UPDATES

ബി ജെ പി വളര്‍ച്ച: യു ഡി എഫ് കക്ഷികളെ പ്രതികൂലമായി ബാധിച്ചു: എന്‍ കെ പ്രേമചന്ദ്രന്‍

എം കെ രാമദാസ്

എസ് എന്‍ ഡി പി- ബി ജെ പി ബന്ധം കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് ആര്‍ എസ് പി ദേശീയ സമിതി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍.

എസ് എന്‍ ഡി പിയുമായുള്ള ബന്ധം ബി ജെ പിയ്ക്ക് രാഷ്ട്രീയ നഷ്ടമാണ്. എസ് എന്‍ ഡി പി ചങ്ങാത്തത്തിലൂടെ ബി ജെ പിയുടെ മുഖം വികൃതമാകുകയായിരുന്നു. ബി ജെ പിയുടെ ദേശീയ മുഖം ഈ ചങ്ങാത്തത്തിലൂടെ നഷ്ടമാകുകയും ചെയ്തു. വിശാല ഹിന്ദു ഐക്യമെന്ന ബി ജെ പി ആഗ്രഹത്തിന് എസ് എന്‍ ഡി പി ബന്ധം വിഘാതമാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ കേരളത്തില്‍ ബി ജെ പിയ്ക്ക് ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. സി പി ഐഎമ്മിനും എല്‍ ഡി എഫിനും മാത്രമല്ല യു ഡി എഫ് കക്ഷികള്‍ക്കും ബി ജെ പി വളര്‍ച്ച പ്രതികൂലമായി ബന്ധിച്ചിട്ടുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ദേശീയ സംസ്ഥാന രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക പ്രശ്‌നങ്ങളാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത്. യു ഡി എഫില്‍ നിന്ന് അര്‍ഹമായ പരിഗണന ആര്‍ എസ് പിയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ശക്തി കേന്ദ്രമായ കൊല്ലത്ത് യു ഡി എഫ് മേല്‍കൈ നേടുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ദീര്‍ഘകാല അടുപ്പമുണ്ട്. ഒരേ ഗസ്റ്റ്ഹൗസില്‍ അടുത്തടുത്ത മുറികളില്‍ കഴിയേണ്ടിവന്നപ്പോള്‍ നടന്ന സൗഹൃദ സംഭാഷണം മാത്രമാണ് കോഴിക്കോട് കോടിയേരി ബാലകൃഷ്ണനുമായി നടന്നത്. മുന്നണി മാറ്റത്തെക്കുറിച്ച് ആര്‍ എസ് പി ചിന്തിക്കുന്നതേയില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് എം കെ രാംദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍