UPDATES

പടലപ്പിണക്കങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കെ യുഡിഎഫ് നേതൃത്വ യോഗം ഇന്ന്

അഴിമുഖം പ്രതിനിധി

പടലപ്പിണക്കങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കെ യുഡിഎഫ് നേതൃത്വ യോഗം ഇന്ന് നടക്കും. കോഴ വിവാദത്തില്‍ പെട്ട കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ക്വിക് വേരിഫിക്കേഷന്‍ നടത്താതില്‍ കേരള കോണ്‍ഗ്രസില്‍ അമര്‍ഷം നിലനില്‍ക്കെയാണ് ഇന്ന് യോഗം ചേരുന്നത്. നേതൃമാറ്റം വേണമെന്ന് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലെ ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

കൂടാതെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംപി വീരേന്ദ്രകുമാര്‍ തോല്‍ക്കാനിടയായ സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ആര്‍ ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും നിലവില്‍ പിള്ള യുഡിഎഫില്‍ ഇല്ല. കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഇന്നത്തെ യോഗം പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുന്നണി വിടാന്‍ തയ്യാറായി നില്‍ക്കുന്ന ജനതാദള്‍ (യു) വിനെ അനുനയിപ്പിക്കാനുള്ള അവസാനശ്രമമായും ഈ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അന്വേഷണം നടത്താത്തത് കേരള കോണ്‍ഗ്രസില്‍ (എം) അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മറ്റ് മന്ത്രിമാര്‍ക്ക് ഒരു നീതിയും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് മറ്റൊരു രീതിയുമാണ് ഉള്ളതെന്ന് അവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യം മുന്നണിയോഗത്തില്‍ ഉന്നയിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇതിനിടെ ഐ ഗ്രൂപ്പ് മാണിക്കെതിരെ പരസ്യമായി രംഗത്തെത്തിയതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. കെ കരുണാകരന് ലഭിക്കാത്ത ഒരു സംരക്ഷണവും ആരോപണ വിധേയരായ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് ലഭ്യമാക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. അതിനാല്‍ ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്ന് വരാനുള്ള സാധ്യത വിരളമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍