UPDATES

പ്രവാസം

എണ്ണ പ്രതിസന്ധി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്നു യു എ ഇ കരകയറുന്നു

യുഎഇയില്‍ തൊഴില്‍ തേടുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷാ നിര്‍ഭരമായ വര്‍ഷമാണ് വരാനിരിക്കുന്നത്

എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും യുഎഇ കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തല്‍ഫലമായി സാമ്പത്തിവര്‍ഷത്തിന്റെ നാലാം പാദത്തില്‍ തൊഴിലവസരങ്ങളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2017ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധനയാണ് തൊഴിലവസരങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ വ്യവസായങ്ങളില്‍ തൊഴിലാളികളെ കൂടുതലായി ജോലിക്കെടുക്കുന്ന പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും വിവരസാങ്കേതികവിദ്യ, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് രംഗങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ തൊഴിലാളികളെ നിയമിച്ചിരിക്കുന്നത്. ഐടി ഡവലപ്പര്‍മാര്‍, റിസര്‍ച്ച് ആന്റ് ഡേറ്റാ അനലിസ്റ്റുകള്‍, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിദഗ്ധര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

ഐടി മേഖലയെ കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതും സാങ്കേതിക കമ്പനികള്‍ കൂടുതലായി ദുബായിലേക്ക് കടന്നുവരുന്നതുമാണ് ഈ രംഗത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇഇസഡ്‌ ഹൈറ്റ്‌സ് സിഇഒ ആദം സലേഹ് പറഞ്ഞു. 2017ല്‍ ഈ രംഗത്ത് ഇനിയും തെഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

2016ല്‍ എഞ്ചിനീയറിംഗ്, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഐടി, കെമിക്കല്‍സ് മേഖലകളില്‍ വളര്‍ച്ച താഴേക്കാണ് രേഖപ്പെടുത്തിയത്. സ്വാഭാവികമായും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടാണ് പല കമ്പനികളും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചതെന്ന് യുഎഇ തൊഴില്‍ അവലോകന സ്ഥാപനമായ മോര്‍ഗന്‍ മക്ലിന്‍ലേ ചൂണ്ടിക്കാണിക്കുന്നു. 2016ന്റെ ആദ്യപാദത്തില്‍ മാത്രം ഈ മേഖലയിലാകെ ഒമ്പത് ശതമാനം തൊഴില്‍ നഷ്ടങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ഈ മേഖലകളിലെല്ലാം നവംബറില്‍ പുത്തനുണര്‍വ് കാണപ്പെട്ടു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനായി നിരവധി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്തിത്തുടങ്ങി. ഈ മേഖലകളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും പുതുവര്‍ഷം പ്രതീക്ഷാനിര്‍ഭരമായിരിക്കുമെന്നാണ് സൂചനകള്‍.

എക്‌പോ 2020 ആയി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹോസ്പിറ്റാലിറ്റി, വ്യോമഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളില്‍ കൂടുതല്‍ തസ്തികകള്‍ ഒഴിവ് വരും. വ്യാപാര, എഞ്ചിനീയറിംഗ് മേഖലകളിലും കൂടതുല്‍ അവസരങ്ങള്‍ ഉണ്ടാവും. പൊതുവില്‍ യുഎഇയില്‍ തൊഴില്‍ തേടുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷാ നിര്‍ഭരമായ വര്‍ഷമാണ് വരാനിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍