UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയം ഒരു പെരും നുണയായി മാറുന്ന കേരളം

രാഷ്ട്രീയം ഒരു പെരും നുണയായി മാറുന്നു കേരളത്തില്‍. കള്ളവും ചതിയും വഞ്ചനയും കാലുവാരലും നിത്യതൊഴിലാക്കിയവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖല സിനിമയോ ക്രിക്കറ്റോ അല്ല. അവിഹിത ധനസമ്പാദനത്തിന് കപടരാഷ്ട്രീയം പോലെ സുഖകരമായ മറ്റൊരു രംഗമില്ലെന്നായി. അധികാരവുമായി ബന്ധപ്പെട്ട മേഖലയായതിനാല്‍ ജനജീവിതത്തെ വളരെ വേഗം രാഷ്ട്രീയ നുണകള്‍ ദുഷിപ്പിക്കുന്നു. അങ്ങനെ നമ്മുടെ നിത്യജീവിതം ഇപ്പോള്‍ നുണകൊണ്ട് ഭക്ഷിക്കുകയും കള്ളത്തരങ്ങള്‍ ശ്വസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവവചനങ്ങള്‍ ഉരുവിടേണ്ട പുരോഹിതന്റെ ചുണ്ടുകളില്‍ നിന്നുപോലും വ്യാജവര്‍ത്തമാനങ്ങള്‍ വരുന്നു.

കെ.എം. മാണിക്കെതിരെ ഉയര്‍ന്ന കോഴക്കേസ്സില്‍ അബ്കാരികളില്‍ ചിലരെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. ഉപബോധമനസ്സില്‍ സത്യമെല്ലാം മൂടി വച്ചിട്ട് ലോകരോട് വീണ്ടും വീണ്ടും കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് അബ്കാരികളെ ബോധം കെടുത്തി സത്യം പറയിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തുനിയുന്നത്. ഇങ്ങനെ ലഭിക്കുന്ന പച്ചയായ സത്യങ്ങള്‍ ഈ കേസില്‍ തെളിവായി വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മറ്റൊരു നുണമാത്രം. കാരണം നുണപരിശോധന സത്യം അറിയാനല്ല, സാക്ഷി കള്ളം പറഞ്ഞോ എന്ന് അറിയാന്‍ മാത്രം. കോടതിക്ക് ആ തെളിവുകള്‍ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. കോടതി മുറിയില്‍ തെളിവുകള്‍ നിരത്തി വീറോടെ വാദിക്കുന്ന സത്യസന്ധനായ പ്രോസിക്യൂട്ടറോട് ”തന്നോടിതൊക്കെ ഇവിടെ പറയാന്‍ ഇപ്പോള്‍ ആരുപറഞ്ഞു?” എന്ന് ദേഷ്യപ്പെടുന്ന ന്യായാധിപന്മാരുള്ള നാടാണിത്. കോഴ വാങ്ങിയതിന് കേസ് നേരിടുന്നത് ധനമന്ത്രിയല്ല, നിയമകാര്യ മന്ത്രി കെ.എം. മാണിയാണ്. കേരളത്തിന്റെ പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനെത്തന്നെ നിയമവകുപ്പുകൂടി ഏല്‍പ്പിച്ചതിനേക്കാള്‍ വലിയ രാഷ്ട്രീയ കള്ളത്തരം മറ്റെന്ത്? പൊലീസ് വകുപ്പും കൂടി മാണിയെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഭരണം ശുഭസുന്ദരമാകുമായിരുന്നു.

ഇന്നലെവരെ കെ.എം. മാണിയെന്ന നേതാവിനെ ‘മാണി സാര്‍’ എന്ന് ഭക്തിപുരസരം വിളിച്ചു വന്നിരുന്ന പി.സി. ജോര്‍ജ് അതേ നാവുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തെ ‘മുരട്ടുകിഴവന്‍’ എന്ന് ബഹുമാനപൂര്‍വം വിളിക്കുന്നു. പരസ്യ ജീവിതത്തില്‍ മാണി എല്ലാ നേതാക്കള്‍ക്കും ‘സാര്‍’ ആയത് വലിയൊരു നുണ തന്നെ. പാലായിലെ ഭേദപ്പെട്ട ഒരു വക്കീലും കോട്ടയം ഡി.സി.സി. സെക്രട്ടറിയും ആയിരുന്നു അരനൂറ്റാണ്ട് മുമ്പ് കെ.എം. മാണി. ഇടതുവലതു പക്ഷത്തുള്ള ഒരു രാഷ്ട്രീയ നേതാവിനെയും മാണി നാലക്ഷരം പഠിപ്പിച്ചിട്ടില്ല. എങ്കിലും പഴയ തിരുവിതാംകൂര്‍ പ്രദേശത്തുള്ളവര്‍ പള്ളിക്കൂടം വാദ്ധ്യാന്മാരെ വിളിക്കും പോലെ കെ.എം. മാണിയെ ‘മാണി സാര്‍’ എന്ന് വിളിക്കുന്നു. രാഷ്ട്രീയ പരിതസ്ഥിതി മാറുമ്പോള്‍ ഓന്ത് നിറം മാറുന്നതുപോലെ ‘മുരട്ടുകഴിവ’നെന്നും വിളിക്കുന്നു. ഇതെല്ലാം നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കള്ളം മാത്രമാണെങ്കില്‍ ഈ പ്രപഞ്ചം തന്നെ സത്യമായും വലിയൊരു കള്ളമാണെന്ന് ശാസ്ത്രം പറയുന്നു. കുട്ടികളെ താഴ്ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പ്രത്യക്ഷ സത്യമെന്ത്? സൂര്യന്‍ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. ഇത്തിരി ഉയര്‍ന്ന ക്ലാസ്സിലെത്തുമ്പോള്‍ സൂര്യന്‍ ചെറിയൊരു നക്ഷത്രമാണെന്നും അത് ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എന്ന കേവല സത്യം പഠിക്കുന്നു. ഭൂമി സൂര്യന് ചുറ്റും കറങ്ങുകയും സാങ്കല്‍പ്പികമായ അച്ചുതണ്ടില്‍ സ്വയം തിരിയുകയും ചെയ്യുന്നതുകൊണ്ടാണ് പകലും രാത്രിയും ഉണ്ടാകുന്നത്. അപ്പോള്‍ നിത്യവും കാണുന്ന സൂര്യാസ്തമയങ്ങള്‍ വലിയൊരു പ്രാപഞ്ചിക നുണയാണെന്ന് അറിഞ്ഞ് കുഞ്ഞുങ്ങളുടെ നക്ഷത്രക്കണ്ണുകള്‍ വിടരുന്നു.

റബ്ബര്‍ കര്‍ഷകരുടെ പ്രിയപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് കരുതിയവര്‍ക്കെല്ലാം തെറ്റുപറ്റി. അതിനേക്കാള്‍ വലിയൊരു നുണ വേറെ ഇല്ലെന്നാണ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. തകര്‍ന്ന റബ്ബര്‍ വില ഉയര്‍ത്തി കര്‍ഷകരെ സഹായിക്കാതിരിക്കാന്‍ ടയര്‍ ഉല്‍പ്പാദകരില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം.പി. പത്തുകോടി രൂപ കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന് ജോര്‍ജ് വെളിപ്പെടുത്തുന്നു. 1973 മുതല്‍ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ വിറ്റ് പണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന നേതാവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മാണിയെ ജോര്‍ജ് പ്രിയ നേതാവായി കരുതി സാര്‍, സാര്‍ എന്ന് വിളിച്ചു പോന്നു. നായനാര്‍ നയിച്ച ഇടതു മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴും കെ.എം. മാണി ബജറ്റ് വിറ്റിട്ടുണ്ടെന്നാണ് ജോര്‍ജ് ആണയിട്ടു പറയുന്നത്. ഇത്രയൊക്കെ ആക്ഷേപകരമായി സംസാരിച്ചിട്ടും മന്ത്രി മാണി എത്ര കരുണയുള്ളവന്‍. ”ജോര്‍ജിനോട് ഏഴുവട്ടമല്ല, എഴുപതുവട്ടം ക്ഷമിച്ചിരിക്കുന്നു.” ക്രിസ്തുവിന്റെ ക്ഷമാശീലവും തോറ്റുപോകുന്ന അമാനുഷിക മാണിഭാവം കണ്ട് കേരളം അമ്പരന്നു പോകുന്നു. ഇങ്ങനെ പ്രകോപിപ്പിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താകാമെന്ന് ജോര്‍ജ് തല്‍ക്കാലം കരുതണ്ട. മേയ് 14-ാം തീയതി വരെ ജോര്‍ജിനോട് പരമകാരുണികനായി മാണി തുടരും. അതു കഴിഞ്ഞ് പൂഞ്ഞാര്‍ സീറ്റ് ജോര്‍ജ് രാജിവച്ചാലും ഇല്ലെങ്കിലും യു.ഡി.എഫ് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലല്ലോ. അതിനിടെ ജോര്‍ജ് സെക്യൂലര്‍ കേരള കോണ്‍ഗ്രസ്സുകാരനാണ് താന്‍ എന്നോ മറ്റോ നുണ പറഞ്ഞുപോയാല്‍ കാലുമാറ്റക്കേസായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പിടികൂടിക്കൊള്ളും. പാലാ സീറ്റും പതിനായിരം രൂപയും വാങ്ങി കുളത്തുങ്കല്‍ പോത്തനെ സാക്ഷിയാക്കി മാണി കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് റബ്ബര്‍ ടാപ്പ് ചെയ്യാനല്ല. അത്തിക്കായ് പഴുക്കുമെന്നും മുന്തിരി വള്ളികള്‍ തളിര്‍ക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

കലയിലും സാഹിത്യത്തിലും മാത്രമാണ് രസകരമായ നുണകള്‍ ഉള്ളതെന്ന് കഥയില്ലായ്മകൊണ്ട് ധരിച്ചുപോയ നാം രാഷ്ട്രീയ നാടകവേദിയില്‍ നിത്യവും കേള്‍ക്കുന്ന പെരും നുണകള്‍ ആസ്വദിക്കണം. സാമ്യമൂലകാലങ്കാരങ്ങള്‍ കവിതയിലെ നുണയാണെന്ന് സാഹിത്യ മീമാംസകര്‍ക്ക് അറിയാം. രാജാവിന്റെ മുഖം ചന്ദ്രനെപ്പോലാണെന്ന് നുണപറഞ്ഞാല്‍ ഉപമാലങ്കാരമായി. മന്നവേന്ദ്രന്റെ മോന്ത ചന്ദ്രനാണോ എന്ന് സന്ദേഹിച്ചാല്‍ ഉല്‍പ്രേക്ഷയാണുപോലും. ഒരു സംശയവും കൂടാതെ ചന്ദ്രന്‍ തന്നെയാണ് രാജമുഖം എന്ന് തറപ്പിച്ച് കള്ളം പറഞ്ഞാല്‍ അത് രൂപകമത്രേ. ഇങ്ങനെ ഭാഷാലങ്കാരങ്ങളിലൂടെ പെരും നുണകള്‍ ആസ്വദിക്കുന്ന സാഹിത്യകലാ പ്രണയികള്‍ രാഷ്ട്രീയത്തിലെ കള്ളത്തരങ്ങളും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം ദൈനംദിന യാഥാര്‍ത്ഥ്യവും കല ഭാവനയുമാണ്. ഏതു വിരൂപനായ രാജാവിനെയും സാഹിത്യകൃതിയില്‍ സുന്ദരനെന്ന് വിളിക്കാം. രാഷ്ട്രീയം ഭാവനയല്ല. മനുഷ്യജീവിതത്തിലെ നിത്യസത്യമാണ്. അവിടെ നിയമമന്ത്രി നിയമം ലംഘിച്ചാല്‍ ജനം നിയമവ്യവസ്ഥയെ അവിശ്വസിക്കാന്‍ തുടങ്ങും. ജയിലില്‍ കിടക്കേണ്ട വ്യക്തി ഭരണാധികാരക്കസേരയില്‍ ഇരിക്കാന്‍ ഇടവന്നാല്‍ രാജ്യം അപകടത്തിലാകും. വെട്ടിപ്പും തട്ടിപ്പും അപഥസഞ്ചാരവും തൊഴിലാക്കിയ സ്ത്രീകള്‍ മാധ്യമനിലപാടുകളെ നിയന്ത്രിച്ച് സമൂഹനായികമാരായി മാറും. ജോസ്. കെ. മാണിയുടെ പേര് എഴുതിയ കടലാസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് ജോസ് കെ. മാണിയല്ലെന്ന് പച്ചക്കള്ളം പറയും. താന്‍ അണിഞ്ഞിരിക്കുന്ന പച്ച സാരിയെ ചൂണ്ടി ഈ ചുമപ്പ് സാരി കണ്ടോ എന്ന് ചോദിക്കും.

മനഃശാസ്ത്ര പ്രൊഫസറും പ്രശസ്ത പോളിഗ്രാഫ് വിദഗ്ദ്ധനുമായ ലിനാര്‍ഡ് സാക്‌സ് പറഞ്ഞു: ”നുണ പറയുന്ന ശീലം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആരെയെങ്കിലും കബളിപ്പിക്കാതെ ഒരു ദിവസവും ഉറങ്ങാനാവില്ലെന്നായി. ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് സ്വയം വഞ്ചിക്കേണ്ടിവരും.” ലിനാര്‍ഡ് സാക്‌സ് നടത്തിയ ഒരു പഠനത്തില്‍ എല്ലാ ആണും പെണ്ണും പറയുന്ന കാര്യങ്ങളില്‍ അഞ്ചിലൊന്ന് ഭാഗം കള്ളമാണെന്ന് കണ്ടു. ആസന്ന മരണം കാത്തുകിടക്കുന്ന അര്‍ബുദ രോഗിയോട് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ”വളരെ സുഖമുണ്ട്” എന്ന് ഉത്തരം പറയും. ആ ചോദ്യവും ഉത്തരവും നിത്യജീവിതത്തിലെ നുണകളാണെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ ആ നുണ നമുക്കാവശ്യമുണ്ട്.

ചരിത്രത്തിലെ വലിയ നുണകള്‍ പലതും പില്‍ക്കാലത്ത് വെളിപ്പെട്ടപ്പോള്‍ ലോകം അമ്പരന്നുപോയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ജയിംസ് ബാരിയെന്ന ബ്രിട്ടീഷ് ഡോക്ടറുടെ കഥ. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും 19-ാം നൂറ്റാണ്ടില്‍ ഡോക്ടര്‍ ആയി ജീവിച്ച ജയിംസ് യഥാര്‍ത്ഥത്തില്‍ മാര്‍ഗററ്റ് ആന്‍ ബള്‍ക്ക്‌ലിയെന്ന സ്ത്രീയായിരുന്നു. പുരുഷവേഷത്തില്‍ ജീവിച്ച ഈ ഡോക്ടര്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ പ്രസവ ശസ്ത്രക്രിയ വിജയകരമായി ചെയ്തു. ബ്രിട്ടീഷ് സൈനികാശുപത്രികളുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പദവിയില്‍ ഇരുന്ന് റിട്ടയല്‍ ചെയ്ത ജയിംസ് മരിക്കുന്നതുവരെ താനൊരു സ്ത്രീയായിരുന്നെന്നും ഇംഗ്ലണ്ടിലെ ആദ്യത്തെ ലേഡി ഡോക്ടര്‍ ആയിരുന്നു എന്നും ഉള്ള സത്യം മറച്ചു വച്ചു. മരണാനന്തരം സെമിത്തേരിയിലെത്തിയപ്പോഴാണ് സത്യം പുറത്തായത്. മാര്‍ഗററ്റിന്റെ കത്തിടപാടുകളടക്കം എല്ലാ ഔദ്യോഗിക രേഖകളും ബ്രിട്ടീഷ് സര്‍ക്കാര്‍ നൂറുവര്‍ഷത്തേക്ക് മുദ്രവച്ചു പൂട്ടി. സ്ത്രീകള്‍ക്ക് ഔദ്യോഗിക പദവികളില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത അവസ്ഥ മറികടക്കാനാണ് മാര്‍ഗററ്റ് ആജീവനാന്തം ജയിംസ് ആയി വേഷം മാറിയത്. നമ്മുടെ രാഷ്ട്രീയ നുണകളെയും ചരിത്രം ശസ്ത്രക്രിയചെയ്യുമ്പോള്‍ ഒരിക്കല്‍ ഇതുപോലെ രസകരമായ ആള്‍മാറാട്ടങ്ങള്‍ പുറത്തുവന്നെന്നുവരാം. സരിത എസ്. നായര്‍ സകലരെയും പറ്റിച്ച ഒരു പുരുഷന്‍ ആയിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍