UPDATES

സിനിമ

ഉഡ്ത പഞ്ചാബ് അല്ല പ്രശ്നം; പഹ്ലാജ് നിഹലാനിയെ പോലുള്ളവരുടെ മനോനിലയാണ്

Avatar

കല്‍പന ശര്‍മ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ (CBFC) കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ഷിപ് ബോര്‍ഡ് എന്നാക്കി പേര് മാറ്റണം. സെന്‍സര്‍ ബോര്‍ഡ് എന്നു പൊതുവേ അറിയപ്പെടുന്ന ആ സമിതി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. നരേന്ദ്ര മോദിയോടുള്ള ഭക്തിയും ബി ജെ പിയോടുള്ള വിധേയത്വവും പ്രധാന യോഗ്യതകളായ ഒരു ചെറുകിട ചലച്ചിത്ര സംവിധായകന്‍ പഹ്ലാജ് നിഹലാനി അതിന്റെ അദ്ധ്യക്ഷനായി വന്നതു മുതല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചലച്ചിത്രങ്ങളില്‍ യുക്തിരഹിതമായി വെട്ടലും മുറിക്കലും ആവശ്യപ്പെടാനുള്ള ബോര്‍ഡിന്റെ അനൌചിത്യം കുത്തനെ കൂടിയിരിക്കുന്നു. പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ഉഡ്ത പഞ്ചാബ്  ചലച്ചിത്രത്തില്‍ തികച്ചും അനാവശ്യമായ രീതിയില്‍ വെട്ടിമാറ്റലുകള്‍ ആവശ്യപ്പെട്ട നിഹലാനിക്കെതിരെ വിവിധ തലങ്ങളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നിച്ചിരിക്കുകയാണ്. അയാളെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നാണ് അവരുടെ ആവശ്യം.

ഉഡ്ത പഞ്ചാബിനോടുള്ള സെന്‍സര്‍ ബോര്‍ഡിന്റെ സമീപനത്തില്‍ പുതുതായി ഒന്നുമില്ല. രാഷ്ട്രീയ സിനിമകളോടും, ഏതെങ്കിലും ഒരു സംഘത്തെയോ സമുദായത്തെയോ വ്രണപ്പെടുത്തുന്നു എന്നു കരുതുന്ന സിനിമകളോടും കാലങ്ങളായി അവര്‍ യുക്തിരഹിതമായി അമിത പ്രതികരണമാണ് നടത്താറുള്ളത്. അത്തരം ചലച്ചിത്രങ്ങളെ നിശ്ചിത പ്രായപരിധിയിലുള്ളവര്‍ കാണുന്ന തരത്തില്‍ സാക്ഷ്യപ്പെടുത്തുന്നതിന് പകരം അവയില്‍ അനാവശ്യമായ തരത്തില്‍ മുറിച്ചുമാറ്റലുകള്‍ വേണമെന്ന് വാശിപിടിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്. ചില സിനിമകള്‍ നിരോധിക്കുക പോലും ചെയ്യാറുണ്ട്. മിക്ക അവസരങ്ങളിലും വലിയ സാമ്പത്തിക നഷ്ടം ഭയക്കുന്ന നിര്‍മ്മാതാക്കള്‍ ബോര്‍ഡിന് വഴങ്ങുകയാണ് പതിവ്. വിരളമായി ഇതിനോടെതിര്‍ക്കുന്നവര്‍ കോടതി കയറുന്ന നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനങ്ങള്‍ തിരുത്തിപ്പിക്കുന്നത്. ഉഡ്ത പഞ്ചാബ്  വിഷയത്തിലും സംവിധായകന്‍ അഭിഷേക് ചൌബേ വിട്ടുവീഴ്ച്ചക്കു തയ്യാറായിരുന്നു.  സഹ നിര്‍മ്മാതാവ് കൂടിയായ അനുരാഗ് കശ്യപാണ് അങ്ങനെ ചെയ്യാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.

പഞ്ചാബിലെ യുവാക്കള്‍ക്കിടയിലെ ഇതിനകം കുപ്രസിദ്ധമായ മയക്കുമരുന്നു ഉപയോഗത്തെ അടിസ്ഥാനമാക്കിയ സിനിമയില്‍ നിന്നും പഞ്ചാബിനെക്കുറിച്ചും അവിടുത്തെ നഗരങ്ങളെക്കുറിച്ചുമുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ്, എ പി, എം എല്‍ എ, പാര്‍ലമെന്‍റ് തുടങ്ങിയ വാക്കുകള്‍ നീക്കണം. എല്ലാവിധ അധിക്ഷേപങ്ങളും നിശബ്ദമാക്കണം. മയക്കുമരുന്നു അടിമകള്‍ കുത്തിവെക്കുന്ന എല്ലാ ക്ലോസ് അപ് ദൃശ്യങ്ങളും ഒഴിവാക്കണം എന്നു മാത്രമല്ല ഒരു നായയെ ജാക്കി ചാന്‍ എന്നു വിളിക്കുന്നതും മാറ്റണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നു! “പൊലീസും സര്‍ക്കാരും മയക്കുമരുന്നിനെതിരെ നടത്തുന്ന പോരാട്ടത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു,” എന്നൊരു പരമാര്‍ശവും ചിത്രത്തിന് മുമ്പേ കാണിക്കണമെന്നും ബോര്‍ഡ് വാശിപിടിക്കുന്നുണ്ട്.  ചുരുക്കത്തില്‍, അത് കാണിക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്ന, പഞ്ചാബിലെ മയക്കുമരുന്നു പ്രശ്നത്തിന്റെ രാഷ്ട്രീയം പറയാത്ത, പഞ്ചാബ് എന്നേ മിണ്ടാത്ത ഒരു പുതിയ സിനിമയാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതാണോ സെന്‍സര്‍ ബോര്‍ഡിന്റെ ജോലി? സിനിമ കാണാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. വാസ്തവത്തെ വളച്ചൊടിച്ചാല്‍, മോശമായി ചിത്രീകരിച്ചാല്‍, നുണയും അധിക്ഷേപവും പ്രചരിപ്പിച്ചാല്‍ അതിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കളെ വിചാരണ ചെയ്യാന്‍ ഇവിടെ മറ്റ് നിയമങ്ങളുണ്ട്. ചലച്ചിത്രങ്ങള്‍ക്ക് സാക്ഷ്യപത്രം നല്കേണ്ട ബോര്‍ഡ് എല്ലാം നിശ്ചയിക്കുന്ന ചലച്ചിത്രകാരനും സിനിമ ഒന്നടങ്കം മാറ്റിമറിക്കാവുന്ന ശക്തിയുമായി സ്വയം പ്രതിഷ്ഠിക്കുന്നതെന്തിനാണ്?

ഉഡ്ത പഞ്ചാബ്  എന്ന സിനിമയോടുള്ള ബോര്‍ഡിന്റെ അമിതാവേശം നിറഞ്ഞ എതിര്‍പ്പിനുള്ള ഒരേയൊരു വിശദീകരണം സര്‍ക്കാര്‍ നിഷേധിക്കുന്ന ഒന്നുതന്നെയാണ്. 2017 ഫെബ്രുവരിയില്‍ പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പാണ്. ബി ജെ പി-ശിരോമണി അകാലിദള്‍ സഖ്യമാണ് ഇപ്പോള്‍ ഭരണത്തില്‍. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്നു ശീലവും മയക്കുമരുന്നു ഇടപാടുകാരും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും മാധ്യമങ്ങളില്‍ പല തവണ വന്നതാണ്. അതൊരു രഹസ്യമൊന്നുമല്ല. ഇതൊരു തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാണ്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കശ്യപ് ആം ആദ്മി കക്ഷിയില്‍ നിന്നും പണം വാങ്ങിയെന്നും, പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നു എന്നുമുള്ള ആരോപണങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെക്കാള്‍ നിഹലാനിയുടെ ആശങ്ക അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചാണ് എന്നത് വ്യക്തമാക്കുന്നു. എന്തായാലും സംസ്ഥാന ജനസംഖ്യയിലെ മുതിര്‍ന്ന വ്യക്തികളില്‍ 4.5% വരുന്ന ആളുകളില്‍ 2.32 ലക്ഷം പേര്‍ മയക്കുമരുന്നിനടിമകളും 8.6 ലക്ഷം പേര്‍ അതുപയോഗിക്കുന്നവരുമായ പഞ്ചാബിലെ ഈ മയക്കുമരുന്നു പ്രശ്നം ഒരു സിനിമ കൊണ്ടൊന്നും പെരുപ്പിച്ചുകാട്ടേണ്ടിവരുന്നില്ല. പഞ്ചാബിലെ ഭരണസഖ്യത്തോടുള്ള ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിയെ തീവ്രമാക്കുന്ന ഒരു ബോളിവുഡ് സിനിമ പോലും അനുവദിക്കാതെ നിഹലാനി, രാജാവിനേക്കാള്‍ വലിയ രാജഭക്തനാവുകയാണ്.

കശ്യപിനും ചൌബേക്കും സിനിമയ്ക്കായി വലിയ പോരാട്ടം തന്നെ നടത്തേണ്ടിവരും. പക്ഷേ ഉഡ്ത പഞ്ചാബിനായി സെന്‍സര്‍ ബോര്‍ഡുമായി അവര്‍ നടത്തുന്ന പോരാട്ടം പഴയൊരു ചോദ്യത്തെ വീണ്ടും ഉയര്‍ത്തുന്നു: നമുക്കൊരു സെന്‍സര്‍ ബോര്‍ഡ് വേണോ? സര്‍ക്കാരിന് മുന്നില്‍ രണ്ടു റിപ്പോര്‍ടുകളുണ്ട്: 2013-ലെ മുകുള്‍ മുദ്ഗാല്‍ സമിതിയുടെയും ഈ വര്‍ഷത്തെ ശ്യാം ബെനഗല്‍ സമിതിയുടെയും. രണ്ടു റിപ്പോര്‍ട്ടും പറയുന്നതു CBFC-യുടെ ജോലി സിനിമയ്ക്ക് വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ നല്കുക എന്നത് മാത്രമാണ് എന്നാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ പരിമിതമായ രീതിയില്‍  മുറിച്ചുമാറ്റലും മറ്റും ആവശ്യപ്പെടാന്‍ പാടൂ. ഈ ശുപാര്‍ശകളിന്മേല്‍ ഒരു നടപടിയും എടുത്തിട്ടില്ല. പകരം  ഉഡ്ത പഞ്ചാബ്  പോലുള്ള വിവാദങ്ങള്‍ വരുമ്പോള്‍ സര്‍ഗ്ഗസ്വാതന്ത്ര്യത്തെ പിടിച്ച് ആണയിടുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ CBFC-യുടെ നടപടികള്‍ക്കെതിരെ ചെറുവിരലനക്കുന്നില്ല. ജനപ്രിയ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കയ്യില്‍വെക്കുന്ന എല്ലാ സര്‍ക്കാരുകളുടെയും ഇരട്ടത്താപ്പാണിത്. ഉഡ്ത പഞ്ചാബ്  അല്ല  പ്രശ്നം: അത് നിഹലാനിയെ പോലുള്ളവരുടെ  മനോനിലയാണ്.

(പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റും ഫെനിനിസ്റ്റ് സൈദ്ധാന്തികയുമാണ് ലേഖിക)

കടപ്പാട്: എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍