UPDATES

യു ഡി എഫില്‍ ചക്കളത്തിപ്പോര്; പിള്ളയെ പുറത്താക്കണമെന്ന ആവിശ്യം ശക്തം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ യുഎഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷമാണ് ഇന്നും.  വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യുഡിഎഫ് യോഗം ചേരുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും മുന്നണിയിലെ ഉന്നത നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തിയതായി അറിയുന്നു. ഇതിനിടെ കെ എം മാണിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മുതിര്‍ന്ന നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ യുഎഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണി യോഗം അടിയന്തിരമായി ചേരണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഉം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗം ചേരണമെന്ന ആവശ്യം പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യൂഡിഎഫ് കണ്‍വീനറെ അറിയിച്ചു.

പാലക്കാട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാര്‍ തോറ്റതിനെ കുറിച്ച് അന്വേഷിക്കുന്ന യുഡിഎഫ് ഉപസമിതിയുടെ നാളെ നടക്കേണ്ട യോഗം മാറ്റി വച്ചിട്ടുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയാണ് ഉപസമിതിയുടെ അദ്ധ്യക്ഷന്‍. ബാലകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സ്വന്തം മകനെ പോലും തള്ളി പറഞ്ഞ ചരിത്രം പിള്ളയ്ക്കുണ്ടെന്നും അദ്ദേഹം നല്ലപിള്ള ചമയേണ്ടെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഇന്നലെ പുറത്ത് വന്ന ബിജു രമേശുമായുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണത്തില്‍ വെള്ളാപ്പള്ളിക്ക് എതിരായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ആനുകൂല്യങ്ങള്‍ കൈപ്പറ്റി സര്‍ക്കാരിനെ തുരങ്കം വയ്ക്കാനാണ് പിള്ള ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

എന്നാല്‍ പിള്ളയ്‌ക്കെതിരായ നടപടി ആവശ്യവുമായി കേരള കോണ്‍ഗ്രസ് (എം) മുന്നോട്ട് പോകാനുള്ള സാധ്യത വിരളമാണ്. അങ്ങനെയാണെങ്കില്‍ കെ എം മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന് മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ ബിജു രമേശിനോട് പറഞ്ഞ പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും.

ഇതിനിടെ കെ എം മാണിക്കെതിരായ ബാക്കി തെളിവുകള്‍ ഇന്ന് വൈകിട്ട് തന്നെ വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് സമര്‍പ്പിക്കുക എന്നും ബിജു രമേശ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍