UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ബലാത്സംഗം: ഇരയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം സൂക്ഷിച്ച ഉന്നത ഉദ്യോഗസ്ഥനെ യൂബര്‍ പുറത്താക്കി

സ്ത്രീപീഡനം, വിവേചനം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ക്ക് കമ്പനിയിലെ 20 ജീവനക്കാരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പുറത്താക്കിയതായി കമ്പനി അധികൃതര്‍

2014ല്‍ യൂബര്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത 26കാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥനെ യൂബര്‍ പുറത്താക്കി. യൂബറിന്റെ ഏഷ്യ-പസഫിക് ബിസിനസ് പ്രസിഡന്റായ എറിക് അലക്‌സാണ്ടറിനെയാണ് പുറത്താക്കിയത്. സ്ത്രീപീഡനം, വിവേചനം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ക്ക് കമ്പനിയിലെ 20 ജീവനക്കാരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പുറത്താക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.

2014 ഡിസംബറിലാണ് യൂബര്‍ ടാക്‌സി ഡ്രൈവറായ ശിവ് കുമാര്‍ യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്. അലക്‌സാണ്ടര്‍ ഈ യുവതിയുടെ മെഡിക്കല്‍ റെക്കോഡുകള്‍ കരസ്ഥമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ റെക്കോഡ് ആണ് ഈ വിവരം പുറത്തുവിട്ടത്. യൂബര്‍ സിഇഒ ട്രവിസ് കലനിക്ക്, സീനീയര്‍ വൈസ് പ്രസിഡന്റ് എമില്‍ മിഖായേല്‍ എന്നിവര്‍ക്ക് ഇദ്ദേഹം ഈ റെക്കോര്‍ഡ് അയച്ചുകൊടുക്കുകയും ചെയ്തു.

ഒരു വര്‍ഷത്തോളം ഈ രേഖകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. എന്നാല്‍ നിയമ വകുപ്പ് ഇത് കണ്ടെടുത്ത് നശിപ്പിച്ചുകളയുകയായിരുന്നു. അതേസമയം യൂബര്‍ ടാക്‌സികളിലും ജോലി സ്ഥലത്തും നടത്തിയ ആഭ്യന്തര അന്വേഷണത്തിലല്ല അലക്‌സാണ്ടറിന് ജോലി നഷ്ടമായത്. ഇരുപത് പേരെയാണ് ഇക്കാരണത്തിന് കമ്പനി പുറത്താക്കിയത്. കമ്പനിയുടെ മാനേജ്‌മെന്റ് വിഷയങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെ തുടര്‍ന്ന് രണ്ട് നിയമ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാണ് അലക്‌സാണ്ടറെ പുറത്താക്കിയതെന്ന് യൂബര്‍ വക്താക്കള്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച വാര്‍ത്താ വെബ്‌സൈറ്റിന് ഇദ്ദേഹം ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. 2014ലെ സംഭവത്തിന് ശേഷം യൂബറിനെ കര്‍ശന നിരീക്ഷണത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ 2015 ജൂണ്‍ വരെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ശിവ് കുമാര്‍ ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

അതേസമയം യുവതിയുടെ മെഡിക്കല്‍ രേഖകള്‍ യൂബര്‍ വഴി പ്രചരിപ്പിച്ചതിന് പിന്നില്‍ തങ്ങളുടെ ഇന്ത്യയിലെ മുഖ്യ ബിസിനസ് എതിരാളികളായ ഓല ആണെന്നും കമ്പനിയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് യൂബര്‍ അധികൃതരുടെ വാദം. ഈ രേഖകള്‍ കണ്ട ട്രവിസ് അവ പരിശോധിച്ചിട്ടില്ലെന്നും അപ്പോള്‍ തന്നെ അലക്‌സാണ്ടറെ പുറത്താക്കുകയായിരുന്നുവെന്നും യൂബര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍