UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വള്ളം എവിടെ അടുക്കും? പുതുപ്പള്ളിയിലോ അതോ ഹരിപ്പാടോ?

അഴിമുഖം പ്രതിനിധി

മാണി സംരക്ഷണം എന്ന ഒറ്റ അജണ്ടയില്‍ മുന്നേറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്ക് വഴങ്ങാത്ത വിധത്തില്‍ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ കുഴയുന്നു. നേരത്തെ പാര്‍ട്ടിയിലെ സര്‍വാധിപതി ലൈന്‍ കളിച്ചിരുന്ന ഉമ്മന്‍ചാണ്ടിക്ക് കെപിസിസി ഭാരവാഹി യോഗത്തില്‍ നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിറകെ രാജി വിഷയത്തില്‍ പിസി ജോര്‍ജ്ജും കെഎം മാണിയും നിലപാടുകള്‍ കടുപ്പിച്ചതോടെ മുഖ്യമന്ത്രി ശരിക്കും ത്രിശങ്കുവിലായിരിക്കുന്നു. വള്ളം പുതുപ്പള്ളിയിലാണോ ഹരിപ്പാടാണോ അടുക്കുക എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.

ചീഫ് വിപ്പിന്റെ രാജി പ്രശ്‌നത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവും എന്ന പൊതുപ്രതീക്ഷ നിലനില്‍ക്കെ രാവിലെ തന്നെ പിസി ജോര്‍ജ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയതോടെയാണ് സംഭവങ്ങള്‍ കൊഴുത്തത്. മുന്നണി നേതൃത്വം പറഞ്ഞാലും ചീഫ് വിപ്പ് സ്ഥാനം രാജി വെക്കില്ലെന്ന് ജോര്‍ജ് പറഞ്ഞു. അല്ലെങ്കില്‍ തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം മുന്നണി നേതൃത്വം ഉണ്ടാക്കി തരികയാണ് വേണ്ടതെന്നും ജോര്‍ജ് നിലപാടെടുത്തു. മാണിയുടെ ഔദാര്യമല്ല തന്റെ പദവിയെന്നും മാണി പറഞ്ഞാല്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും ജോര്‍ജ് തുറന്നടിച്ചു. അഴിമതിക്കെതിരെ പോരാടുന്നതിന്റെ പേരില്‍ നടപടി വേണമെന്ന് മാന്യതയുള്ള ഒരു യുഡിഎഫ് നേതാവും പറയില്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഐ ഗ്രൂപ്പ് ഉന്നയിച്ചത്. മാണിയെയും ജോര്‍ജിനെയും രക്ഷിക്കാന്‍ ഓടി നടക്കുകയാണ് മുഖ്യമന്ത്രിയെന്നും അഴിമതിക്കാരെ രക്ഷിച്ചിട്ട് കോണ്‍ഗ്രസിന് എന്താണ് നേട്ടമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ യോഗത്തില്‍ ചോദിച്ചതായി അറിയുന്നു. മറ്റുള്ളവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുമ്പോള്‍ കോണ്‍ഗ്രസിനെ ആര് രക്ഷിക്കുമെന്ന ചോദ്യവും സതീശന്‍ ഉന്നയിച്ചതായാണ് സൂചന.

എന്നാല്‍ പിസി ജോര്‍ജിനെ പൂര്‍ണമായും തള്ളിക്കൊണ്ട് മാണി ഇതിനിടെ രംഗത്തെത്തി. ജോര്‍ജിനെ മാറ്റണമെന്ന തന്റെ അഭിപ്രായത്തില്‍ ഒരു മാറ്റവുമില്ലെന്നും ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും മാണി വ്യക്തമാക്കി.

ഇതോടെ ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പകിടകളിക്കുള്ള സാധ്യതകള്‍ വിഷയത്തില്‍ ചുരുങ്ങുകയാണ്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയില്ലാതെ വിഷയത്തില്‍ മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടാവും. മാത്രമല്ല, രാജ്യസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന നിലയിലുള്ള വെല്ലുവിളികള്‍ പിസി ജോര്‍ജ് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ അത്ര പെട്ടെന്ന് സ്ഥാനത്ത് നിന്നും മാറ്റി മാണിയെ സംരക്ഷിക്കാനും മുഖ്യമന്ത്രിക്കാവില്ല. ഇന്നലെ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുറന്ന് തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലെ ന്യായീകരിച്ചതിലൂടെ സ്വന്തം ഗ്രൂപ്പില്‍ തന്നെ പടലപ്പിണക്കങ്ങള്‍ ഉടലെക്കുന്നുണ്ടെന്നതും ഉമ്മന്‍ചാണ്ടി കാണേണ്ടി വരും.

ഈ സര്‍ക്കാരിന്റെ രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികം മുതല്‍ തുടങ്ങിയ ചാഞ്ചാട്ടം ഇനി ചുഴികളിലേക്ക് നീങ്ങുന്നു എന്ന് വേണം കരുതാന്‍. കേരളത്തിലെ ഒരു മുന്‍സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം അഴിമതി ആരോപണങ്ങള്‍ ഈ സര്‍ക്കാരിനെ വേട്ടയാടിയപ്പോഴും അതിനെ തടയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നത് പാര്‍ട്ടിയില്‍ നിന്നും കിട്ടിയ പിന്തുണയുടെ ബലത്തിലാണ്. ഇപ്പോള്‍ അതും ഇല്ലെന്ന് വരുന്നതോടെ വള്ളം പുതുപ്പള്ളിയില്‍ അടുക്കില്ലെന്ന് ഏകദേശം ഉറപ്പാണ്. കരുണാകരന്റെ പ്രേതം അത്ര എളുപ്പം ഉമ്മന്‍ചാണ്ടിയെ വിട്ടുപോകില്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍