UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫിന് ഒരു കഴുത്ത് വേണം; തൂക്കിക്കൊല്ലാന്‍ തന്നെ

Avatar

കെ എ ആന്റണി

ഏത് പാതകത്തിനും പിന്നില്‍ ഒരു പ്രതിയുണ്ട്. കഴുത്തിന് ഇണങ്ങുന്ന കുരുക്കല്ല. കുരുക്കിന് ഇണങ്ങുന്ന കഴുത്താണ് വേണ്ടത്. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസുകാര്‍ക്കും വേണം തൂക്കിലേറ്റാന്‍ ഒരാളെ. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്രകള്‍ വായിക്കേണ്ട ഗതികേടൊന്നും പൊതുവേ അക്ഷരവൈരികളെന്ന് (പിസി വിഷ്ണുനാഥിനെ പോലെ ചുരുക്കം ചിലരെ ഒഴിച്ച്) സ്വയം മേനി ചമയുന്ന കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി വരില്ലെന്നത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. വേണ്ടത് ഒരു കഴുത്താകുമ്പോള്‍ അതിന് ഇണങ്ങുന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റേതാണെന്ന നിഗമനത്തിലേക്ക് പാവം കോണ്‍ഗ്രസുകാര്‍ എത്തിച്ചേരുന്നതിനെ കുറ്റംപറയാനാകില്ല.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്തൊക്കെ പറഞ്ഞാലും സുധീരനെ വെറുക്കുന്നവരാണ് കോണ്‍ഗ്രസിലേറെയും എന്നത് പകല്‍ പോലെ വ്യക്തമാണ്. മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയ രണ്ട് രാപ്പകല്‍ നീണ്ട ക്യാമ്പില്‍ നിന്ന് കിട്ടിയ സന്ദേശവും അത് തന്നെയായിരുന്നു. ഇടതടവില്ലാതെ വീണ് കിട്ടിയ വാര്‍ത്തകളുടെ സ്രോതസ് ഏതെന്ന അന്വേഷണത്തിന് പ്രസക്തിയില്ല. എന്നുകരുതി അത് മാധ്യമപ്രവര്‍ത്തകരുടെ കഴിവെന്ന് കരുതി അഹങ്കരിക്കേണ്ടതുമില്ല. കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ടമാണ്. അവര്‍ക്കുമേല്‍ അച്ചടക്കം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ശുദ്ധ ഭോഷ്‌കന്മാര്‍.

വെറുതേ പറയുന്നതല്ല. മുപ്പത് വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയം പഠിപ്പിച്ച വലിയൊരു പാഠമാണ് നീയും ബ്രൂട്ടസേയെന്ന എത്രയെത്ര വിലാപങ്ങള്‍ ഇതിനകം ആ പാര്‍ട്ടിയില്‍ നിന്ന് കേട്ട് കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ അതൊരു വിലാപ ഗീതം പോലെ പഴയ ലീഡര്‍ കെ കരുണാകരന്റെ പുത്രി പത്ജ വേണുഗോപാല്‍ ആവര്‍ത്തിച്ചതിനെ കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്ജ് ഇങ്ങനെ കുറിച്ചു. ‘ആളുകള്‍ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരും’ എന്ന തലക്കെട്ടില്‍ മലയാളം വാരികയില്‍ ടിജെഎസ് പറഞ്ഞത് ഇത്രമാത്രം. അതാകട്ടെ പത്മജയുടെ സങ്കടത്തില്‍ സ്ഫുരിച്ച മിഴിനീര്‍ അണിഞ്ഞ വാക്കുകളിലൂടെയുള്ള ഒരു വിശകലനം ആയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ താന്‍ തോക്കില്ലായിരുന്നുവെന്ന പത്മജയുടെ വിലാപത്തേയാണ് ടിജെഎസ് കരുണാകര പുത്രിക്ക് സ്വന്തമായി ജയിക്കാന്‍ വകുപ്പില്ലേയെന്ന് ചോദിച്ച് അവസാനിച്ചത്. പത്മജയെ പോലെ വിലാപങ്ങളുടെ ഭാണ്ഡം പേറുന്നവര്‍ ഒരുപാടുണ്ട്. അവര്‍ക്കൊക്കെ ഒരു കുറ്റവാളിയെ വേണം. കേമത്തമില്ലെങ്കിലും തോറ്റുപോയ ശുദ്ധാത്മാക്കളായി ഇക്കൂട്ടരെ കാണാനാകില്ല. ആരുടേയൊക്കെ ഔദാര്യം കൊണ്ട് തങ്ങള്‍ ജയിക്കുമെന്ന വിശ്വാസത്തില്‍ സധൈര്യം മുന്നോട്ടു വന്ന് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ വഴി അടയ്ക്കുന്നവരാണ് ഇവര്‍.

കെപിസിസി പ്രസിഡന്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് പറയുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും ഒരു കാര്യം സമ്മതിക്കുന്നുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലിരിപ്പാണ് ചാനലുകളുടേയും പത്രക്കാരേയും വന്നുകൊണ്ടിരിക്കുന്നതെന്നാണ്. ഒരു കാര്യം വ്യക്തം. സുധീരന്റെ കഴുത്തിനായി കോണ്‍ഗ്രസില്‍ വലിയൊരു സംഘം കൊലക്കയര്‍ തയ്യാറാക്കുന്നുണ്ട്. അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്കിയാല്‍ അഭിനവ ഗാന്ധി ചമയുന്ന സുധീരനെ ആരെങ്കിലും വെറുതെ വിടുമോ. ഗാന്ധിജിയുടെ ചിത്രം ഓഫീസിലും വീട്ടിലും മനസ്സില്‍ ഗാന്ധിത്തല പതിച്ച കറന്‍സിയും തരത്തിനൊപ്പിച്ച് നടക്കുമ്പോള്‍ ഗാന്ധിസം പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെ ഏത് കോണ്‍ഗ്രസുകാരനും വെറുത്തുപോകും.

തെരഞ്ഞെടുപ്പ് കാലത്തും തൊട്ടുമുമ്പും സുധീരന്‍ പ്രതിപക്ഷ നേതാവ് ചമഞ്ഞപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ അയാളുടെ പരകായ പ്രവേശം നടത്തിയോയെന്ന് പോലും അന്തംവിട്ടു നിന്നു പോയവരുണ്ട്. അഞ്ചുവര്‍ഷം തികയ്ക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കസ്സായ സര്‍ക്കസ്സൊക്കെ കളിച്ചു കൂട്ടുന്നതിലായിരുന്നു സുധീരനെ ഗാന്ധിയോ വിഎസോ ബാധിച്ചത് എന്ന കാര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭരണത്തിന് പുറത്തെന്ന കൃത്യമായ അറിവ് ഇതിനകം ഗാന്ധി കറന്‍സി കൊണ്ട് ചിലരൊക്കെ തുലാഭാരം നടത്തി തുടങ്ങിയിരുന്നു. കള്ളും ഭൂമിയും വില്‍ക്കാവുന്നതെല്ലാം മൊത്തം കൊള്ളയടിക്കപ്പെട്ടു.

മൊത്തം പാപഭാരം സ്വയംമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി സ്ഥാനമാനങ്ങള്‍ ത്യജിച്ചു. എന്നിട്ടും സുധീര ഗാന്ധി അനങ്ങാപ്പാറ നയം തുടരുന്നതില്‍ അതൃപ്തിയേറെയുണ്ട് എന്ന് തന്നെ വേണം കരുതാന്‍.

കാര്യങ്ങള്‍ എല്ലാം ഭദ്രമെന്ന് ഉണ്ണിത്താന് തൊട്ടുപിന്നാലെ സുധീരനും ആന്റണിയും പറയുമ്പോള്‍ ആ പഴയ ഗാന്ധിയുടെ, ഫിറോസ് ഗാന്ധിയുടെ, പിന്‍തലമുറക്കാരാണ് ഇന്ന് ഗാന്ധി പദവി കൊണ്ട് നടക്കുന്നത്. കേന്ദ്രത്തിലും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഒരു യുവരാജാവിന്റെ വീണ് കിട്ടിയ ഗാന്ധി തുടര്‍ വാഴ്ചയ്ക്കായി കളം ഒരുങ്ങുന്നു. പരാതികളുടേയും തീര്‍പ്പിന്റേയും വലിയൊരു ഭാരവും പേറി സുധീരനും ഡല്‍ഹിയിലുണ്ടാകും. ശേഷം സ്‌ക്രീനില്‍ എന്ന് പറയും പോലെ എല്ലാം വഴിയേ അറിയാം.

കോണ്‍ഗ്രസിലെ പതിവ് വിഴുപ്പു അലക്കലിന് ഇടയിലാണ് മലപ്പുറത്തെ പാളിച്ചകളില്‍ അനോന്യം പഴി പറയാതെയെന്ന മട്ടില്‍ മുസ്ലിംലീഗ് നേതാക്കള്‍ പഴയ അരിവാള്‍ സുന്നിക്കും അതിന്റെ തലപ്പത്ത് ഇരിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കും എതിരെ വായപോയ ഒരു മലപ്പുറം കത്തി ആഞ്ഞ് വീശുന്നത്. 1921-ലെ മാപ്പിള ലഹളക്കാലത്തെ ആ കത്തിക്ക് കര്‍ഷ മനസ്സിന്റെ നന്മയുടെ സ്പര്‍ശം ഒരു വലിയ പരിധിവരെയുണ്ടായിരുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയും സംഘവും നയിക്കുന്ന ലീഗിന്റെ കൈയിലെ കത്തിക്ക് അത്ര മൂര്‍ച്ച പോര. സെമറ്റിക് വിഭാഗത്തില്‍പ്പെടുന്ന ക്രൈസ്തവ-ഇസ്ലാം മതങ്ങളില്‍ യോജിപ്പിനേക്കാള്‍ വിയോജിപ്പിന്റെ രീതിശാസ്ത്രമാണ് കൂടുതലായത്. എങ്കിലും കേരളീയരെ നടക്കുന്ന പ്രധാനപ്രശ്‌നം പ്രബലമായ സുന്നി വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കമാണ്. 80-കള്‍ക്കൊടുവിലെ സമസ്തയിലെ പിളര്‍പ്പ് സുന്നികളെ രണ്ട് തട്ടിലാണ് എത്തിച്ചത്. ഒടുവില്‍ ഒരുവിഭാഗം അരിവാള്‍ സുന്നിയും മറുവിഭാഗം പച്ചസുന്നിയെന്നും എത്തി കാര്യങ്ങള്‍. പച്ചയെന്നാല്‍ മുസ്ലിംലീഗ് എന്നാല്‍ പാകിസ്താന്‍ എന്ന തിരിച്ചറിവ് ഉണ്ടായ ചില അവാന്തരവിഭാഗങ്ങള്‍ മാപ്പിളമാര്‍ക്കിടയില്‍ അപ്പോഴും സജീവമായിരുന്നുവെങ്കിലും സമസ്തയിലെ പിളര്‍പ്പ് തന്നെയായിരുന്നു സാധാ മുസ്ലിങ്ങളെ രണ്ടായി പിളര്‍ത്തി നിര്‍ത്തിയത്. കാന്തപുരം നരേന്ദ്രമോദി ഭക്തനാണെന്നാണ് മുസ്ലിംലീഗിന്റെ പുതിയ കണ്ടെത്തല്‍. മണ്ണാര്‍ക്കാട്ടെ കാന്തപുരത്തിന്റെ ഫത്വ വിജയിച്ചില്ല എന്നിടത്തു നിന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ ചന്ദ്രിക ദിനപത്രത്തിലെ ലേഖനത്തിന്റെ പ്രഭവ കേന്ദ്രം. മഞ്ചേശ്വരത്ത് ബിജെപിക്ക് കാന്തപുരം സുന്നികള്‍ വോട്ടു ചെയ്തുവെന്നും പഴയ അരിവാള്‍ സുന്നികള്‍ ഇപ്പോഴും താമര സുന്നികളായെന്നും എത്തുന്നിടത്താണ് കാര്യങ്ങള്‍.

വലിയൊരു ഉരുള്‍പൊട്ടലാണ് തുടര്‍ന്ന് അങ്ങോട്ട് പ്രതീക്ഷിക്കാം. മതംമാറിയ രാമഭദ്രനെ കൊന്നൊടുക്കിയ മുസ്ലിംലീഗിന് മലപ്പുറം എന്ന പേരില്‍ ഒരു ജില്ല വാങ്ങിയെടുത്തതിന്റെ ഹുങ്കിന് അപ്പുറം എന്തുപറയാനുണ്ടാകും. പ്രവാചകന്റെ മുടിപ്രശ്‌നവുമായി നടക്കുന്ന കാന്തപുരവും ആ സമുദായത്തെ എത്രമാത്രം നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവരും പറയട്ടെ. മദ്രസകളിലെ ബാലപീഢനവും ബാലക്കടത്തുമായുള്ള വിഷയങ്ങളില്‍ ഇരുകൂട്ടരും നിലപാട് വ്യക്തമാക്കട്ടെ. അപ്പോഴുമുണ്ട് ലീഗിന്റെ വഴിക്ക് ബിജെപി വക ബാന്ധവം. മഞ്ചേശ്വരത്തെ നൂറില്‍ത്താഴെ വോട്ടുകള്‍ക്കുള്ള വിജയം പ്രാര്‍ത്ഥനയുടെ ഫലമായിരുന്നുവെന്ന് പറയുന്ന മജീദ് ഒരുകാര്യം കൂടെ വ്യക്തമാക്കുന്നുണ്ട്. മണ്ണാര്‍ക്കാട്ടെ വിജയം ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒന്നാണെന്നും കാന്തപുരം നേരിട്ട് ഇറങ്ങി തോല്‍പിക്കുമെന്ന് പറഞ്ഞ ലീഗ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിനാണ് മണ്ണാര്‍ക്കാട് വിജയിച്ചത്. കാന്തപുരം അനുയായികളും കേരള മുസ്ലിം ജമാഅത്തും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യത്തിനു കൂടി മജീദ് മറുപടി പറയേണ്ടി വരും. മണ്ണാര്‍ക്കാട്ടെ ബിജെപി വോട്ടിങ് നിലയും അഴീക്കോട്ടെ ബിജെപി വോട്ടിങ് നിലയും സംബന്ധിച്ചാണ് അവരുന്നയിക്കുന്ന ചോദ്യം. 1991-ല്‍ തുടങ്ങിയ മുസ്ലിംലീഗ് ബന്ധം ഈ തെരഞ്ഞെടുപ്പിലും അവസാനിച്ചിരുന്നില്ലായെന്നത് ആര്‍ എസ് എസ്-ബിജെപി നേതാക്കളുമായി ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ച സംബന്ധിയായി പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ് കാന്തപുരം സംഘത്തിന്റെ ചെറുത്ത് നില്‍പ്പിന് ആധാരം.

മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഒ രാജഗോപാലിന്റെ വോട്ട് എങ്ങോട്ടു തിരിഞ്ഞുവെന്നതിനെ ഒരു ദിശാ സൂചകമായി കാണാനാകില്ല. എന്നാല്‍ മലപ്പുറത്തെ കോട്ടകൊത്തളങ്ങളില്‍ നിന്ന് ഉയരുന്ന അതൃപ്തിയുടെ വാക്കുകള്‍ വരാനിരിക്കുന്ന ഒരു കാലത്തെ ഭയാശങ്കകളെ ദ്യോതിപ്പിക്കുന്നുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സായിപ്പിന്റെ നയം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊള്ളുമ്പോള്‍ സെറ്റിക് മതത്തില്‍ ഉരുത്തിരിയുന്ന ചിന്തകള്‍ എത്രകണ്ട് നന്മയുടെ മാര്‍ഗത്തിലേക്ക് കേരളത്തെ നയിക്കും എന്ന് കണ്ടറിയേണ്ടി വരും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍