UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ എന്തുകൊണ്ട് ഊബറിനെ പിന്തുണയ്ക്കുന്നു

Avatar

വിമതവിചാരം

കേരളത്തില്‍ ഊബര്‍ ടാക്സി സര്‍വീസിനെതിരെ വ്യത്യസ്തമായി ചിന്തിക്കുന്ന സി പി എം നേതാക്കളുടെ ഫെയ്സ് ബുക് പോസ്റ്റുകള്‍ക്കും അഴിമുഖത്തിലടക്കം (ഊബര്‍ ഭീഷണി: സി.പി.എമ്മിന്റെ ഈ നീക്കം വിജയിക്കേണ്ടതുണ്ട്) പ്രത്യക്ഷപ്പെട്ട വിവിധ ലേഖനങ്ങളോടുമുള്ള പ്രതികരണമാണിത്.

ഊബര്‍ കാബുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അതോടിക്കുന്നവര്‍ക്കും സേവനത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി മല്ലുപിടിക്കാതെയോ അല്ലെങ്കില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ വിസമ്മതിക്കാതെയോ ഉള്ള ഒരു തിരുവനന്തപുരം യാത്ര പോലും എനിക്കു ഓര്‍ത്തെടുക്കാനാകുന്നില്ല. വിമാനത്താവളത്തില്‍ നിന്നും തമ്പാന്നൂര്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ അവര്‍ 250 മുതല്‍ 300 രൂപ വരെ ആവശ്യപ്പെടും. വെറും 6 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തിനാണിത്.

അവരെ നിയന്ത്രിക്കാന്‍ ആരും  മിനക്കെടുന്നില്ലെന്നാണ് അവരുമായി തര്‍ക്കിക്കുമ്പോള്‍ എനിക്കു തോന്നിയത്. നിയമവാഴ്ച നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു രാജ്യത്തെയും സംസ്ഥാനത്തെയും നികുതിദായകനെന്ന നിലയില്‍ ഞാന്‍ ജയിക്കേണ്ട തര്‍ക്കങ്ങളാണ് തോറ്റുപോകുന്നത്.

വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന ഒട്ടോ ഡ്രൈവര്‍മാര്‍ക്ക് അല്പം കൂടുതല്‍ പണം കിട്ടുന്നു എന്നത് നിയന്ത്രിതമായ രീതിയില്‍ ഉറപ്പാക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. നിരക്കിനോടു കൂടെ 20 രൂപ പ്രത്യേക തുക കൂട്ടാം. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്രയോ അധികം തുകയാണ് എനിക്ക് നല്‍കേണ്ടി വന്നിട്ടുള്ളത്. ഒരു ഉപഭോക്താവ് എന്ന നിലയില്‍ അതുകൊണ്ടു ഞാന്‍ ഊബറിനെ പിന്തുണയ്ക്കുന്നു. ഒരു സംഘടനയിലും അംഗമല്ലാത്ത, അതുകൊണ്ടുതന്നെ ഒരു വോട്ട് ബാങ്കിന്റെയും ഭാഗമല്ലാത്ത എന്നെപ്പോലുള്ള ഉപഭോക്താക്കളെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഒരുകാലത്തും ചിന്തിച്ചിട്ടില്ല.

ഊബര്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഒരു അമേരിക്കന്‍ കമ്പനിയാണ്. പല മലയാളികളും തങ്ങളുടെ രോഷം പകടിപ്പിക്കുന്ന വേദിയായ ഫെയ്സ്ബുക്കിന്റെ കേന്ദ്രം കൂടിയാണവിടം. (ഫെയ്സ്ബുക്കുള്ളത് നന്നായി, ഇല്ലെങ്കില്‍ മലയാളി  സാമൂഹ്യപ്രവര്‍ത്തകരുടെ ശരിക്കുള്ള ഏറ്റുമുട്ടല്‍ നാം തെരുവില്‍ക്കണ്ടേനെ. പോത്തിറച്ചി വരട്ടിയതിനേക്കാള്‍ തങ്ങളുടെ പ്രതിഷേധത്തെ ഇഷ്ടപ്പെടുന്നവരെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്)

ഫെയ്സ് ബുക്കിനെപ്പോലെ പണം പിന്നീടുണ്ടാക്കാന്‍ തുടങ്ങിയ ഒരാശയമാണ് ഊബറും. എന്തുകൊണ്ടാണ് നാം കേരളത്തില്‍ കാശുണ്ടാക്കാവുന്ന ഒരാശയം ചിന്തിക്കാത്തത്. അതോ കാശുണ്ടാക്കാന്‍ തുടങ്ങിയാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ആഞ്ഞടിക്കാനുള്ള നമ്മുടെ ധാര്‍മിക ഔന്നത്യം നഷ്ടപ്പെടുമെന്ന ഭീതിയോ?

ലോകത്ത് 58 രാജ്യങ്ങളിലായി 300 നഗരങ്ങളില്‍ ഊബര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊബറിനെ ഇപ്പോള്‍ എതിര്‍ക്കുന്നതിന് പകരം എന്തുകൊണ്ടാണ് ഊബര്‍ പോലൊരു ആശയം കേരളത്തില്‍ ഉണ്ടാകാന്‍ അനുവദിക്കാതിരുന്നത് എന്നാണ് ഈ രാഷ്ട്രീയക്കാര്‍ ആലോചിക്കേണ്ടത്.

ടാക്സി സേവനം പോലെതന്നെ രാഷ്ട്രീയത്തിന്റെ ലോകവും ഏറെ മറിയിരിക്കുന്നു. പക്ഷേ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ചിന്താരീതികള്‍ മാറ്റാനാകുന്നില്ല. ഇന്ത്യയിലെ ഉരുളക്കിഴങ്ങു വിപണി Lays എന്ന ബ്രാന്‍ഡ് വെച്ചു പെപ്സി എങ്ങനെ കയ്യടക്കി എന്നാലോചിക്കുകയും അതിന്റെ പിന്നിലെ സാമ്രാജ്യത്വത്തെ എതിര്‍ക്കുകയും ചെയ്യുന്നതിന് പകരം ഇക്കണ്ട കുടുംബ ‘ശ്രീ’കള്‍ക്കും സി പി എം സഹകരണ സംഘങ്ങള്‍ക്കും എന്തുകൊണ്ട് കായ വറുത്തതോ അല്ലെങ്കില്‍ കേരളത്തിലെ 14 ജില്ലകളിലുമുള്ള വിവിധ പോത്തിറച്ചി പാചകരീതികളോ  കൊണ്ടുവന്ന് നമ്മളും ഒട്ടും മോശമല്ല എന്നു അമേരിക്കക്കാരെ കാണിച്ചുകൂടാ. നമുക്കത് ഒരു സാമ്രാജ്യത്ത വിരുദ്ധ പ്രതിഷേധമെന്ന നിലയിലും കാശുണ്ടാക്കാനുമായി ചെയ്യാനാകില്ല. ആഗോളീകരണത്തെ എതിര്‍ക്കാന്‍ ഒരു ഐ-ഫോണ്‍ 6 ഉപയോഗിക്കുമ്പോഴുംഅത് ഗുണപരമായ രീതിയിലാകണം.(നമ്മളിവിടെ ഹിമാചല്‍ പ്രദേശില്‍ പലതരമായി ഉണ്ടാക്കുന്ന ആപ്പിള്‍, ഒരു അമേരിക്കന്‍ കമ്പനിയുടെ പേരായി മാറിയിരിക്കുന്നു). അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത് ചൈനയിലാണെന്നും മറക്കരുത് (ഇപ്പൊഴും കമ്മ്യൂണിസ്റ്റ് അഥവാ  സോഷ്യലിസ്റ്റ്) 35 രാജ്യങ്ങളില്‍ നിന്നുള്ള ഘടകങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. ഒരു സാമ്രാജ്യത്വ രീതിയില്‍ പറഞ്ഞാല്‍ 35 രാജ്യങ്ങളിലെ പരിധികളില്ലാത്ത വ്യാപാരം ഒരു ഐ-ഫോണ്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. എനിക്കൊരു ഐ-ഫോണില്ല. പക്ഷേ നിങ്ങളില്‍ ചിലരെപ്പോലെ ഒരിക്കല്‍ ഒന്നു വാങ്ങണമെന്നുണ്ട്.

നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് കുറച്ചുകൂടി മെച്ചമായ ശമ്പളം കൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയാണെങ്കില്‍ കഴിവുള്ളവര്‍ ഈ മേഖലയില്‍ കടന്നുവരും. അവര്‍ മറ്റേതെങ്കിലും ജോലികൂടി ചെയ്ത് രാഷ്ട്രീയം പാര്‍ട്ട് ടൈം ആക്കണം. ജോലി ചെയ്യുന്നതോടൊപ്പം എം എല്‍ എ, അല്ലെങ്കില്‍ എം പി ജോലികള്‍ ചെയ്യുക. അപ്പോള്‍ എങ്ങനെ ജോലി നേടണമെന്നും, എങ്ങനെ നികുതി അടയ്ക്കണമെന്നും, ഒരു ടാക്സി/ ഓട്ടോ ഡ്രൈവറുമായി എങ്ങനെ വിലപേശണമെന്നും അവര്‍ക്ക് മനസിലാകും. നമ്മുടെ രക്ഷകരെപ്പോലെ അഭിനയിക്കുന്നതിന് പകരം സ്വന്തം തട്ടകം ചിട്ടയായി സൂക്ഷിക്കട്ടെ രാഷ്ട്രീയക്കാര്‍. എന്തുകൊണ്ടാണ് അവരുടെ സ്വകാര്യത പോലും ലംഘിച്ച് ആളുകള്‍ക്ക് വ്യക്തിപരമായ കാര്യങ്ങള്‍ക്കായി അവരുടെ കിടപ്പുമുറികളില്‍ വരെ കയറിച്ചെല്ലേണ്ടി വരുന്നതെന്നും അവര്‍ സ്വയം ചോദിക്കണം. എനിക്കും എന്റെ 7 മാസം ഗര്‍ഭിണിയായ ഭാര്യക്കും ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് ഏതാണ്ട് അസാധ്യമായ സമയത്താണ്  അവസാനമായി എനിക്ക് ഒരു പഞ്ചായത്ത് അംഗത്തിന്റെ സേവനം ആവശ്യമായിവന്നത്. ഞങ്ങളുടെ രേഖകളെല്ലാം കൃത്യമായിരുന്നു. പക്ഷേ നിങ്ങളുടെ PAN കാഡ് ശരിക്കുള്ളതാണെന്ന് നിങ്ങളെങ്ങനെ തെളിയിക്കും എന്നു ചോദിച്ച പഞ്ചായത്ത് ക്ലാര്‍ക്കിനെ തൃപ്തിപ്പെടുത്താന്‍ എനിക്കെന്തായാലും ആവുമായിരുന്നില്ല. ഞാനെന്റെ നികുതി അടയ്ക്കുന്നത് ഈ PAN നമ്പര്‍ വെച്ചാണെന്ന്പറഞ്ഞുനോക്കി. ഉടനെ വന്നു മറുപടി; ഇത് പഞ്ചായത്ത് കാര്യാലയമാണ്, ആദായ നികുതി വകുപ്പല്ല.

ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് നമുക്ക് ജനന സര്‍ട്ടിഫിക്കറ്റും, മരണ സര്‍ടിഫിക്കറ്റുമെല്ലാം തരുന്ന ഒരു App-മായി ഊബര്‍ വരണമെന്നാണ്. എലിയെ പിടിക്കുന്ന കാലത്തോളം പൂച്ച കറുപ്പോ വെളുപ്പോ ആണോ എന്നത് എനിക്ക് പ്രശ്നമല്ല എന്നു പറഞ്ഞ (അതേ, ആ ചൈനീസ് വിപ്ലവകാരി തന്നെ) ഡെംഗ് സിയാവോ പിംഗിലാണ് ഞാന്‍ വിശ്വസിക്കുന്നത്. സമയത്ത് വരികയും ന്യായമായ നിരക്ക് മാത്രം ഈടാക്കുകയും ചെയ്യുമ്പോള്‍ ഊബര്‍ അമേരിക്കയില്‍ നിന്നാണോ ചൈനയില്‍ നിന്നാണോ എന്നത് എനിക്ക് പ്രശ്നമല്ല. ഞാനെന്താണോ കൊടുക്കേണ്ടത് ആ വാടക നല്കുന്നു. തീര്‍ച്ചയായും ആ വണ്ടി ഓടിക്കുന്നവനും അതില്‍ സന്തോഷവാനാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍