UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി കാണാം, മാണിയുടെ എട്ടിനെക്കാളും ജോര്‍ജ്ജിന്റെ രണ്ട് വലുതാവുന്ന കളി

Avatar

അഴിമുഖം പ്രതിനിധി

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനി തിരിച്ചറിവിന്റെ പാതയിലേക്ക് വരേണ്ടി വരുമെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളുടെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ലാത്തത് കൊണ്ടാവണം ആദര്‍ശത്തിന്റെ ആള്‍രൂപമായ കെപിസിസി പ്രസിഡന്റ് കുറെക്കാലമായി ഉരിയാട്ടമില്ലാതെ നിലകൊള്ളുന്നത്. അങ്ങനെ ഒരാളുണ്ടോ എന്ന് പാഴൂര്‍ പടിപ്പുരയില്‍ പോയി അന്വേഷിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍. ഒരു പക്ഷെ ഉമ്മന്‍ചാണ്ടി പിടിച്ച കുരിശ് സ്വയം ചുമക്കട്ടെ എന്ന് വെക്കുന്നതുമാകാം.

ഏതായാലും വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ പടക്കം പൊട്ടിച്ച് കഴിഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകുകയാണെന്ന് വീരന്‍ തുറന്ന് പറഞ്ഞില്ലെന്ന് മാത്രമേ ഉള്ളു. ചടങ്ങുകള്‍ കൃത്യമായി പുരോഗമിക്കുകയാണ്. ഇടതുകക്ഷികളുമായി വേദി പങ്കിടാന്‍ തയ്യാറാണെന്ന് വീരന്‍ പറഞ്ഞു. കൈയ്യോടെ മാത്യു ടി തോമസ് ജനതാദള്‍ (യു) വിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ട് തന്‍റെ ഭാഗം കൃത്യമാക്കിയിട്ടുണ്ട്. ഇനി മുഹൂര്‍ത്തം നിശ്ചയിച്ചാല്‍ മാത്രം മതി. അതിന് ഡല്‍ഹിയില്‍ നിന്നും ഒരറിയിപ്പുകൂടി വരാനുണ്ട്. ലാലുവും സംഘവും അവിടെ പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി തുടങ്ങിയവ നിശ്ചയിക്കുന്ന തിരക്കിലാണ്. അതൊന്നു കഴിഞ്ഞാല്‍ വീരന്‍ നേരിട്ട് യുഡിഎഫില്‍ നിന്നുള്ള പടിയിറക്കല്‍ പ്രഖ്യാപനം നടത്തും. ഏറിയാല്‍ രണ്ടാഴ്ച എന്ന് സാരം.

പിന്നെ കണക്കുകളുടെ കളിയാവും പ്രസക്തം. വീരന്റെ പാര്‍ട്ടി പോയാലും ഒരാളുടെ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാവും. ഏഴുപത്തിയൊന്ന് എന്ന മാന്ത്രിക സംഖ്യയുടെ പ്രസക്തി ഉമ്മന്‍ചാണ്ടി അറിയാന്‍ പോകുന്നത് അവിടെയാണ്. കാരണം ആ എഴുപത്തിയൊന്നാമന്‍ സാക്ഷാല്‍ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. ജോര്‍ജ്ജ് പറയുന്നത് പോലെ ആടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുന്ന പക്ഷം സര്‍ക്കാര്‍ നിലനില്‍ക്കും. അതായത് ചരട് മാണിയുടെ കൈയില്‍ നിന്നും ജോര്‍ജ്ജിന്റെ കൈയില്‍ എത്തും എന്ന് സാരം. പിന്നെ ജോര്‍ജ്ജ് തീരുമാനിക്കും യുഡിഎഫിലെ കാര്യങ്ങള്‍. ആസനത്തില്‍ ആല് കിളിര്‍ത്താലും മുഖ്യമന്ത്രിയായി തുടരും എന്ന് വാശിയുള്ളതിനാല്‍ പിസി ജോര്‍ജ്ജ് പറയുന്നത് എന്തും കേള്‍ക്കും. ഉമ്മന്‍ചാണ്ടിയെ ഉറക്കത്തില്‍ പോലും ഞെട്ടിക്കാന്‍ പോന്ന മറ്റൊരു ആയുധം കൂടി ജോര്‍ജ്ജിന്റെ പോക്കറ്റില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. പണ്ട് ചാടിയ ഒരു കിണറ്റില്‍ നിന്നും മറ്റൊരു ചാട്ടത്തിന് മുകളില്‍ കേറാന്‍ ഒരു സ്‌കോപ്പുമില്ലാത്ത പാവം സെല്‍വരാജ് എന്ന വജ്രായുധം. പിസി പറയുന്നിടത്ത് സെല്‍വരാജ് കളിക്കും. ചെണ്ടയടിക്കാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനുള്ളപ്പോള്‍ ജോര്‍ജ്ജിന്റെ പാട്ടിനനുസരിച്ച് ചാടിയില്ലെങ്കില്‍ സെല്‍വരാജിന്റെ യാത്രയും ജീവിതവും ബാലരാമപുരത്ത് അവസാനിക്കും.

നല്ല രസമുള്ള കളിയായിരിക്കും അങ്ങനെയാണെങ്കില്‍ മലയാളികള്‍ കാണുക. മാണിയുടെ എട്ടിനെക്കാളും ജോര്‍ജ്ജിന്റെ രണ്ട് വലുതാവും. അപ്പോള്‍ മാണിസാര്‍ എന്ന് വിളിച്ച നാവുകൊണ്ട് ജോര്‍ജ്ജിനി പാലാ മെമ്പര്‍ എന്ന് മാത്രമായിരിക്കില്ല വിളിക്കുക.

മാണിസാര്‍ ആരാന്നാ വിചാരം? ഇപ്പോള്‍ നരേന്ദ്ര മോദിയുടെ മാത്രമല്ല അരുണ്‍ ജെയ്റ്റിലിയുടെയും ഗുഡ് ബുക്കിലെ പ്രധാന താരമാണ്. അങ്ങനെയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു ക്രിസ്തീയ-ഹൈന്ദവ ബാലവിവാഹം സാധ്യമായെന്നും വരാം. ചുളുവില്‍ ജോസ് കെ മാണി ഒരു കേന്ദ്ര സഹമന്ത്രി വരെ ആയിക്കൂടെന്നില്ല. പിസി തോമസിന് ആകാമെങ്കില്‍ പിന്നെ നമുക്കെന്ത് തള്ളെ? പക്ഷെ ഇതിനൊരു ചെറിയ പ്രശ്‌നം ഉണ്ട്. ഇപ്പോള്‍ തന്നെ ‘രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും’ എന്ന് മനഃപായസം ഉണ്ടിരിക്കുന്നവരുടെ ലോകസമ്മേളനം നടക്കുകയാണവിടെ. ഷിറ്റിന്റെ മൊത്താധിപന്‍ സുരേഷ് ഗോപി മുതല്‍ അമൃതാനന്ദമയീ പീഠം പലതവണ കേറിയിട്ടും ആശയടങ്ങാത്ത മൂത്ത നേതാവ് രാജഗോപാല്‍ജി വരെ ഇപ്പം പുലരും എന്ന് കാത്തിരിക്കുന്ന കൂടാരമാണത്. അവിടെ മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെങ്കിലും മിനിമം ധനമന്ത്രിയെങ്കിലും ആകാന്‍ പറ്റും. പല ബജറ്റുകള്‍ അവതരിപ്പിക്കാം, പിരിവ് നടത്താം, ഹാ…എത്ര സുന്ദരം. ദന്ദീന്ദ്രന്‍ ആ പത്മത്തെ ഉപദ്രവിക്കാതിരിക്കട്ടെ.

പക്ഷെ ഉമ്മന്‍ചാണ്ടി സാര്‍, ഇനി സ്‌കോപ്പില്ല. അപമാനം സഹിച്ച് മാത്രം ഇനി ആ കസേരയില്‍ തുടരാന്‍ ഇവരൊന്നും സമ്മതിക്കുമെന്ന് തോന്നുന്നില്ല. മാണിസാറിനെ വെട്ടാന്‍ തുടങ്ങിയ കളിയാണ്. അവസാനം സ്വന്തം നെഞ്ചത്ത് എന്ന് തിരിച്ചറിയും. പിന്നെ കൊച്ചുവെളുപ്പാന്‍കാലത്ത് കെ കരുണാകരന്റെ പ്രേതം വന്ന് നെഞ്ചില്‍ തട്ടിച്ചോദിക്കും, ‘ചാരക്കേസ് എവിടെ ഗഡീ’ എന്ന്. അവിടെ സംരക്ഷിക്കാന്‍ ഒരു ഗണ്‍മാനും വരില്ല എന്നതാണ് ജീവിതയാത്രയുടെ രഹസ്യം. എന്തുമാത്രമല്ല ഇതുവരെയുള്ള ജീവിതം ഫ്‌ളാഷ് ബാക്കില്‍ തെളിയും. അവിടെ എല്ലാവരും ആദര്‍ശധീരരാവും. കാരണം കുമ്പസാരമാണ്. ചിലവില്ലാത്ത പരിപാടിയാണ്. അതാണ് സര്‍ യഥാര്‍ത്ഥ ജനസമ്പര്‍ക്കം. അവിടെ പലതും തിരുത്തണമെന്ന് തോന്നും. മറിയാമ്മ പ്രസവിച്ചപ്പോള്‍ ആശുപത്രിയില്‍ നില്‍ക്കാമായിരുന്നു എന്ന്, ശരിയായ ഗുരുവായിരുന്ന എംഎ ജോണിനെ പിന്നില്‍ നിന്ന് കുത്തണ്ടായിരുന്നു എന്ന്, പണപ്പിരിവല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് തൊട്ട് പുതുപ്പള്ളിക്കാരോട് എണ്ണിപ്പറയാനുള്ളതൊക്കെ അവിടെ വെളിയില്‍ വരും. പേടിക്കേണ്ട, ആരും കേള്‍ക്കില്ല. കാരണം കെ കരുണാകരന്‍ ആവശ്യമില്ലാത്തതൊന്നും വെളിയില്‍ പറഞ്ഞിട്ടില്ല.

ഇനി കേരള ജനത നേരിടേണ്ടി വരുന്നത് പൊതു തിരഞ്ഞെടുപ്പാണോ അരുവിക്കര തിരഞ്ഞെടുപ്പാണോ എന്നത് മാത്രമാണ് അറിയേണ്ടത്. ഖജനാവില്‍ ധനം കുന്നുകൂടട്ടെ, പൊതുതിരഞ്ഞെടുപ്പാകട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍