UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് സര്‍ക്കാരിന്റേത് കേരളത്തിന്റെ സുവര്‍ണകാലം: ഗവര്‍ണര്‍

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു കൊല്ലം കേരളത്തിന്റെ സുവര്‍ണകാലഘട്ടമാണെന്ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മദ്യ രഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.

കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ്. സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. പഞ്ചായത്ത് തലത്തില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് നടപ്പിലാക്കി.

കേരളത്തിന്റെ ഐടി രംഗത്തെ കയറ്റുമതി 15,000 കോടി രൂപയായി വര്‍ദ്ധിച്ചു. ഐടിയില്‍ നിന്നുള്ള വരുമാനം 18,000 കോടി രൂപയാണ്.

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെന്ന് ഗവര്‍ണര്‍ പറഞ്ഞു. 12.35 ശതമാനമാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ 70 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയാക്കി. ഈ മാസം തന്നെ ഇവിടെ പരീക്ഷണ പറക്കല്‍ നടത്തും. കൊച്ചി മെട്രോ ജൂണ്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി ആദ്യത്തെ മെഡിക്കല്‍ കോളെജ് പാലക്കാട് ആരംഭിക്കും. കണ്ണൂരില്‍ ഹാന്റ് ലൂം പ്രദര്‍ശനത്തിനായി അടുത്ത സാമ്പത്തിക വര്‍ഷം സ്ഥിരം കേന്ദ്രം ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍