UPDATES

പ്രവാസം

രണ്ട് അഗ്നിബാധകളിലൂടെ വെളിപ്പെട്ട യുഎഇയിലെ അസമത്വങ്ങള്‍

Avatar

ബ്രയാന്‍ മര്‍ഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യുഎഇയിലെ അസംഖ്യം വരുന്ന പ്രവാസി തൊഴില്‍സേന ആ രണ്ട് കെട്ടിടങ്ങളെയും വീടെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആ രണ്ട് കെട്ടിടത്തിലും കഴിഞ്ഞയാഴ്ച അഗ്നിബാധയുണ്ടായി. 

രണ്ടും തമ്മിലുള്ള സാമ്യം അവിടെ അവസാനിക്കുന്നു. 

ഒരു തീപിടിത്തം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു: ദുബായിലെ ടോര്‍ച്ച് എന്ന് പേരുള്ള 80 നിലയുള്ള അംബരചുംബിയായ കെട്ടിടം ശനിയാഴ്ച രാവിലെ അഗ്നിക്കിരയായി. ഒരു ആഡംബര അപ്പാര്‍ട്ടുമെന്റില്‍ നിന്നും മറ്റൊന്നിലേക്ക് കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങിയ തീ, ബഹുമില്യണ്‍ ഡോളറുകള്‍ വിലയുള്ള ബോട്ടുകള്‍ നിറഞ്ഞ ദുബായ് കടല്‍ത്തീരത്തേക്കും കപ്പല്‍തുറയിലേക്കും പൊള്ളുന്ന കുപ്പിമുറികളും പുകയുയരുന്ന കെട്ടിടാവശിഷ്ടങ്ങളും വര്‍ഷിച്ചു. 

ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന പ്രവാസി തൊഴിലാളികളുടെയും നിക്ഷേപകരുടെയും മറ്റൊരു ഉന്നത താവളമായി നാലുവര്‍ഷം മുമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം നിരവധി വ്യാജ അഗ്നിബാധ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ആളുകളെ ഒഴിപ്പിച്ചത് മിന്നല്‍ വേഗത്തിലും ചിട്ടയോടെയുള്ളതുമായിരുന്നു. കുറച്ച് പേര്‍ക്ക് പുക മൂലം ശ്വാസപ്രശ്‌നങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. 

യുഎഇ ഉയര്‍ത്തിക്കാട്ടുന്ന പ്രൗഢിയില്‍ നിന്നും അകന്നു മാറിയ ഒരു സ്ഥലത്താണ് മുകളില്‍ വിവരിച്ച തീപിടിത്തത്തിന് 24 മണിക്കൂര്‍ മുമ്പ് മറ്റൊരു തീപിടിത്തം നടന്നത്. വാഹനഗാരേജുകളും പാണ്ടികശാലകളും നിറഞ്ഞ അബുദാബിയിലെ വ്യാപാര തെരുവിലെ ഒരു ടയര്‍ കടയിലായിരുന്നു വെള്ളിയാഴ്ച അതിരാവിലെ ആ അഗ്നിബാധ പൊട്ടിപ്പുറപ്പെട്ടത്. ടയറുകളും രാസവസ്തുക്കളും തീ ആളിപ്പടരുന്നതിന് കാരണമായി. പ്രവാസി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് വേണ്ടി ഒരു കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താല്‍കാലികമായി നിര്‍മ്മിച്ചിരുന്ന ഒരു മുറിയെ അത് അതിവേഗം വിഴുങ്ങി. 

മുസാഫാ വ്യാപാരമേഖലയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മെക്കാനിക് സുരേഷ് കുമാര്‍ നിലവിളകള്‍ കേട്ടു. പിന്നെ നിശബ്ദത. പത്ത് തൊഴിലാളികളുടെ ശവശരീരം പുറത്തേക്ക് കൊണ്ടുപോകുന്നത് അദ്ദേഹം കണ്ടു. 

‘ഇവിടെ അഗ്നിബാധ തടുക്കാനുള്ള സുരക്ഷ സംവിധാനങ്ങളില്ല,’ അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ‘ആളുകള്‍ ഉറപ്പില്ലാത്ത മുറികളില്‍ ചുരുണ്ടുകൂടുന്നു.’

പശ്ചാത്തലം മാത്രമല്ല ഈ രണ്ട് സംഭവങ്ങളെയും വ്യത്യാസപ്പെടുത്തുന്നത്. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളുടെ സമാന്തര ലോകങ്ങളിലേക്ക് തുറക്കുന്ന മറ്റൊരു ജാലകം കൂടിയാണത്. 

പടിഞ്ഞാറോ അല്ലെങ്കില്‍ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള തങ്ങളുടെ വീടുകളില്‍ ഉള്ളതിനേക്കാള്‍ ഇവിടുത്ത ജീവിതം മെച്ചമാണ്- എണ്ണമില്ലാത്ത മാളുകള്‍, നികുതിയില്ലാത്ത ശമ്പളം, ഗാര്‍ഹിക സഹായികളുടെ ആധിക്യം- എന്ന വിശ്വാസത്തിന്റെയും വിശേഷാധികാരത്തിന്റെയും പുറംപൂച്ചില്‍ തിളങ്ങുന്നതാണ് ഒന്ന്. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷവും തെക്കന്‍ ഏഷ്യക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന ബാരക്കിന് സമാനമായ കെട്ടിടങ്ങളോ മസാഫാ പോലുള്ള സ്ഥലങ്ങളോ ആണ് മറ്റൊന്ന്. 

ഇവിടെ ഗള്‍ഫില്‍ നിന്നുള്ള വിളിക്ക് ആലങ്കാരിക ഭംഗികള്‍ ഒന്നുമില്ല. ട്രെയിനിലെ ബര്‍ത്തുകള്‍ പോലെ അട്ടിയായ കിടക്കകള്‍ നിറഞ്ഞ കനലടുപ്പുപോലെയുള്ള ഇടങ്ങിയ മുറികളാണ് ഇവിടെ. വിനോദസഞ്ചാര ബീച്ചുകളില്‍ നിന്നും മാളുകളില്‍ നിന്നും പോലീസുകാര്‍ ആട്ടിപ്പായിച്ചതാണ് ഇവരെ. അല്ലെങ്കില്‍ വീട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കുന്നതിനായി മരുഭൂമിയുടെ നടുവിലുള്ള ഏതെങ്കിലും പെട്ടിക്കടയില്‍ കൂട്ടംകൂടുകയായിരിക്കും. 

ഇത്തരം വൈരുദ്ധ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാത്രം കാഴ്ചയല്ല എന്നുളളതാണ് യാഥാര്‍ത്ഥ്യം. നവ സാമ്പത്തിക ശക്തികളായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലും ചൈനയിലുമൊക്കെ ഇത്തരം കാഴ്ചകള്‍ കാണാനാവും. പക്ഷെ കൂലി കുറഞ്ഞ വിദേശ തൊഴിലാളികളെ ഇത്രയേറെ ആശ്രയിക്കുന്ന മറ്റൊരു സ്ഥലവും ഉണ്ടാവില്ല. കൂടുതല്‍ വലുതും-ഉയരത്തിലുള്ളതും-ഗംഭീരവുമായ ഓരോ ‘വീക്ഷണങ്ങളും’- യുഎഇയില്‍ ഭരണ-നിര്‍മാതാക്കള്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്- അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളുടെ ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെയാണ് അബുദാബിയിലെ അഗ്നിബാധ ഉണ്ടായിരിക്കുന്നത്. 

മറ്റൊന്നുമില്ലെങ്കിലും, തങ്ങളുടെ ആഗോള പ്രതിഛായയെ കുറിച്ച് ഗള്‍ഫ് നേതാക്കള്‍ ബോധവാന്മാരാണ്. കരിഞ്ഞ ശരീരങ്ങളുടെയും താല്‍കാലിക താമസസ്ഥലങ്ങളുടെയും ദൃശ്യങ്ങള്‍ മനുഷ്യാവകാശ സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് വഴിവെക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ ഇപ്പോള്‍ തന്നെ അബുദാബിയിലെ ഗുജ്ജന്‍ഹെയം, ലോവ്‌റെ മ്യൂസിയങ്ങളിലേക്കും 2022 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. 

യുഎഇയിലെ തൊഴില്‍ സാഹചര്യങ്ങള്‍, പ്രത്യേകിച്ചും സ്വകാര്യ കമ്പനികള്‍ നടത്തുന്ന തൊഴിലാളി ക്യാമ്പുകളുടെ മേല്‍നോട്ടം ഉള്‍പ്പെടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈ മാസം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ജോലി മാറാതിരിക്കാനായി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കലുകളും, പണിമുടക്കുകളോ പ്രതിഷേധങ്ങളോ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ കൂട്ടപ്പിരിച്ചു വിടലുകളും രാജ്യത്ത് നിന്ന് കയറ്റിവിടലകളും പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇപ്പോഴും തുടരുന്നതായി അവര്‍ ഇപ്പോഴും ആരോപിക്കുന്നു. 

യുഎഇയില്‍ നടക്കുന്ന തൊഴിലാളി ചൂഷണത്തെ കുറിച്ചുള്ള ‘അന്താരാഷ്ട്ര ആരോപണങ്ങളെ’ കുറിച്ച് അന്വേഷിക്കണമെന്ന് അന്താരാഷ്ട്ര തൊഴിലാളി യൂണിയന്‍ കോണ്‍ഫഡറേഷന്‍ കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുകയുണ്ടായി. 

വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലും തൊഴില്‍ സുരക്ഷയിലും വന്‍നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന അവകാശവാദവുമായി യുഎഇ അധികാരികള്‍ അന്താരാഷ്ട്ര വിമര്‍ശനങ്ങളെ ശക്തമായി നിഷേധിച്ചു. 

എന്നാല്‍ ആശയറ്റ തൊഴിലാളികളുടെയും അതിലും ആശയറ്റ ചുറ്റുപാടുകളുടെയും പരിതാപകരമായ മിശ്രണത്തിന്റെ ചിത്രമാണ് അബുദാബി അഗ്നിബാധ നല്‍കുന്നത്. 

തീ പിടിക്കുന്ന സമയത്ത് 12 മുറികളിലായി 100 ആളുകളെ കുത്തിനിറച്ചിരിക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളിയായ മുഹമ്മദ് ദൗലത്ത് പറയുന്നു. 

‘ഞാന്‍ റൂമിന്റെ ജനാലവഴി പുറത്തേക്ക് ചാടുകയും മറ്റ് സഹവാസികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ജിവിച്ചിരിക്കുന്നത്,’ എന്ന് അദ്ദേഹം അബുദാബിയിലെ നാഷണല്‍ ദിനപത്രത്തോട് പറഞ്ഞു. 

മരിച്ചവരില്‍, ബംഗ്ലാദേശിലെ ചിറ്റഗോങില്‍ നിന്നുള്ള രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടുന്നു. രണ്ട് പേരും കൈ കൂട്ടിപ്പിടിച്ച രീതിയിലാണ് അവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതെന്ന് ദൗലത്ത് പറയുന്നു. മറ്റുള്ളവര്‍ സിറിയ, പാകിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. 

കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഗ്നിബാധിയില്‍ നിന്നും രക്ഷപ്പെട്ടവരാകട്ടെ നിരാലംബരായി തീര്‍ന്നിരിക്കുന്നു. ഒഴിഞ്ഞ ബങ്കുകളും സുഹൃത്തുകളുടെ പഴയ വസ്ത്രങ്ങളും തേടി അവര്‍ അലയുന്നു. 

ദുബായില്‍, ടോര്‍ച്ച് കെട്ടിടത്തിലെ അഭയാര്‍ത്ഥികളെ തൊട്ടടുത്തുള്ള മറ്റൊരു ആഢംബരസൗദമായ പ്രിന്‍സസ്സ് ടവറിന്റെ 97-ാം നിലയില്‍ സ്ഥാപിച്ചിരിക്കുന്ന രക്ഷാകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സമീപത്തുള്ള റസ്റ്റോറന്റുകള്‍ സൗജന്യ ഭക്ഷണവുമായി കാത്തുനില്‍ക്കുന്നു: പിസ, കോള, ചൂടുള്ള ഫ്രഞ്ച് റോള്‍ എല്ലാം അവര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍