അഴിമുഖം പ്രതിനിധി
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പരമ്പരാഗത വസ്ത്രം ധരിക്കേണ്ടെന്നു യു. എ. ഇ ഭരണകൂടം പൌരന്മാരോട്. ഞായറാഴ്ച ഓഹയോയില്‍ ഉണ്ടായ ഒരു എമിറേറ്റ് പൌരന്റെ അറസ്റ്റിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ നടപടി. “അറബ് രാജ്യങ്ങളില്‍ നിന്നും പോകുന്ന യാത്രക്കാര്‍ സുരക്ഷയെ കരുതി പൊതു സ്ഥലങ്ങളില്‍ ദേശീയ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം, ഹിജാബിനു നിരോധനം ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ അത് പാലിക്കണം” എന്നാണ് ദുബായിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓഹയോയിലെ ഏവണില്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഹമ്മദ് അല്‍ മെന്‍ഹലി യു. എസില്‍ ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് പോയതായിരുന്നു. ക്ലീവ് ലന്‍ഡില്‍ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഫോണില്‍ അറബിയില്‍ സംസാരിക്കുന്ന അഹമ്മദിനെ പറ്റി ഹോട്ടലിലെ ജീവനക്കാരില്‍ ഒരാള്‍ പോലീസില്‍ പരാതിപ്പെട്ടു. ജീവനക്കാരന്റെ ഭാഷ്യം അഹമ്മദ് ഐസിസിനോടുള്ള തന്റെ കൂറ് വെളിപ്പെടുത്തുകയായിരുന്നു എന്നാണ്. ആ സമയത്ത് അഹമ്മദ് പരമ്പരാഗതമായിട്ടുള്ള വെള്ള തലക്കെട്ടും മുഴുനീളത്തിലുള്ള വെള്ള വസ്ത്രവും ധരിച്ചിരിക്കുകയായിരുന്നു.
ക്ലീവ് ലന്‍ഡ് ടി.വി. പുറത്തു വിട്ട ഒരു പോലീസ് വീഡിയോയില്‍ ഒരു ഓഫീസര്‍ തന്റെ തോക്കു ചൂണ്ടി അഹമ്മദിനു നേരെ ഓടുകയും മറ്റ് ഓഫീസര്‍മാര്‍ അഹമ്മദിനെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അഹമ്മദ് ക്ഷീണിതനായി കുഴഞ്ഞു വീഴുകയും ജീവനക്കാര്‍ അയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പോലീസും ജില്ലാ അധികാരികളും ഈ സംഭവത്തെ അപലപിക്കുകയും അഹമ്മദിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലിഫോര്‍ണിയയില്‍ അടുത്ത കുറച്ചു കാലങ്ങളായി നടന്ന മുസ്ലിം തീവ്രവാദ ആക്രമണങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഈ സംഭവം തീരെ അപ്രതീക്ഷിതം അല്ലെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ധാക്കയില്‍ കോഫീ ഷോപ്പിലും ബേക്കറിയിലും നടന്ന ആക്രമണത്തിന്റെ പിറ്റേന്നാണ് ഒഹായോയിലെ ഈ സംഭവം പുറത്തു വന്നത്. ധാക്കയില്‍ കോഫീ ഷോപ്പിലേക്ക് ജീന്‍സ് ധരിച്ച് എത്തിയ തീവ്രവാദികള്‍ വിദേശികളെ മാത്രം തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു. വിദേശികള്‍ അല്പവസ്ത്രം ധരിച്ചും മദ്യം ഉപയോഗിച്ചും ഇസ്ലാമിനെ താഴ്ത്തിക്കെട്ടുന്നു എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു വെടിവെപ്പ്. ഈ ആക്രമണത്തില്‍ മുപ്പതോളം ആളുകള്‍ കൊല്ലപ്പെട്ടു.
യു. എസിലെ ഇസ്ലാം സംഘടനകള്‍ ഒഹയോ സംഭവത്തെ പറ്റി ആശങ്ക ഉയര്‍ത്തുകയും ഇത് വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയയുടെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഫ്ലോറിഡയിലും കാലിഫോര്‍ണിയയിലും നടന്ന ആക്രമണങ്ങളില്‍ മുസ്ലിം തീവ്രവാദികള്‍ ജീന്‍സ് ധരിച്ചാണ് എത്തിയിരുന്നത്. അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരും തദ്ദേശീയരുടെ ഇടയില്‍ പരിചയം ഉള്ളവരും ആയിരുന്നു എന്നും ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.