UPDATES

പോസ്റ്ററില്‍ രോഹിത് വെമുല; എബിവിപി പ്രതിഷേധത്തില്‍ ഉദയ്പൂര്‍ ചലച്ചിത്രോത്സവ വേദി മാറ്റി

അഴിമുഖം പ്രതിനിധി

പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നാലാമത് ഉദയ്പൂര്‍ ചലച്ചിത്രോത്സവത്തിന്റെ വേദി മാറ്റേണ്ടി വന്നിരിക്കുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലചിത്രോത്സവം ഇന്നലെ(വെള്ളി)യായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. ന്യൂഡല്‍ഹിയിലെ മഹാറാണ പ്രതാപ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിയിലെ ഓഡിറ്റോറിയമായിരുന്നു ചലച്ചിത്രമേളയുടെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടെവച്ച് മേള നടത്താന്‍ അനുമതിയില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഇതേ തുടര്‍ന്ന് മേള വിദ്യാഭവനിലേക്ക് മാറ്റാനാണ് സംഘാടകരുടെ തീരുമാനം.

പൊലീസ് അനുമതി നിഷേധിക്കാന്‍ കാരണം എബിവിപിയുടെ ഇടപെലാണെന്നാണ് ഉദയ്പൂര്‍ ഫിലിം സൊസൈറ്റി സ്ഥാപകാംഗവും ചലച്ചിത്രമേളയുടെ സംഘാടകരിലൊരാളുമായ പ്രജ്ഞ്യ ജോഷി ആരോപിക്കുന്നു. ചലച്ചിത്ര മേളയ്‌ക്കെതിരേ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 2014 മുതല്‍ ഇവിടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണയാണ് തടസം ഉണ്ടായിരിക്കുന്നത്. പൊലീസ് പറയുന്നത് രോഹിത് വെമുലയുടെ ചിത്രം ചലച്ചിത്ര മേളയുടെ പോസ്റ്ററുകളില്‍ പതിച്ചിരിക്കുന്നതാണ് എതിര്‍പ്പിനു കാരണമെന്നാണ്; ജോഷി കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ഉദയ്പൂര്‍ എസ് പി രജേന്ദ്ര ഗോയല്‍ ഈ ആക്ഷേപം തള്ളിക്കളയുകാണ്. സംഘാടകര്‍ പൊലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതാണ് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. വിദ്യാഭവനില്‍ മേള നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എസ് പി കൂട്ടിച്ചേര്‍ക്കുന്നു.

ചലചിത്രമേളയും ചര്‍ച്ചയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് ഒരുതരത്തിലുള്ള അറിയിപ്പും സംഘാടകര്‍ നല്‍കിയിരുന്നില്ലെന്നാണ് എബിവിപി നേതാക്കള്‍ പറയുന്നത്. അവര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടായിരുന്നു. അവരുടെ ചര്‍ച്ചകളും പ്രദര്‍ശിപ്പിക്കുന്ന സിനിമകളും നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനു കാരണമാകും. ഇക്കാര്യങ്ങള്‍ വൈസ് ചാന്‍സിലറെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് വേദി മാറ്റണമെന്ന നിര്‍ദേശം വരുന്നത്. ഇത്തരം സംഗതികള്‍ സമൂഹത്തിന് നല്ലതല്ല. ചലച്ചിത്രമേളയുടെ സംഘടാകരെല്ലാം തന്നെ ഇടതുപക്ഷാശയങ്ങള്‍ ഉള്ളവരാണ്; എബിവിപി നേതാക്കള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍