UPDATES

സിനിമ

കത്രിക വയ്ക്കലിന്റെ സംഘപരിവാര്‍ രാഷ്ട്രീയം

Avatar

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

സദാചാര വിരുദ്ധമെന്ന് വിളിക്കപ്പെടുന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ ലോകത്തിന്‍റെ അപമാനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്..!– ഓസ്കാര്‍ വൈല്‍ഡ്

‘പുലയന്‍’ എന്ന പദം ഉപയോഗിച്ചിടത്തെല്ലാം കത്രിക വെക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധവുമായി കമ്മട്ടിപ്പാടത്തിന്‍റെ സംവിധായകന്‍ രാജീവ് രവി മുന്നോട്ട് വന്നിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു ശേഷമാണ് സംഘപരിവാര്‍ കൂട്ടുകെട്ട് ഭരിക്കുന്ന പഞ്ചാബിലെ അത്രമേല്‍ അസാധാരണമായ ലഹരി ഉപയോഗവും, അതിനാല്‍ നശിക്കുന്ന യുവതയും പ്രമേയമാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന ഉഡ്ത പഞ്ചാബ് എന്ന സിനിമയുടെ 89 സീനുകള്‍ കത്രിക വയ്ക്കണം എന്ന വാക്കാല്‍ നിര്‍ദ്ദേശവുമായി  സംഘപരിവാറിന്റെ  രാഷ്ട്രീയ ദാസനായ പഹ്ലാജ് നിഹലാനി എന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുന്നോട്ട് വന്നത്. അനിതരസാധാരണമായ നീതിബോധമുള്ള, ആവിഷ്ക്കാര സ്വാതന്ത്ര്യമില്ലായ്മ സകല സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്യും എന്ന് മനസ്സിലാക്കിയ മഹാരാഷ്ട്ര ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചുകൊണ്ട്, ഇന്നലെയാണ് കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ ഉഡ്ത പഞ്ചാബ് എന്ന  സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ ഉത്തരവിട്ടത്.

കത്രിക വയ്ക്കലിന്റെ രാഷ്ട്രീയം

യഥാര്‍ത്ഥത്തില്‍, നിയമാനുസൃതും ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയും, സ്വാഭാവികമായി ബോര്‍ഡ് അതിലെ 89 സീനുകള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും അല്ല ഉണ്ടായത്. പഞ്ചാബില്‍ അടുത്ത വര്‍ഷം ഇലക്ഷന്‍ നടക്കുകയാണ്. ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രവചിക്കപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ വിജയം രാഷ്ട്രീയ നിരീക്ഷകര്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ബി ജെ പി- ശിരോമണി അകാലിദള്‍ സഖ്യമാണ് ഇപ്പോള്‍ പഞ്ചാബ് ഭരിക്കുന്നത്. ഇപ്പോള്‍ തന്നെ നില പരുങ്ങലിലായ ഈ സഖ്യത്തിന് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്ന, നട്ടെല്ലുള്ള ചലച്ചിത്രകാരനായ അനുരാഗ് കശ്യപിന്‍റെ ഈ സിനിമ പ്രയാസങ്ങളുണ്ടാക്കും. അതിനാല്‍ ആ നീക്കത്തെ കാവിവല്‍ക്കരിച്ച സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയുക എന്നതായിരുന്നു ഇതിന്‍റെ പിന്നിലെ കുടില രാഷ്ട്രീയം. പക്ഷേ അത്, ദയനീയമായി പാളിപ്പോയിരിക്കുകയാണ് ഹൈക്കോടതി വിധിയോടുകൂടി.

സെന്‍സര്‍ ബോര്‍ഡ്; അധികാര പരിധികള്‍

1952 ലെ സിനിമോട്ടോഗ്രാഫി നിയമപ്രകാരം രൂപീകൃതമായ Central Board of Film Certification (CBFC) നെയാണ് നാം സെന്‍സര്‍ ബോര്‍ഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള Ministry of Information and Broadcasting ന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിയമപരമായ സ്ഥാപനമാണിത്. Regulating the public exhibition of films under the provisions of the Cinematographic Act 1952 എന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനോദ്ദേശം. നാല് തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമകളെ സര്‍ട്ടിഫൈ ചെയ്യുന്നത്.

1) U (Unrestricted Public Exhibition)
യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാതെ പരസ്യമായി പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി.

2) U/A (Parental Guidance for children below the age of 12 years)
പൊതുവായ പ്രദര്‍ശനാനുമതി; ചില രംഗങ്ങള്‍ മാതാപിതാക്കളുടെ ഗൈഡന്‍സോടുകൂടി കുഞ്ഞുങ്ങള്‍ക്കും കാണാവുന്നത്.

3) A (Restricted to adults)
നിയമപരമായി പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണുവാന്‍ പ്രദര്‍ശനാനുമതിയുള്ള സിനിമ.

4) S (Restricted to any special class of persons)
ചില പ്രത്യേക തൊഴില്‍ മേഖലകളിലോ, ശാസ്ത്ര മേഖലകളിലോ ഉള്ള വ്യക്തികള്‍ക്ക് മാത്രം കാണുവാനുള്ള സിനിമകള്‍.

25 അംഗങ്ങളും, അവരിലൊരാള്‍ ചെയര്‍പേഴ്സനും ആകുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭരണസമിതി. ഇന്ത്യന്‍ ഭരണഘടന  പൌരനു ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളോ, ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും അവകാശങ്ങളോ ഹനിക്കുവാനോ, അതില്‍ കൈകടത്തുവാനോ  സെന്‍സര്‍ ബോര്‍ഡിനു യാതൊരു അധികാരമോ, നിയമപരമായ അവകാശമോ ഇല്ല. Cinematographic Act 1952 ലെ നിബന്ധനകള്‍ പാലിക്കുന്നതാണോ സിനിമ, ഇല്ലെങ്കില്‍ ഏതൊക്കെ രംഗങ്ങളാണ് അവയെ ലംഘിക്കുന്നത് എന്ന് പരിശോധിക്കുകയും, അത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് മാത്രമാണ് ബോര്‍ഡിന്റെ ജോലി. 1983 ലാണ് അവസാനമായി ഇതിന്‍റെ നിയമാവലികള്‍ പുതുക്കിയത്.

ഉഡ്ത പഞ്ചാബ് വിഷയത്തില്‍ നടന്നതെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളോ, നിബന്ധനകളോ ആയി യാതൊരുവിധ  ബന്ധവുമില്ലാത്ത രാഷ്ട്രീയ അസംബന്ധങ്ങളായിരുന്നു. സിനിമ സമര്‍പ്പിക്കപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും, മറുപടിയില്ലാത്തപ്പോള്‍ അനുരാഗ് കശ്യപ് നേരിട്ട് സമീപിച്ചപ്പോഴാണ് പഹ്ലാജ് നിഹലാനി 89 ഇടങ്ങളില്‍ കത്രിക വയ്ക്കേണ്ടതായി വാക്കാല്‍ പറഞ്ഞത്. മോഡിയെ വാഴ്ത്തുന്ന ഹ്രസ്വ ചിത്രങ്ങള്‍ സംവിധാന്‍ ചെയ്തതിനുള്ള പ്രത്യുപകാരമായി 2015 ജനുവരിയിലാണ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനാകുന്നത്. ഉഡ്ത പഞ്ചാബ് സിനിമയോട് ചെയ്ത നീതികേടുകളെ അദ്ദേഹം  രാഷ്ട്രീയപരമായ ബദല്‍ പ്രസ്താവനകളിറക്കി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കശ്യപ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നുപോലും,  സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന നിരവധി, സാമൂഹ്യ , രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സത്യസന്ധമായി കലയെ സമീപിക്കുന്ന ഒരു ചലച്ചിത്രകാരനു  രാജ്യത്തെ മയക്കുമരുന്ന്‌  മാഫിയയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപഭോഗം നടക്കുന്ന പഞ്ചാബിനെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍, സിനിമയില്‍ ഒരിടത്തും പഞ്ചാബ് എന്ന പേരുപയോഗിക്കരുത് എന്നും, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തില്‍ എവിടെയും രാഷ്ട്രീയം പറയരുത്, അന്നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ, നേതാക്കളെയോ സൂചിപ്പിക്കുകപോലും ചെയ്യരുത് തുടങ്ങിയ തിട്ടൂരങ്ങളാണ് അത്രമേല്‍ ബാലിശമായ രൂപത്തില്‍ സംഘപരിവാര്‍ ദാസനായ നിഹലാനിയില്‍ നിന്ന് പുറത്തേക്ക് വന്നത്.

എന്തായാലും  സെന്‍സര്‍ ബോര്‍ഡ് നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജൈറ്റ്ലിയുടെ പ്രഖ്യാപനം രാജ്യത്തെ ചലച്ചിത്രകാരന്മാരും, പ്രേക്ഷകരും, പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നുന്ന ശ്യാം ബെനഗല്‍  കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചു വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ടുവരികയും വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്യും എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പക്ഷേ, ഭക്തന്മാരെയും, ദാസന്മാരെയും കൊണ്ട് കുത്തിനിറച്ച ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍, അക്കാദമിക് ഇടങ്ങള്‍, നിയമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായ തീരുമാനങ്ങള്‍ മാത്രം വരികയും, അതെല്ലാം പൌരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുകയും ചെയ്യുന്നത് രാജ്യത്തിന്‍റെ കറുത്ത നാളുകളായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ഇത്തരം ആസുര നാളുകളിലും, ജൂഡീഷ്യറി നീതിപക്ഷത്തും, പൌരാവകാശങ്ങളുടെ കൂടെ നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുക്കുന്നു എന്നതാണ് ഏക ആശ്വാസം…!

(ഹൈക്കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍