UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ടാക്സികളില്‍ നിങ്ങള്‍ സുരക്ഷിതരല്ല ഡെല്‍ഹി ബലാത്സംഗം; ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനി ഉബര്‍ വെട്ടില്‍ ഉബര്‍ ടാക്സിയിലെ ബാലാത്സംഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Avatar

ടീം അഴിമുഖം

ഇന്ത്യയിലുള്ള മിക്ക ടാക്സി ബുക്കിംഗ് സേവന ദാതാക്കളും അവരുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എസ്ഒഎസ് അയ്ക്കാവുന്ന തരത്തിലുള്ള ഒരു അപകട ബട്ടണ്‍ നല്‍കാറില്ല. അങ്ങനെ ഉണ്ടെങ്കില്‍, കഴിഞ്ഞ ആഴ്ച ഉബര്‍ കാറില്‍ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

മൊബൈല്‍ ആപ്പുകളെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നത് ചെലവ് കുറഞ്ഞതും ലളിതവുമായ മാര്‍ഗ്ഗമാണെങ്കിലും ഉബറോ അവരുടെ ആഭ്യന്തര എതിരാളികളായ ഓല പോലുള്ള കമ്പനികളോ യാത്രക്കാരുടെ സുരക്ഷയെ ഉദ്ദേശിച്ചുള്ള ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് മൊബൈല്‍ സുരക്ഷ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എസ്ഒഎസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്, പൊതുഗതാഗതത്തെ പിന്തുടരാന്‍ കഴിയുന്ന ഉപഗ്രഹാടിസ്ഥാന സാങ്കേതിക സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കായി ആയിരം കോടി രൂപയില്‍ കൂടുതല്‍ വകയിരുത്തുകയും ചെയ്തിരുന്നു.

തലസ്ഥാനത്തുള്ള എല്ലാ സവാരി വാഹനങ്ങളും നിര്‍ബന്ധിതമായി അപകട ബട്ടണ്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിലേക്ക് മാറണം എന്നാണ് ചട്ടം. എന്നാല്‍ ഈ സംവിധാനം മിക്ക വാഹനങ്ങളിലും ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല.

അത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. പ്രത്യേകിച്ചും ഇപ്പോള്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സംവിധാനം ഉള്ളപ്പോള്‍.

10 മീറ്റര്‍ ചുറ്റളവില്‍ വരെ ഉപയോക്താവുള്ള കൃത്യമായ സ്ഥലം നിര്‍ണയിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തെ കൃത്യമായി ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ്, ഐഓഎസ് അപ്ലിക്കേഷനുകളാണ് ഉബറും ഒലയുമൊക്കെ ഉപയോഗിക്കുന്നത്.

ഉപയോക്താവിന് താന്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ കുടംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറാം എന്ന് മാത്രമല്ല, വാഹനം എവിടെയാണെന്ന് യഥാര്‍ത്ഥ സമയത്തില്‍ തന്നെ കണ്ടെത്താനും കഴിയും.

അതിന്റെ ഉപയോക്താക്കളെ മുഴുവന്‍ പിന്തുടരാനുള്ള സംവിധാനങ്ങള്‍ ഉബറിനുണ്ട്. ഉബറിന്റെ ജീവനക്കാര്‍ക്ക് മാത്രം ലഭ്യമാകുന്ന ആപ്പായ ‘ഗോഡ് വ്യൂ’ ഉപയോഗിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്റെ വിവരം ഒരു ഉബര്‍ ഉദ്യോഗസ്ഥന്‍ ശേഖരിച്ചത് അടുത്ത കാലത്ത് വിവാദമായിരുന്നു.

എന്നാല്‍, ഏറ്റവും കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും, വഴി തെറ്റലുകളും മുന്നറിയിപ്പുകളും കൃത്യമായി നിര്‍ണയിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ കമ്പനികള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കും. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച നടന്ന ബലാല്‍സംഗത്തിനെ സംബന്ധിച്ചിടത്തോളം യുവതി വണ്ടിയില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയും വിജനമായ ഒരു സ്ഥലത്തേക്ക് അവരെ നയിക്കുകയും ചെയ്യുകയായിരുന്നു. ഈ സഞ്ചാര വ്യതിയാനം കണ്ടെത്താന്‍ സേവന ദാതാവിന് കഴിഞ്ഞതുമില്ല.

എന്നാല്‍ മെറു പോലുയുള്ള ഇന്ത്യയിലെ പ്രചാരമുള്ള ടാക്‌സി സേവന ദാതാക്കള്‍ക്ക് അപകട മുന്നറിയിപ്പ് സംവിധാനം നിലവിലുണ്ട്. ഇങ്ങനെ അപകട മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ഐഇസി സംവിധാനം അവരുടെ ആപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടീം അഴിമുഖം

ഡല്‍ഹിയില്‍ എക്‌സിക്യൂട്ടീവായ യുവതിയെ ഉബര്‍ കാറില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കാറിന്റെ ഡ്രൈവര്‍ ശിവ കുമാര്‍ യാദവ് മുമ്പും സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ച ആളാണെന്ന് പോലീസ് വ്യക്തമാക്കി.

മറ്റൊരു ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 2011 മുതല്‍ രണ്ട് വര്‍ഷത്തോളം ജയില്‍ കഴിഞ്ഞ ആളാണെന്ന് സൗത്ത് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത കാലത്താണ് യാദവ് ജയില്‍ മോചിതനായത്.

അന്ന് മറ്റൊരു ടാക്‌സിയില്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍, ഗുര്‍ഗാവില്‍ നിന്നും സവാരി ചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ ചട്ടാര്‍പൂരിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ട് പോയ ശേഷം കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതോടെ, നിര്‍ബന്ധിത പോലീസ് തിരിച്ചറിയല്‍ പരിശോധന ഇല്ലാതെ തന്നെ ഡ്രൈവറെ ജോലിക്ക് നിയോഗിച്ച ഓണ്‍ലൈന്‍ ടാക്‌സി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയായ ഉബര്‍ വെട്ടിലായിരിക്കുകയാണ്. ശരിയായ തിരിച്ചറിയല്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ നടന്ന കുറ്റകൃത്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

യാദവിനെ തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് നോര്‍ത്ത് ഡല്‍ഹി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മധുര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഉബര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ‘ഉബര്‍ നടത്തിയ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും,’ വര്‍മ പറഞ്ഞു. കമ്പനിക്കെതിരെ ക്രിമിനല്‍ കേസാണോ സിവില്‍ കേസാണോ രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ സാരായ് റോഹിലയില്‍ വച്ച് ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥയായ 25 കാരി യുവതിയെ പീഢിപ്പിച്ചു എന്നതാണ് യാദവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2012 ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 കാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നതിന്റെ രണ്ടാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കെയാണ്, ഉബറിനെതിരെ നിയമനടപടികള്‍ക്ക് സാധ്യതയുള്ള ഇപ്പോഴത്തെ ബലാല്‍സംഗ കേസ് വരുന്നത്.

എന്നാല്‍ സര്‍വറുകള്‍ യുഎസില്‍ ആയതിനാല്‍ ആരോപണ വിധേയന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇത് പോലീസിന് ബുദ്ധിമുട്ടുണ്ടാക്കി. ന്യൂഡല്‍ഹിയില്‍ നിന്നും 160 കിലോമീറ്റര്‍ (100 മൈല്‍) തെക്കുള്ള മധുരയില്‍ അന്വേഷണം നടത്തിയതോടെയാണ് തുമ്പ് ലഭിച്ചത്. യുപിയിലെ മധുരയില്‍ നടന്ന കുറ്റകൃത്യത്തിന് തുമ്പുണ്ടാക്കുന്നതിനായി 12 പോലീസ് സംഘങ്ങളാണ് രംഗത്തിറങ്ങിയത്.

ടീം അഴിമുഖം

ഉബര്‍ എന്ന അതിവേഗം വളരുന്ന വാടക കാര്‍ കമ്പനി കഴിഞ്ഞ വ്യാഴാഴ്ച 1.2 ബില്യണ്‍ ഡോളര്‍ (7200 കോടി രൂപ) സമാഹരിച്ചു കൊണ്ട് കമ്പനിയുടെ മൊത്തം ആസ്തി 40 ബില്യണ്‍ ഡോളറായി (2,40,000 കോടി രൂപ) ഉയര്‍ത്തിയത് വ്യവസായ, സാങ്കേതിക ലോകത്തെ ഞെട്ടിച്ചിരുന്നു.

ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയും ബാംഗ്ലൂരും ഉള്‍പ്പെടെ അമ്പത് രാജ്യങ്ങളിലെ 250 നഗരങ്ങളില്‍ കാര്‍ വാടക/ടാക്‌സി സേവനം വാഗ്ദാനം ചെയ്യുന്ന വളരെ പ്രചാരമുള്ള മൊബൈല്‍ ആപാണ് ഉബര്‍. നിങ്ങള്‍ ആപ്പില്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ സ്ഥലം അത് മനസിലാക്കുകയും, നിങ്ങള്‍ക്ക് ടാക്‌സിക്കുള്ള ഓര്‍ഡര്‍ നല്‍കുകയും ചെയ്യാം. ഒരു ആഡംബര കാറോ, ഇടത്തരം കാറോ, ചെറിയ കാറോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ നിങ്ങളുടെ സ്ഥലത്തെത്തും. യുഎസിലേയും യൂറോപ്പിലെയും മിക്ക നഗരങ്ങളിലും വളരെ പ്രചാരം നേടിയിട്ടുള്ള ഇത് വളരെ കാര്യക്ഷമവുമാണ്.

വെള്ളിയാഴ്ച രാത്രി ഒരു യുവതി ന്യൂഡല്‍ഹിയിലെ വസന്ത് നഗറിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവര്‍ ഒരു ടാക്‌സിക്കായി ഉബറുമായി ബന്ധപ്പെട്ടു. 9.30ന് ഒരു മാരുതി കാര്‍ എത്തി.

വീട്ടിലേക്ക് പോകുന്ന വഴിയില്‍ യുവതി ഉറങ്ങിപ്പോയി. ഡ്രൈവര്‍ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കിയ ശേഷം അവരെ ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുക്കാന്‍ യുവതിക്ക് സാധിച്ചത് കൊണ്ട് മാത്രം പോലീസിന് കാര്‍ കണ്ടെത്താനും ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാനും സാധിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, വിശ്വാസ്യതയും സുരക്ഷയും ഉറപ്പ് നല്‍കുന്ന ഉബര്‍ കമ്പനിയുടെ പക്കല്‍ ഡ്രൈവറുടെ യഥാര്‍ത്ഥ പേരുപോലും ഉണ്ടായിരുന്നില്ല.

ഡ്രൈവര്‍ ഒരു വ്യാജ നാമമാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. പോലീസ് പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം മിക്ക ഉബര്‍ ഡ്രൈവര്‍മാരും വ്യാജ പേരുകളോ ഇരട്ടപ്പേരുകളോ ആണ് ഉപയോഗിക്കുന്നത്.

ഉബറിനെ പോലുള്ള പുതുതലമുറ കമ്പനികള്‍ ബില്യണ്‍ കണക്കിന് ഡോളറുകള്‍ കമ്പോളത്തില്‍ നിന്നും സംഭരിച്ച് തങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുമ്പോഴും അവരുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ചില ഗൗരവതരമായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് നിങ്ങള്‍ നീക്കിവയ്ക്കുന്നത്? സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താവിന്റെ സംതൃപ്തിക്കും വേണ്ടി എത്ര ശതമാനമാണ് നിങ്ങള്‍ ബാക്കി വയ്ക്കുന്നത്?

സുരക്ഷയും ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ പരിശോധനയം കമ്പനി ഉറപ്പ് തരുമ്പോള്‍, അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉപഭോക്താവിന് എങ്ങനെ ഉറപ്പിക്കാനാവും? ഒരു ലോട്ടറി കമ്പനി നിങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പോലീസിനും സര്‍ക്കാരിനും ഇടപെടാം. ഒരു മരുന്ന് കമ്പനി വ്യാജ മരുന്നുകള്‍ വിതരണം ചെയ്യുകയാണെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് ഇടപെടാം. ഒരു ടെലികോം കമ്പനി മര്യാദയ്ക്ക് സേവനം ലഭ്യമാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ട്രായ്ക്ക് പരാതി നല്‍കാം. ഇതാണ് മിക്ക മേഖലകളുടെയും കാര്യം. മിക്ക നിയന്ത്രണ ഏജന്‍സികളും കാര്യക്ഷമത ഇല്ലാത്തവരാണെന്ന കാര്യം വേറെ.

എന്നാല്‍ വാട്ട്‌സാപ് (19 ബില്യണ്‍ ഡോളറിന് അതായത് 114,000 കോടി രൂപയ്ക്ക് ഫേസ്ബുക്ക് വാങ്ങിയത്), ഉബര്‍ തുടങ്ങിയ നവലോക ചങ്ങാതിമാരുടെ കാര്യത്തില്‍ എന്ത് ചെയ്യും? ഇവര്‍ക്ക് ആഗോള രൂപമാണെന്ന് മാത്രമല്ല, സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് അസ്ഥിത്വമില്ലാത്ത, ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും സാങ്കേതികവിദ്യക്കും ഇടയിലാണ് ഇവര്‍ വികസിക്കുന്നത്.

യഥാര്‍ത്ഥ ലോകത്തില്‍ പണം സമ്പാദിക്കുന്നത് കഠിനവും സാഹസികവുമാണ്. ഉബറിന്റെ ലാഭത്തിന്റെ അളവ് എത്രയാണെന്ന് നമുക്ക് അറിയുകയുമില്ല. ഉബറിന്റെ സാങ്കേതിക അടിത്തറ കൗതുകകരമാം വിധം ലളിതമാണ്. ആപ് ആരംഭിക്കുന്നതിനായി അവര്‍ രണ്ട് മില്യണ്‍ (12 കോടി രൂപ) മാത്രമാണ് ചിലവാക്കിയതെന്ന് അനൗദ്ധ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ ശേഖരിക്കുന്ന പണമെല്ലാം പുതിയ ഡ്രൈവര്‍മാരെയും കൂടുതല്‍ കാറുകളും ശേഖരിക്കാനും ബ്രാന്‍ഡ് പ്രചരിപ്പിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സ്ത്രീ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചതായി അവരുടെ ഏതെങ്കിലും സാഹിത്യത്തില്‍ വായിക്കാന്‍ സാധിക്കില്ല. ഡല്‍ഹിയില്‍ വെള്ളിയാഴ്ച ആ യുവതിക്കുണ്ടായ ദുരനുഭവം സാങ്കേതിക കമ്പനികളുടെ യുക്തിഹീനമായ മൂല്യനിര്‍ണയങ്ങളെയും കൊട്ടിഘോഷിക്കപ്പെടുന്ന അവകാശവാദങ്ങളെയും ഉപഭോക്താക്കളോട് അവര്‍ കാണിക്കുന്ന മര്യാദകേടിനെയും സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പഴകി, മുഷിഞ്ഞ മറ്റ് ടാക്‌സികളും ഉബറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? നവീനതകളെ കുറിച്ച് കൊട്ടിഘോഷിക്കുന്നത് നല്ലതാണ്. പക്ഷെ അത് ഇത്രയും വലിയ ചിലവിലാവരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍