UPDATES

ഓഫ് ബീറ്റ്

‘ഞാന്‍ അടിസ്ഥാനപരമായി മാറേണ്ടതുണ്ട്’; പക്ഷേ, സിഇഒ മാപ്പപേക്ഷിച്ചതു കൊണ്ട് ഉബര്‍ മാറുമോ?

കുറച്ചാഴ്ച്ചകള്‍ക്കുളില്‍ കമ്പനി വീണ്ടും കുഴപ്പത്തില്‍പ്പെട്ടു. ഉബെറിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും തൊഴില്‍ സ്ഥലത്തെ വിവേചനത്തെക്കുറിച്ചും മുന്‍ ഉബെര്‍ എഞ്ചിനീയര്‍ സൂസന്‍ ഫൌലര്‍ ബ്ലോഗ് എഴുതി.

ട്രാവീസ് ആന്‍ഡ്ര്യൂസ്

ഉബെര്‍ സിഇഒ ട്രാവീസ് കലാനിക് തന്റെ 11,000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് മറ്റൊരു മാപ്പപേക്ഷ കൂടി അയച്ചു. തന്റെ ഡ്രൈവര്‍മാരില്‍ ഒരാളുമായി കലാനിക് ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആറ് മിനിറ്റ് നീളുന്ന ഒരു ദൃശ്യം പുറത്തുവന്നതിനു പിന്നാലെയായിരുന്നു അത്.

കലാനിക്കും ഡ്രൈവര്‍ ഫാവ്‌സി കമേലും ഹസ്തദാനം നടത്തി നല്ല രീതിയിലാണ് സംഭാഷണം തുടങ്ങിയത്. ഉബെറിന്റെ വിവിധ നിരക്കുകള്‍ ‘പൊതുവായി’ താഴ്ത്തിയതിനെക്കുറിച്ച് കമേല്‍ ചോദിച്ചു (2012-ല്‍ ഉബെര്‍ ബ്ലാക് റൈഡ് ഒരു മൈലിന് 4.90 ഡോളര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 3.75 ആണ്).

Lyft പോലുള്ള കമ്പനികളുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് അതെന്ന് കലാനിക് മറുപടി നല്‍കി.

‘നമ്മള്‍ താഴോട്ട് പോയത് നമ്മള്‍ ആഗ്രഹിച്ചത് കൊണ്ടല്ല,’ ഉബെര്‍ പൂള്‍ മുതലായ സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തതിനെ പരാമര്‍ശിച്ച് കലാനിക് പറഞ്ഞു. ‘നമ്മളതിനു നിര്‍ബന്ധിതരായതാണ്.’
‘നമുക്ക് മുകളിലേക്കു പോയി കൂടുതല്‍ ചെലവേറിയതും ആകാമായിരുന്നു,’ കമേല്‍ പ്രതികരിക്കുന്നു.

എന്നിട്ട് കലാനിക്കിന്റെ നേരെ വിരല്‍ ചൂണ്ടി ആരും തന്നെയിപ്പോള്‍ വിശ്വസിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു.

‘എനിക്ക് നിങ്ങള്‍ കാരണം 97,000 ഡോളര്‍ നഷ്ടപ്പെട്ടു. ഞാന്‍ പാപ്പരായത് നിങ്ങള്‍ കാരണമാണ്. നിങ്ങള്‍ ഈ വ്യാപാരം മുഴുവന്‍ മാറ്റി.’

‘Bullsh-‘ കലാനിക്, കമാലിന്റെ ബഹളത്തിന് മുകളില്‍ പറഞ്ഞു. ‘നിനക്കറിയാമോ? ചില ആളുകള്‍ക്ക് അവരുടെ തെമ്മാടിത്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിയാണ്. അവര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ജീവിതത്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു.’ അയാള്‍ കാറില്‍ക്കയറി ‘good luck’ എന്നും പറഞ്ഞുപോയി.

‘നിങ്ങള്ക്കും Good luck,’ കമാലും പറഞ്ഞു. കലാനിക് അധികം ദൂരം പോകില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദൃശ്യം വലിയ പ്രതിഷേധം ഉയര്‍ത്തി. ഒരാള്‍ ട്വിറ്ററില്‍ അതിങ്ങനെ പറഞ്ഞു, ഉബെര്‍ സിഇഒയുടെ ദൃശ്യം ഇപ്പോള്‍ കണ്ടു, എനിക്കാകെ പറയാനുള്ളത് #deleteuber എന്നാണ്.’
കലാനിക്കിന്റെ മാപ്പാപേക്ഷയും ഉബെറിന്റെ വെബ്‌സൈറ്റില്‍ വന്നു. അതിങ്ങനെ തുടങ്ങുന്നു ‘ഇപ്പോഴേക്കും ഞാന്‍ ഒരു ഉബെര്‍ ഡ്രൈവറോട് മര്യാദയില്ലാതെ പെരുമാറിയ ദൃശ്യം നിങ്ങള്‍ കണ്ടു കാണും. എനിക്കു ലജ്ജ തോന്നുന്നു എന്ന് പറഞ്ഞാല്‍ അത് തീരെ മതിയാകില്ല.’
പിന്നെ ഭാഷയില്‍ കൂടുതല്‍ സങ്കടം നിറയുന്നു. ആ സംഭവം ‘വിവരിക്കാന്‍ കഴിയുന്നില്ല’. അത് തുടരുന്നു, ‘ഈ ദൃശ്യം എന്റെ ഒരു പ്രതിഫലനമാണ് എന്ന് വ്യക്തമാണ്; ഞങ്ങള്‍ക്ക് കിട്ടിയ വിമര്‍ശനം തെളിയിക്കുന്നത് ഞാന്‍ ഒരു നേതാവെന്ന നിലയില്‍ അടിസ്ഥാനപരമായി മാറേണ്ടതുണ്ടെന്നും മുതിരേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നതാണ്. എനിക്കു നേതൃത്വ സഹായം വേണമെന്നും, ഞാന്‍ അതിനുദ്ദേശിക്കുന്നു എന്നും സമ്മതിക്കുന്ന ആദ്യതവണയാണിത്.’
ഫാവ്‌സിയോടും ഡ്രൈവര്‍/യാത്രക്കാര്‍ സമൂഹത്തോടും കലാനിക് ആഴത്തില്‍ മാപ്പ് പറയുന്നതോടെയാണ് അതവസാനിക്കുന്നത്.

അത്തരത്തിലൊരു മാപ്പ് CEO പറഞ്ഞത് ആ ദൃശ്യം കൊണ്ട് മാത്രമല്ല. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കമ്പനിക്ക് അത്ര നല്ലതായിരുന്നില്ല.

വലിയ അടി വന്നത് ഒരു ഹാഷ്ടാഗ് നടപ്പാവാന്‍ തുടങ്ങിയതോടെയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളിലെ ആളുകള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ട്രംപ് യാത്രാനിരോധനം കൊണ്ടുവന്നപ്പോള്‍ ന്യൂ യോര്‍ക് ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഒരു പണിമുടക്ക് നടത്തി. അത് തുടങ്ങി 30 മിനിറ്റിനുള്ളില്‍ തങ്ങള്‍ യാത്രാക്കൂലി കൂട്ടുകയാണെന്ന് ഉബെര്‍ പ്രഖ്യാപിച്ചു.

ഉടനെ #Deleteuber എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമായി. ഇതോടെ ജനുവരിയില്‍ മാത്രം ഏതാണ്ട് 2,00,000 ആളുകള്‍ ഉബെറിന്റെ മൊബൈല്‍ ആപ് ഉപേക്ഷിച്ചു(അവരുടെ പ്രധാന എതിരാളി Lyft നഗരങ്ങളിലും ലഭ്യമായതുകൊണ്ടു ഇതൊരു പ്രശ്‌നവുമല്ല).

ഡിസംബറില്‍ കലാനിക്, ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ ചേര്‍ന്നു. അയാളുടെ കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനൊടുവില്‍ അയാള്‍ സമിതി വിട്ടു. ‘സംഘത്തില്‍ ചേര്‍ന്നത് പ്രസിഡന്റിനെയോ അയാളുടെ അജണ്ടയെയോ അംഗീകരിക്കലല്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ അങ്ങനെ തെറ്റി വ്യാഖ്യാനിക്കപ്പെട്ടു,’ തന്റെ ജീവനക്കാര്‍ക്ക് അയച്ച ഒരു കത്തില്‍ അയാളെഴുതി.

കുറച്ചാഴ്ച്ചകള്‍ക്കുളില്‍ കമ്പനി വീണ്ടും കുഴപ്പത്തില്‍പ്പെട്ടു. ഉബെറിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും തൊഴില്‍ സ്ഥലത്തെ വിവേചനത്തെക്കുറിച്ചും മുന്‍ ഉബെര്‍ എഞ്ചിനീയര്‍ സൂസന്‍ ഫൌലര്‍ ബ്ലോഗ് എഴുതി.

കലാനിക് ട്വീറ്റില്‍ പ്രതികരിച്ചു, ‘ഇവിടെ വിശദീകരിച്ചത് നാം വിശ്വസിക്കുന്ന എല്ലാത്തിനും എതിരായ ഹീനമായ കാര്യമാണ്. ഇങ്ങനെ പെരുമാറുകയും അത് ശരിയാണെന്ന് കരുതുകയും ചെയ്യുന്ന ആരെയും പുറത്താക്കും’. ഉബെറില്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് സ്ഥാനമില്ലെന്നും‘ അയാള്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ് മുന്‍ അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍, ഹഫിംഗ്ടണ്‍ പോസ്റ്റ് സ്ഥാപകനും ഉബെര്‍ ബോര്‍ഡ് മെംബറുമായ അരിയാന ഹഫിംഗ്ടണ്‍ എന്നിവരെ ചേര്‍ത്ത് ഇതന്വേഷിക്കാന്‍ ഒരു സമിതിയെയും വെച്ചു.

ഇതിനിടയില്‍ മുങ്ങിപ്പോയത് കമ്പനിയുടെ, ഡ്രൈവറില്ലാതെ  ഓടിക്കുന്ന കാറുകളുടെ പദ്ധതിയിലെ പ്രശ്‌നങ്ങളാണ്.

ഡിസംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇത്തരം കാറുകളുടെ ഒരു കൂട്ടത്തെ നിരത്തിലിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പിന്‍വലിക്കാന്‍ ഉബെര്‍ നിര്‍ബന്ധിതരായി. ഉബെറിന് അതിനുള്ള നിയമപരമായ അനുമതിയില്ല എന്ന് പറഞ്ഞു കാലിഫോര്‍ണിയ അധികൃതര്‍ ഈ സേവനം അനധികൃതമാണെന്ന് പറഞ്ഞു.

ആ ആഴ്ച്ച തന്നെ ഉബെറിന്റെ ഇതരത്തിലുള്ള ഒരു വോള്‍വോ ഒരു ചുവപ്പ് ലൈറ്റ് മറികടന്നു. ഇത് ദൃശ്യമായി പതിഞ്ഞു. ഇതൊരു മനുഷ്യപ്പിഴവുകൊണ്ട് ഉണ്ടായതാണെന്ന് കമ്പനി ആദ്യം പറഞ്ഞു. കാരണം ഇക്കൂട്ടത്തിലെ എല്ലാ കാറുകളിലും അത്യാവശ്യഘട്ടത്തില്‍ ഇടപെടാന്‍ ഡ്രൈവര്‍മാര്‍ ഉണ്ട്.

പിന്നീട് ന്യൂയോര്‍ക് ടൈംസിന് ലഭിച്ച ആഭ്യന്തര രേഖകള്‍ കാണിച്ചത് കാറിന്റെ പ്രോഗ്രാമിംഗില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ 6 ഗതാഗത നിയന്ത്രണ സൂചനകള്‍ തിരിച്ചറിയുന്നതില്‍ ഉബെര്‍ കാറുകള്‍ പരാജയപ്പെട്ടതായി ഒരു രേഖ പറയുന്നു.

ഇതിനൊപ്പം സാന്‍ഫ്രാന്‍സിസ്‌കോയിലെ ജില്ലാ കോടതിയില്‍ കമ്പനിക്കെതിരെ ഒരു കേസ് കൂടിയായി. സ്വയം ഓടിക്കുന്ന വാഹങ്ങളുടെ നിര ഉണ്ടാക്കാന്‍ ഉബെര്‍ ഗൂഗിളിന്റെ ലേസര്‍ സാങ്കേതിക വിദ്യ LiDAR മോഷ്ടിച്ചു എന്നാണ് ആരോപണം.

‘ഒരു സാങ്കേതിക വിദ്യ കള്ളത്തരത്തില്‍ എടുത്തുപയോഗിക്കുന്നത്, ഒരു മദ്യ കമ്പനിയുടെ രഹസ്യക്കൂട്ട് മോഷ്ടിക്കുന്നത് പോലെയാണ്,‘ ഗൂഗിള്‍ കമ്പനിയുടെ പിതൃസ്ഥാപനം Alphabet ഉണ്ടാക്കിയ സ്വയം ഓടിക്കുന്ന കാറുകളുടെ സ്ഥാപനം വയ്‌മോയുടെ ബ്ലോഗില്‍ എഴുതി.
ഒരു മുന്‍ ജീവനക്കാരന്‍ 9.7 GB രഹസ്യ രേഖകളും കച്ചവടരഹസ്യങ്ങളും ചോര്‍ത്തിയെന്ന് Waymo പറയുന്നു.

ഇക്കാര്യം ഗൗരവമായി അവലോകനം ചെയ്യുമെന്നു ഒരു ഉബെര്‍ വക്താവ് പറഞ്ഞു.
ഇതെല്ലാമായിട്ടും ഉബെറിന്റെ വരുമാനം തടസമില്ലാതെ കൂടുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍