UPDATES

യുഎഇ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തകര്‍ച്ച തുടരുന്നു; പിരിച്ചുവിടലിന് സാധ്യത

ഇന്ത്യന്‍ പ്രവാസികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ച മുരടിപ്പ് തുടരുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നത്. വ്യാപാരത്തിലെ ഇടിവുമായി പൊരുത്തപ്പെടാനാവാതെ പല ചെറുകിട കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം കാല്‍ഭാഗത്തില്‍, റിയല്‍ എസ്റ്റേറ്റ് വ്യാപാരം വീണ്ടും ഇടിഞ്ഞതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വീടുവാടകയിലും വീടുകളുടെ വില്‍പനയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് ഉപദേശകരായ ആസ്റ്റെക്കോ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്ത് ദുബായിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി പൂട്ടിയത് കാരണം എണ്‍പത് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ മൊത്തത്തില്‍ രാജ്യത്തിലെ തൊഴില്‍രംഗത്തെ അവസ്ഥ ആശങ്കരഹിതമാണെന്ന നിലപാടിലാണ് റിക്രൂട്ടിംഗ് രംഗത്തെ വിദഗ്ധര്‍. ചില മേഖലകളില്‍ പിരിച്ചുവിടലുകള്‍ തുടരുമ്പോഴും മറ്റ് ചില മേഖലകളില്‍ പുതിയ റിക്രൂട്ടുമെന്റുകള്‍ നടക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തന്നെ വന്‍കിട കമ്പനികള്‍ ഇപ്പോഴും പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതായും അതിനനുസരിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഹേ ഗ്രൂപ്പിന്റെ റീജണല്‍ മാനേജര്‍ ഹരീഷ് ഭാട്ടിയ പറയുന്നു. കമ്പനികളൊന്നും ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ വന്‍കിട കമ്പനികള്‍ നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ പുതിയ ജീവനക്കാരെ നിയമിച്ചതായും ഭാട്ടിയ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ മാസം എസ് ആന്റ് കെ (സ്മിത്ത് ആന്റ് കെന്‍) ഏജന്റ്‌സ് എന്ന കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് 80 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2015ന്റെ ആദ്യ പകുതിയില്‍ വരുമാനം ഗണ്യമായി കുറഞ്ഞതായും പ്രവര്‍ത്തനം തുടരാനാവാത്ത സ്ഥിതിയാണുള്ളതെന്നും കമ്പനിയുടെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതായാലും ചെറുകിട കമ്പനികളെ ആശ്രയിക്കുന്ന പ്രവാസികള്‍ ജാഗരൂകരായിരിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. മറ്റ് നിയമതടസങ്ങള്‍ ഇല്ലാത്തപക്ഷം പുതിയ മേഖലകളിലേക്ക് ചേക്കേറാന്‍ അവര്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശമാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍