UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

കൊടി താഴ്ത്തുക കോടിയേരീ; കളിയേറെ കണ്ടവനാണീ ഉമ്മന്‍ ചാണ്ടി

കലഹിക്കാനും സ്‌നേഹിക്കാനും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് അധികം സമയം വേണ്ട. ചിരിച്ചുകൊണ്ട് കഴുത്തിനു പിടിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കേമന്മാരാണ്. പോരടിക്കുമ്പോഴും സര്‍വാത്മനാ ആശ്ലേഷിക്കുമ്പോഴും അവര്‍ക്ക് ഒരു ലക്ഷ്യമേ ഉള്ളൂ. അധികാരം; അധികാരം മാത്രം.

അധികാരത്തര്‍ക്കവും ഗ്രൂപ്പുവഴക്കും കോണ്‍ഗ്രസ്സിന്റെ മഹാപാരമ്പര്യത്തിന്റെ ഭാഗമാണ്. ശാന്തമായി ആലോചിച്ചാല്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഈ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ രഹസ്യംതന്നെ ആഭ്യന്തരകലഹമാണെന്ന് പറയാം. തമ്മിലടിയും പോര്‍വിളിയും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്നേ നശിച്ചുപോകുമായിരുന്നു.

അഞ്ചാംവര്‍ഷത്തിലേക്കു കടന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്ന് ഉയര്‍ന്ന അപശബ്ദങ്ങളും സ്തുതിവചനങ്ങളും അര്‍ത്ഥരഹിതമായ വെറും കോലാഹലങ്ങളാണെന്ന് പറഞ്ഞുകൂട. ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അവയെല്ലാം അവസാനിക്കുമെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ ഇത്തരം പൊട്ടിത്തെറികളും വെല്ലുവിളികളും ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നശിച്ചുപോകുമായിരുന്നു. കലഹിച്ചും സ്‌നേഹിച്ചും വീണ്ടും കലഹിച്ചും കോണ്‍ഗ്രസ്സ് ആയുസ്സ് നീട്ടിക്കൊണ്ടുപോകുന്നു.

യു.ഡി.എഫ് ഭരണത്തിലെ എല്ലാ ഘടകകക്ഷികളും കേരളത്തില്‍ അവരുടെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു. പക്ഷേ ഭരണാധികാരികളുടെ കൈയിലിരിപ്പും ദുര്‍നടപടികളും മൂലം ജനങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വലിയ അവജ്ഞ ഉളവായിട്ടുണ്ട്. ഭാവനാപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്ന തോന്നലോടെ അധികാരത്തില്‍ വന്ന ശേഷം ഒരു കൊല്ലത്തിനുള്ളില്‍ അടിക്കടി വിവാദത്തില്‍പ്പെട്ട് നട്ടംതിരിഞ്ഞു. ദുര്‍ബ്ബലമായ ഭൂരിപക്ഷത്തിന്റെ അങ്കലാപ്പ് ബാധിക്കാത്തവിധം കരുതലോടെ ചുവടുവച്ച സര്‍ക്കാരിനെ മുസ്ലിം ലീഗ് ആദ്യം പ്രതിസന്ധിയിലാക്കി. വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം, നഗര-ഗ്രാമ ഭരണം തുടങ്ങിയ മുന്തിയ വകുപ്പുകളെല്ലാം യു.ഡി.എഫില്‍ രണ്ടാംകക്ഷിയായ ലീഗ് കൈവശപ്പെടുത്തിയിരുന്നെങ്കിലും നാല് എം.എല്‍.എയ്ക്ക് ഒരു മന്ത്രി വേണമെന്ന് മുന്നണി നേതൃത്വത്തോട് അവര്‍ കണക്കുപറയാന്‍ തുടങ്ങി. ദുര്‍ബ്ബല ഭൂരിപക്ഷത്തില്‍ തൂങ്ങുന്ന ഉമ്മന്‍ചാണ്ടിയോട് ലീഗ് എന്താവശ്യപ്പെട്ടാലും നടക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനാവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യത്തെ കീറാമുട്ടിയായി.

ജാതിയും മതവും ഒക്കെ തുലനം ചെയ്ത് അധികാരം പങ്കിടുന്ന ശ്രമകരമായ ഒരഭ്യാസമെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ഈ ആവശ്യം ഉള്‍ക്കൊള്ളാനും തള്ളാനും വയ്യാതായി. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് അമിതാധികാരമുള്ള ഭരണകൂടമെന്ന വിമര്‍ശനം ഭൂരിപക്ഷ സമുദായങ്ങളുടെ പ്രമാണിമാരെന്ന് ഭാവിക്കുന്ന വെള്ളാപ്പള്ളി നടേശനില്‍ നിന്നും ജി. സുകുമാരന്‍നായരില്‍ നിന്നും ഉയര്‍ന്നുവന്നു. ”മന്ത്രിപദം പൊതുഖജനാവിന്റെ താക്കോല്‍ സൂക്ഷിപ്പുകൂടിയാണ്. അത് ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ മാത്രം കുത്തകയാക്കി വയ്ക്കാന്‍ പാടില്ല.” എന്ന് അവര്‍ താക്കീതിന്റെ സ്വരത്തില്‍ മുന്നറിയിപ്പു നല്‍കി. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചു എന്ന തോന്നലുള്ള സുകുമാരന്‍നായര്‍ മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനാവശ്യത്തെ പരസ്യമായി വെല്ലുവിളിച്ചു. ജാതിമത ശക്തികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അജണ്ട നിശ്ചയിക്കുന്നു എന്ന തോന്നല്‍ പൊതുജന മധ്യത്ത് ശക്തിപ്രാപിച്ചു.

മഞ്ഞളാംകുഴി അലി അഞ്ചാം മന്ത്രിയാകുകയും മന്ത്രിസഭ അഴിച്ചു പണിയുകയും ചെയ്തതോടെ ഒരു ഭരണത്തലവന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഏറെ ദുര്‍ബ്ബലനായിത്തീര്‍ന്നു. ദിവസം മുഴുവനും തുറന്നിരിക്കുന്ന അദ്ദേഹത്തിന്റെ ഓഫീസിലൂടെ ഏത് അപഥസഞ്ചാരിക്കും എപ്പോഴും കയറി ഇറങ്ങാമെന്നായി. ശ്രദ്ധാപൂര്‍വ്വമായ അശ്രദ്ധ തന്റെ വ്യക്തിത്വത്തിന്റെ മുഖ്യഭാവമായി വളര്‍ത്തിയ ഉമ്മന്‍ചാണ്ടി എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും അറിയുന്നില്ലെന്നു ഭാവിച്ചു. സരിത എസ്. നായര്‍ എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. സലിം രാജ് ആരാണെന്നും അദ്ദേഹം അറിഞ്ഞിരുന്നു. കോന്നിയിലെ ശ്രീധരന്‍നായരെ സി.പി.എമ്മില്‍ നിന്ന് കൂറുമാറി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സെല്‍വരാജിന്റെ സാക്ഷ്യത്തില്‍ മുഖ്യമന്ത്രി നേരിട്ടുകണ്ടിരുന്നു. എന്നിട്ടും പല ഘട്ടങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് കൈമലര്‍ത്തി അവയെല്ലാം നിഷേധിക്കേണ്ടിവന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപമുഖ്യമന്ത്രിപദത്തിന് വേണ്ടി പടപൊരുതി പരാജയപ്പെട്ട രമേശ് ചെന്നിത്തല കെ.പി.സി.സി. അദ്ധ്യക്ഷനെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പരസ്യമായി എതിര്‍ക്കാന്‍ അശക്തനായിരുന്നു. അതിനാല്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന വിവാദങ്ങളെല്ലാം സാമുദായികമായി ഉപയോഗിക്കാന്‍ രമേശ് ശ്രമിച്ചു. കോന്നിയിലെ ശ്രീധരന്‍നായരുടെ രഹസ്യമൊഴിയും മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ അറസ്റ്റും സോളാര്‍ അഴിമതിക്കേസ്സില്‍ നിന്ന് സര്‍ക്കാരിന് തലയൂരാനാകാത്ത അവസ്ഥ സൃഷ്ടിച്ചു. സരിതയും ശാലുമേനോനും കോണ്‍ഗ്രസ്സിലെ ചില പ്രബല നേതാക്കള്‍ക്ക് ശയനമുറിയില്‍ വരെ സ്വാഗതമരുളിയിട്ടുണ്ടെന്ന് കേരളം ലജ്ജയോടെ കണ്ടു. ഒരു മന്ത്രിയെ അയാളുടെ രഹസ്യകാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ വന്ന് കരണത്തടിച്ചിട്ടുപോയി. ഇതു കണ്ടു വ്രണിതഹൃദയായ മന്ത്രിഭാര്യ മുഖ്യമന്ത്രിക്ക് പരാതിപ്പെട്ടതോടെ അനുരഞ്ജനത്തിന് ഇടയില്ലാത്തവിധം ആ കുടുംബം തകര്‍ന്നു. ആ മന്ത്രിയുടെ അധികാരം പോയി. ഇപ്പോള്‍ അഴിമതിക്ക് എതിരെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തോടൊപ്പമായിത്തീര്‍ന്നിരിക്കുന്നു ആ മുന്‍മന്ത്രിയും പാര്‍ട്ടിയും.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ സുകുമാരന്‍നായരെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിവന്ന ”പ്രോക്‌സിവാര്‍” അവസാനിച്ചു. സരിത പുറത്തുവന്ന് മാധ്യമങ്ങളോട് സല്ലപിച്ചു. ശ്രീധരന്‍നായരുടെ കേസ് വിസ്മൃതിയിലായി. സോളാര്‍ കേസ് മാഞ്ഞുപോയി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭൂരിപക്ഷം സീറ്റില്‍ ജയിച്ചു. ഇനിയെല്ലാം ശുഭസുന്ദരമായിപ്പോകുമെന്ന് വന്നപ്പോള്‍ യു.ഡി.എഫിലെ മൂന്നാം കക്ഷിയുടെ നേതാവ് കെ.എം. മാണിക്ക് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ വലിയവനാണെന്ന തോന്നല്‍ ബലപ്പെട്ടു. അരനൂറ്റാണ്ടായി നിയമസഭാംഗം, 13 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, വര്‍ഗ്ഗസമരത്തെക്കുറിച്ച് കാള്‍ മാര്‍ക്‌സിന് ബദല്‍ അവതരിപ്പിച്ചുകൊണ്ട് ലണ്ടനില്‍ പോയ സൈദ്ധാന്തികന്‍. കോണ്‍ഗ്രസ്സിലായിരുന്നെങ്കില്‍ എന്നേ കേരളമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെ ആകേണ്ടിയിരുന്ന സാക്ഷാല്‍ കെ.എം. മാണി. പ്രതിപക്ഷത്തെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടക്കാല മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് പരസ്യമായി മത്സരിച്ചു പറയാന്‍ പറ്റിയ പേര്.

മാണിയെ പ്രശംസിച്ച് ഭ്രാന്തുപിടിപ്പിച്ചാല്‍ തന്റെ കാര്യം അവതാളത്തിലാകുമെന്ന് ബുദ്ധിമാനായ ഉമ്മന്‍ചാണ്ടി മനസ്സിലാക്കി. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരിതാപകരമാംവിധം ശോചനീയമാണ്. നികുതിപിരിവ് നടക്കുന്നില്ല. വന്‍നികുതി അടയ്‌ക്കേണ്ടവര്‍ക്കെല്ലാം ഇളവ് നല്‍കി വിഹിതം പറ്റുന്ന രഹസ്യസംഘങ്ങള്‍ സജീവം. നിയമവ്യവസ്ഥയും പബ്ലിക് പ്രോസിക്യൂഷനും നാനാവിധമായി കിടക്കുന്നു. കെ.എം. മാണി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ വ്യാപകമായ അഴിമതിയുടെ ആഴം കണ്ട് മുഖ്യമന്ത്രിയുടെപോലും കണ്ണുതള്ളി. തനിക്കെതിരെ പ്രതിപക്ഷം ‘മുഖ്യമന്ത്രി’യാക്കാന്‍ കണ്ടുവിച്ചിരിക്കുന്ന മാണിയെ കേരളത്തിലെ രാഷ്ട്രീയക്കളികളുടെ മുഴുവന്‍ റഫറിയായ ഉമ്മന്‍ചാണ്ടി വെറുതെ വിടുമോ? അങ്ങനെ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 31-ാം തീയതി മാണിയുടെ പൊതു ജീവിതത്തിലെ ഏറ്റവും മാരകമായ പ്രഹരം അദ്ദേഹത്തിനേറ്റു. ബാര്‍ ഹോട്ടല്‍ ഉടമകള്‍ ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രമേശ് എന്ന അബ്കാരിയുടെ വെളിപ്പെടുത്തല്‍ വന്നു. മാണിക്ക് മുഖ്യമന്ത്രിക്കസേര പണിയാന്‍ ഇറങ്ങിയ പന്ന്യന്‍ രവീന്ദ്രനും കോടിയേരി ബാലകൃഷ്ണനും ഉടന്‍ കരണംമറിഞ്ഞു. കോഴ ആരോപണത്തെക്കുറിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ ആയി. വിജിലന്‍സ് തെളിവെടുപ്പായി. കേസില്‍ മന്ത്രി മാണി പ്രതിയായി. ഇപ്പോള്‍ പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹ സമരം നടത്തുകയാണ്.

ബാര്‍കോഴ ആരോപണം ഒരാളില്‍ ഒതുങ്ങി നിന്നില്ല. വേറെയും മന്ത്രിമാര്‍ കോഴ പറ്റിയിട്ടുണ്ടെന്നായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലില്‍ ആണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് പോലും പരസ്യമായി കുറ്റപ്പെടുത്തി. കേരളം മുഴുവന്‍ അഴിമതി മഹാരോഗം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് ഡല്‍ഹിയില്‍ നിന്ന് രാഷ്ട്രീയ വിരുന്നുവന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. അഞ്ചുകൊല്ലം പൂര്‍ത്തിയാക്കാനാകാതെ ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയുകയാണോ എന്ന് കേരളം ശങ്കിക്കുന്നു. മൂന്ന് തെരഞ്ഞെടുപ്പുകളാണ് മുന്നണികളുടെ മുഖ്യമായ വെല്ലുവിളി. അരുവിക്കര ഉപതെരഞ്ഞെടുപ്പ്; തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പ്; രണ്ടും കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു വരും. കോണ്‍ഗ്രസ്സുകാര്‍ അവരുടെ പാരമ്പര്യ സ്വഭാവം ആവര്‍ത്തിക്കുകയാണ്. കലഹിച്ചും സ്‌നേഹിച്ചും കരുത്തു വീണ്ടെടുക്കുക. സ്‌നേഹിച്ചും വെറുത്തും അധികാരം കൊയ്യുക. കൊടി താഴ്ത്തുക കോടിയേരി, ഏറെ കളികണ്ടവന്‍ ഉമ്മന്‍ചാണ്ടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍