട്ടിട്ടുപോയി എന്നൊക്കെ.  പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ ഇങ്ങനെ കൂടാന്‍ തുടങ്ങി. ചെറിയ ഒരങ്ങാടിയാണ്. ചെറിയ അങ്ങാടിയാകുമ്പോ സ്വാഭാവികമായിട്ടും ഇങ്ങനെ വന്നു അന്വേഷിക്കുമ്പോള്‍ ഒരു സംശയം തോന്നുമല്ലോ. അപ്പോ ഈ വയസ്സായ ആള് പറഞ്ഞു നിങ്ങള്‍ കഴിയുന്നതും വേഗം പൊയ്ക്കോളൂ. കാരണം ഇനിയും ആളുകള്‍ കൂടുമ്പോള്‍ പോലീസ് വരും. പിന്നെ പോലീസിനോട് നിങ്ങള്‍ വിശദീകരിക്കാന്‍ നിന്നാല്‍ പോലീസിന് ഭാഷ മനസ്സിലായിക്കൊള്ളണം എന്നില്ല. ഇംഗ്ലീഷ് അറിയണമെന്നില്ല. അപ്പോ ഞങ്ങളെ കൊണ്ടുവന്ന സ്പോണ്‍സര്‍ ഉണ്ടല്ലോ, മകളുടെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ അങ്ങേര്‍ക്കും വിഷമമായി. കാരണം എന്തെങ്കിലും കാരണവശാല്‍ നമ്മളെ സ്റ്റേഷനിലോ മറ്റോ കൊണ്ടുപോയാല്‍ പിന്നെ അവരോടു വിശദീകരിക്കാന്‍ നില്‍ക്കണം അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഒക്കെയുണ്ട്. അപ്പോ ഞാന്‍ പറഞ്ഞു എന്തായാലും ഇവിടം വരെ വന്നതല്ലേ നമുക്ക് ഇതിന്റെ തലസ്ഥാനം ഒന്നുകാണാമെന്ന്. മോര്‍മൈന്‍ എന്നാണ് കാപ്പിറ്റല്‍ സിറ്റിയുടെ പേര്. മോര്‍മൈനില്‍ ഒരുപാട് നല്ല കൊത്തുപണികളുടെ ക്ഷേത്രങ്ങളും അതുപോലതന്നെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോണുമെന്‍റ്സ് സൂക്ഷിച്ച സ്ഥലങ്ങളും ഒക്കെയുണ്ട്. ക്വേത്തോണ്‍ എന്ന നദിയില്‍ 2500 ബ്രിട്ടിഷുകാരെ കൊന്നതിന്റെ സ്മാരകവും ഉണ്ട്. ‘ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വൈന്‍’ എന്ന ഒരു ഇംഗ്ലീഷ് പടം ഉണ്ടായിരുന്നു. ആ പടത്തില്‍ ജാപ്പനീസ് തടവുകാരായിട്ടുള്ള ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു പാലമുണ്ട്. അതിപ്പോഴും അവര്‍ സൂക്ഷിക്കുന്നുണ്ട്. ക്വൈന്‍ എന്ന ആ നദിയാണ് ക്വേത്തോണ്‍. അതിന്റെ കരയിലാണ് ഞാന്‍ ജനിച്ചത്. ബോര്‍ബാന്‍ തുറമുഖവും പഴയ പാലവും ഒക്കെ കണ്ടു. യുദ്ധത്തിന്റെ കാലത്തുള്ള ആ പാലവും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പുതിയ പാലവും അവിടെയുണ്ട്. 

കുടുംബം
മക്കള്‍ അഞ്ചുപേരാണ്. മൂന്ന് ആണ്‍ മക്കള്‍. ഒരാള്‍ ഖത്തറിലാണ്. രണ്ടുപേര്‍ നാട്ടിലുണ്ട്. തൃക്കോട്ടൂര്‍ റെഡിമെയ്ഡ്സ് കാച്ചോടമാണ്. ഒരു മോള്‍ കോഴിക്കോടുണ്ട്. ഒരാള്‍ ദുബായിലാണ്. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേയുള്ളൂ.

പുതിയ എഴുത്ത് 
മാധ്യമത്തില്‍ ഓര്‍മ്മച്ചീളുകള്‍ എന്ന പംക്തി എഴുതുന്നുണ്ട്. ചീളുകള്‍ എന്നത് നമ്മുടെ പ്രയോഗമാണ്. പെരുമ എന്ന വാക്ക് തന്നെ ശരിക്കും മലയാളത്തില്‍ ഇന്‍ട്രോഡ്യൂസ് ചെയ്തത് ഞാനാ.. പിന്നെ എരിപൊരി സഞ്ചാരം അങ്ങനെ കുറയുണ്ട്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ) 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍