UPDATES

യുഡിഎഫ് ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം

അഴിമുഖം പ്രതിനിധി

സ്വാശ്രയ കോളേജ് ഫീസ്‌ വിഷയത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഇനലെ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലിസ്  നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിന് തിരുവനന്തപുരത്ത് സമ്മിശ്ര പ്രതികരണം. ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും  ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നു. ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുവാന്‍ സാധ്യതയുണ്ട്. 

യൂത്ത് കോണ്ഗ്രസ്സില്‍ നിന്നും യുഡിഎഫ്  ഏറ്റെടുത്ത സമരത്തിന്‍റെ ഭാഗമായി ഇന്ന് നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ്‌ ജേക്കബ് എന്നിവരാണ് നിരാഹാരം കിടക്കുക. തുടര സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും.അതേ സമയം ഇന്നു സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കാനാണ് സാധ്യത.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി വന്ന നിരാഹാര സമരത്തിനിടയിലേക്ക് പൊലീസ് അക്രമം നടത്തിയെന്നാരോപിച്ചാണ് തലസ്ഥാനത്ത് ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യക്കോസിന് ഇന്നലെ നടന്ന ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡീനിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവ സ്ഥലത്തെത്തിയ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ് എന്ന് അറിയിച്ചിരുന്നു.  ഇന്നലെ നിയമസഭയില്‍ സഭ നിര്‍ത്തി വെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നുള്ള യുഡിഎഫ് എംഎല്‍എമാരുടെ ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ച് തള്ളിക്കളഞ്ഞിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍