UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തക്കാര്‍ക്ക്‌ അടുപ്പിലുമാകാം; ഇരട്ടനീതി മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

പൊലീസ് കള്ളനെ പിടിക്കാറാണ് പതിവ്. ഇപ്പോള്‍ പൊലീസിനെ തന്നെ പൊലീസ് പിടിച്ചിരിക്കുന്നു. ബാര്‍ കോഴ കേസ് അന്വേഷിച്ച എസ് പി സുകേശന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ഇക്കാര്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ ഉത്തരവ് ഉടനെ തന്നെയുണ്ടാകും.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ 2014 ഡിസംബര്‍ 31-ന് എറണാകുളത്ത് വച്ച് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് നടത്തിയതായി പറയപ്പെടുന്ന സംഭാഷണത്തിന്റെ സിഡി തന്നെയാണ് ഇപ്പോള്‍ വില്ലനായി മാറിയിരിക്കുന്നത്. ഈ സിഡിയുടെ പകര്‍പ്പുകള്‍ ധനമന്ത്രി കെ എം മാണിക്കെതിരായ കേസുകളില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നു. സിഡികള്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചപ്പോള്‍ മെമ്മറി കാര്‍ഡില്‍ നാലു ഫയലുകള്‍ ഉണ്ടായിരുന്നതില്‍ മൂന്ന് മണിക്കൂര്‍ അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖ മായ്ച്ചു കളഞ്ഞതായി വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നണ്ടത്രേ. മറ്റു ഫയലുകളിലെ ശബ്ദ രേഖ പരിശോധിച്ചതില്‍ നിന്നാണ് സുകേശനെ കുറിച്ച് ബിജു മറ്റു ബാറുടമകളോട് പറയുന്നത് വെളിപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എന്തുതന്നെയായാലും കെ എം മാണിക്ക് എതിരെ സുകേശന്‍ തന്നെ നടത്തിയ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്. ആദ്യം മാണിക്ക് എതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച സുകേശന്‍ തന്നെയാണ് ഇപ്പോള്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഒരേ ഉദ്യോഗസ്ഥന്‍ ഒരു കേസില്‍ രണ്ടു തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിലെ അസ്വാഭാവികത മുഴച്ചു തന്നെ നില്‍ക്കും.

വിജിലന്‍സ് ഡയറക്ടര്‍ പറയുന്നതുപോലെ സുകേശന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സുകേശനെ കുറിച്ച് ബിജു രമേശ് പറഞ്ഞതായി പറയുന്ന കാര്യങ്ങള്‍ മാത്രം തെളിവായി സ്വീകരിച്ച് അയാളെ ശിക്ഷിക്കാന്‍ ആകുമോയെന്ന് അറിയില്ല. ഈ പ്രശ്‌നത്തില്‍ ശങ്കര്‍ റെഡ്ഢി കീഴ് ഉദ്യോഗസ്ഥനെ ഒറ്റു കൊടുത്തുവെന്നും ഇതിന് എതിരെ പൊലീസ് സേനയില്‍ പ്രതിഷേധം ശക്തമാണെന്നുമാണ് ദേശാഭിമാനി പറയുന്നത്.

അക്കാര്യങ്ങള്‍ ഒക്കെ അവിടെ നില്‍ക്കട്ടെ. മുമ്പ് പൊലീസ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ഇരട്ട നീതി പ്രശ്‌നം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. ബാര്‍ കോഴ കേസില്‍ തുടക്കം മുതല്‍ തന്നെ ഇരട്ടനീതി പ്രശ്‌നം ഉയര്‍ന്നു വന്നിരുന്നു. മാണിക്കും ബാബുവിനും ഇരട്ട നീതിയെന്ന പ്രശ്‌നം കേരള കോണ്‍ഗ്രസാണ് ആദ്യം എടുത്തിട്ടത്. ഇപ്പോള്‍ സുകേശനും ഐജി ടി ജെ ജോസിനും സേനയില്‍ ലഭിക്കുന്ന ഇരട്ട നീതിയാണ് പ്രശ്‌നമാകുന്നത്.


എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന്റെ പേരില്‍ കൈയോടെ പിടിക്കപ്പെട്ട ആളാണ് ഐജി. എന്നാല്‍ ഇദ്ദേഹത്തിന് പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ ക്ലീന്‍ ചിറ്റ് നല്‍കി. സരിതയില്‍ നിന്ന് പിടിച്ചെടുത്ത സിഡികളും പെന്‍ഡ്രൈവുകളും മറ്റു തെളിവുകളും ഐജി ജോസ് നശിപ്പിച്ചുവെന്നാണ് ഡിജിപി സെന്‍കുമാര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചത്. തെളിവ് നശിപ്പിക്കുക എന്നത് കൊടിയ ക്രിമിനല്‍ കുറ്റമാണ്. ഇത്തരം ഒരു കുറ്റം ചെയ്ത ആളെ എങ്ങനെ സേനയില്‍ വച്ചു പൊറുപ്പിക്കുമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. ഈ ചോദ്യം തന്നെയാകും സുകേശന് എതിരെ നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനേയും വിജിലന്‍സ് ഡയറക്ടറേയും പ്രതിരോധത്തിലാക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ എടുത്തുചാടി ഒരു അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിടുമോയെന്ന കാര്യത്തില്‍ സംശയം ബാക്കിനില്‍ക്കുന്നു.

സുകേശന് എതിരെ നടപടിക്ക് തിടുക്കം കൂട്ടുന്ന സര്‍ക്കാര്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി മാറ്റി പറയാന്‍ സരിതയ്ക്ക് ട്യൂഷന്‍ എടുത്ത തമ്പാനൂര്‍ രവിക്ക് എതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. സരിത ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ പുറത്തുവിട്ട ടെലഫോണ്‍ സംഭാഷണം തന്റേത് തന്നെയാണെന്ന് തമ്പാനൂര്‍ രവി സമ്മതിച്ചതാണ്. ആ സാഹചര്യത്തില്‍ കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിച്ചതിന്റെ പേരില്‍ രവിക്ക് എതിരെ കേസെടുക്കാന്‍ കൂട്ടാക്കാത്ത ആഭ്യന്തര വകുപ്പ് ബിജു രമേശിന്റെ സംഭാഷണത്തെ മാത്രം അടിസ്ഥാനമാക്കി സുകേശന് എതിരെ നടപടിയുമായി മുന്നോട്ടു പോകുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍