UPDATES

യുഡിഎഫ് മദ്ധ്യമേഖലാ ജാഥ ക്യാപ്റ്റനായി ജോസ് കെ മാണിയെ കൊണ്ടുവരാന്‍ മാണിയുടെ നീക്കം

അഴിമുഖം പ്രതിനിധി

ഇടഞ്ഞു നിന്ന ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാറിനെ വാഗ്ദാനങ്ങള്‍ കൊണ്ട് സമാശ്വസിപ്പിക്കുകയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ആര്‍ എസ് പി (ബി) ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡനെ വാക്കുകള്‍ കൊണ്ട് തള്ളിക്കളയുകയും ചെയ്ത കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ പുതിയ കീറാമുട്ടിയുമായി കേരള കോണ്‍ഗ്രസ് (എം).

ഭരണത്തില്‍ നാലു വര്‍ഷം തികച്ച യുഡിഎഫ് സര്‍ക്കാരിനുമേല്‍ ഇതുവരെ പതിച്ച ആരോപണങ്ങളെ കഴുകി കളയുകയെന്ന ലക്ഷ്യത്തോടെ നടത്താന്‍ ഒരുങ്ങുന്ന മേഖലാ ജാഥകളില്‍ മദ്ധ്യ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയും ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനാകുകയും ചെയ്ത കെ എം മാണി മകനായ ജോസ് കെ മാണിയെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതാണ് പുതിയ പ്രശ്‌നം. ഇതിന് വഴിയൊരുക്കുന്നതിനായി നേരത്തെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന സി എഫ് തോമസ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. ഈ സ്ഥാനത്തേയ്ക്കാണ് ജോസ് കെ മാണിയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറെ നാളുകളായി മസാലചിത്രം പോലെ ഓടി കൊണ്ടിരിക്കുന്ന സോളാര്‍ വിവാദത്തിലെ നായിക സരിത നായര്‍ ജയിലില്‍ കിടക്കവേ എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നുവെന്ന വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാന്‍ നടത്തുന്ന ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സോളാര്‍ വിവാദത്തില്‍ ആരോപണ വിധേയനായ ഒരാളെ അവരോധിക്കുന്നതിനെ ഘടകകക്ഷികളും രംഗത്തെത്തി കഴിഞ്ഞു. ജോസ് കെ മാണിയാണ് ജാഥാ ക്യാപ്റ്റന്‍ എങ്കില്‍ സഹകരിക്കില്ലെന്ന് അവര്‍ വ്യക്തിമാക്കി കഴിഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍