UPDATES

സിനിമ

ലഹരിയുടെ മറവിയിടങ്ങളെ ഉണര്‍ത്തുന്ന ഉഡ്ത പഞ്ചാബ്

Avatar

വി.ജെ ജിതിന്‍

കാലികവും സാമൂഹ്യപ്രസക്തവുമായ ചലച്ചിത്രങ്ങള്‍ ബോളിവുഡില്‍ വിരളമായേ സാന്നിധ്യം രേഖപ്പെടുത്താറുള്ളൂ. സെന്‍സര്‍ ബോര്‍ഡിന്റെ തിട്ടൂരങ്ങളും തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളും ‘A’ സര്‍ട്ടിഫിക്കറ്റ് കൊണ്ടുമെല്ലാം ചര്‍ച്ചയാകപ്പെട്ട ‘ഉഡ്ത പഞ്ചാബ്’, ഹിന്ദി ചലച്ചിത്ര ലോകത്ത് അത്തരത്തില്‍ പ്രതിബദ്ധതയുടെ മുദ്ര പതിപ്പിക്കുന്നുണ്ട്.

മയക്കുമരുന്നിന്റെ ലഭ്യതയും ഉപയോഗവും അതോടനുബന്ധിച്ച കുറ്റകൃത്യങ്ങളും പെരുകിവരുന്ന സാഹചര്യം നിലനില്‍ക്കുന്ന ഭൂമികയില്‍ നിന്നുകൊണ്ട് ‘ഉഡ്താ പഞ്ചാബ്’ എന്ന ചലച്ചിത്രത്തെ നോക്കിക്കാണുമ്പോള്‍, കലാസൃഷ്ടി കാഴ്ചക്കാരനിലേയ്ക്കും സമൂഹത്തിലേക്കും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന ലഹരി വിമുക്തിയുടെ അനിവാര്യതയ്ക്ക് കൈയ്യടിക്കാതെ പറ്റില്ല.

149 മിനിട്ടു ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ 82 ഇടങ്ങളില്‍ കത്രികപ്രയോഗം നടത്താനാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. കോടതിയുടെ ഇടപെടലുകളാല്‍ കത്രികപ്രയോഗം തടയാനായെങ്കിലും അസഭ്യമായ പദപ്രയോഗങ്ങളുടെ ആധിക്യത്താലും മറ്റു രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും സെന്‍സര്‍ ബോര്‍ഡ് ‘A’ സര്‍ട്ടിഫിക്കറ്റു നല്‍കി ഉഡ്ത പഞ്ചാബിനെ ആദരിക്കുക’യാണുണ്ടായത്. കഞ്ചാവും ഹെറോയിനും ചരസും അഫീമും ഇതര രാസമിശ്രിതങ്ങളുമെല്ലാം പഞ്ചാബിന്റെ സാമൂഹ്യപാഠങ്ങളില്‍ വേരൂന്നിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കടന്നു വരവ് എന്നതാണിതിന്റെ പ്രസക്തി. ഈ പ്രദേശത്ത് അഞ്ചുവര്‍ഷം പിന്നിട്ട എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പൊതുപ്രശ്‌നത്തെ കലാമാധ്യമത്തിലൂടെ വെളിവാക്കാനുള്ള ശ്രമം നീതിയുക്തമായി നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെന്ന് പറയാതെ തരമില്ല. പൊതുനിരത്തുകളുടെയും ഹൈവേയുടെയും വശങ്ങളില്‍ മാരിജുവാന പച്ചപ്പത്തി വിടര്‍ത്തി നില്‍ക്കുന്നത് ചുറ്റുവട്ടങ്ങളില്‍ വിരളമായ കാഴ്ചയല്ല. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ലഹരിയിലകള്‍ ഭക്ഷിച്ച് അബോധരൂപത്തില്‍ നടുറോഡിലും കുടിയിരിക്കാറുണ്ട്. പെന്റീഫില്ലറിനുള്ളിലും അലുമിനിയം ഫോയില്‍ ചുരുളുകള്‍ക്കിടയിലുമൊക്കെ ഉത്തേജനത്തിന്റെ പൊടിപടലങ്ങളും പുകച്ചുരുളുകളും യൗവ്വനത്തിന്റെ ഉള്ളിലേയ്ക് ഊറിയിറങ്ങുന്ന കാഴ്ചയും അന്യമല്ല. ലഹരിയുടെ പതിവുകള്‍ കിട്ടാതാകുമ്പോള്‍ ബൂട്ട് പോളീഷില്‍ അഭയം പ്രാപിക്കുന്നതും ഒരു ജനതയ്ക്ക് ശീലമായി മാറുന്നു. ഗുരുദ്വാരയിലെ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് ‘മരിജുവാന ടിക്കി’ കഴിപ്പിച്ച് സ്വബോധനഷ്ടത്തിന്റെ അനുഭവമുണ്ടാക്കി തന്നിട്ടുണ്ടെനിക്ക് ഈ പഞ്ചാബ് വാസം.

രാജ്യാതിര്‍ത്തിയ്ക്കപ്പുറത്തുനിന്ന് ഇന്ത്യന്‍ പഞ്ചാബിലേക്കുള്ള മയക്കു മരുന്നിന്റെ കടത്തിനെ വേണ്ടവിധം തടയാനാകുന്നില്ലെന്ന പൊതുവാദത്തെ സിനിമയില്‍ ദൃശ്യവത്കരിച്ചുകൊണ്ടാണ് ‘ഉഡ്ത പഞ്ചാബി’ന്റെ തുടക്കം. ഇത്തരം മാഫിയകളുടെ ഇടപെടലും അസഭ്യഭാഷയുമെല്ലാം അവ്വിധം തന്നെ സിനിമ പകര്‍ത്തുന്നുണ്ട്. ആ തെറിയഭിഷേകങ്ങള്‍ മറ്റേതോ ബോധത്തിന്റെ, ത്വരയുടെ ഒക്കെ ആത്മപ്രകാശനങ്ങളാണെന്ന് ‘ഉഡ്ത പഞ്ചാബ്’ പറഞ്ഞുവെയ്ക്കുന്നു. പോലീസുകാര്‍ക്കും രാഷ്ട്രീയാധികാരികള്‍ക്കും ഈ മാഫിയകളുമായുള്ള ബാന്ധവം സിനിമയില്‍ തുറന്നു കാട്ടുന്നുണ്ട്. അധികാരികള്‍ നേരിട്ടോ അവരുടെ തണലിലോ മാത്രമാണ് ഈ ചെയ്തികള്‍ സാധ്യമാകുന്നത് എന്ന വാസ്തവം വീണ്ടും വരച്ചുകാട്ടുന്നു. സിനിമയിലെ എംഎല്‍എ, മനിന്ദര്‍ ബ്രാഡ് ലഹരി വിരുദ്ധ പ്രസംഗങ്ങളില്‍ അഭിരമിക്കുകയും ഇല്ലായ്മക്കാരായ സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കച്ചവടം അടുത്തിടെ മയക്കുമരുന്നുകേസില്‍ കുറ്റാരോപിതനായ റവന്യു മന്ത്രി ബിക്രം സിംഗ് മജീദിയയുടെ ഇടപെടലുകളെ അനുസ്മരിപ്പിക്കുന്നത് വെറുതെയല്ല. 

ലഹരിക്കടിമയാക്കപ്പെട്ടവരുടെ സര്‍ഗ്ഗാത്മകതയുടെ നാശവും മനുഷ്യ സ്‌നേഹത്തിനു സര്‍ഗ്ഗചേതനയെ ഉണര്‍ത്താനാകുമെന്ന വസ്തുതയും ടോമി സിംഗ് (ഷാഹിദ് കപൂര്‍) എന്ന സംഗീത/ ഡി ജെ കഥാപത്രത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കാഴ്ചക്കാരെ ബോധ്യപ്പെടുത്തുമാറ് സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. പഞ്ചാബി കൃഷിയിടങ്ങളില്‍ തൊഴിലന്വേഷകയായി എത്തപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയുടെ കഥാപാത്രം ആലിയ ഭട്ട് രൂപഭാവങ്ങളിലും അഭിനയ വൈഭവത്തിലും പൂര്‍ണ്ണതയോടെ അവതരിപ്പിച്ചു. ലഹരിക്കടിമകളാക്കപ്പെട്ട സ്ത്രീകളുടെ ജീവിതം കൂച്ചുവിലങ്ങുകളാല്‍ തളയ്ക്കപ്പെടുന്നതാണെന്നും സ്‌നേഹരഹിതമായ കാമപൂര്‍ത്തീകരണത്തിനും കാഴ്ചവെയ്പ്പിനുമുള്ള കേവല ശരീരങ്ങളായി സ്ത്രീയെ ഉപയോഗപ്പെടുത്തുന്നുവെന്നും സ്വമേധയാ ഇതില്‍ നിന്നുള്ള മോചനം സാധ്യമല്ലെന്നും സിനിമ അടയാളപ്പെടുത്തുന്നു. ചിത്രത്തിന്റെ പരിസമാപ്തി ഇത്തരം ബാന്ധവങ്ങളില്‍ നിന്നു മോചനം നേടുന്ന സ്ത്രീ പില്‍ക്കാലങ്ങളില്‍ പോലും സ്വന്തം നിലനില്‍പ്പിന് തന്നെത്തന്നെ പണയപ്പെടുത്തേണ്ട യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെന്നും തുറന്നുകാട്ടുന്നു.

ഉത്തരേന്ത്യയിലെ പോലീസ് സേനക്ക് പൊതുവെ ചാര്‍ത്തപ്പെട്ട അനാസ്ഥയ്ക്ക് ഉപോത്ബലകമായ രാഷ്ട്രീയ, മാഫിയ ദാസ്യവും എത്ര വലിയ അപരാധി ആയിരുന്നാലുമുള്ള സ്വജന പക്ഷപാതിത്വത്തിന്റെ പരിരക്ഷയും ഉഡ്ത പഞ്ചാബ് അനാവരണം ചെയ്യുന്നു.

സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്ന വിപത്തുകള്‍ സ്വന്തം കുടുംബത്തില്‍ ചേക്കേറുമ്പോള്‍ മാത്രം അത് ചെറുക്കപ്പെടണമല്ലോ എന്ന ബോധ്യം ഉണ്ടാകുന്ന മനുഷ്യന്റെ സങ്കുചിത ചിന്താഗതിയും അതിന്റെ പരിണിതിയില്‍ സാമൂഹ്യപ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തനാക്കപ്പെടുകയും ചെയ്യുന്ന പോലീസുദ്യോഗസ്ഥനായ സര്‍താജ് സിംഗ് (ദല്‍ജീത് സിംഗ്) എന്ന കഥാപാത്രവും മയക്കുമരുന്നിനടിമപ്പെട്ട അദ്ദേഹത്തിന്റെ അനുജന്‍ ബല്ലിയും സമൂഹ മനഃസാക്ഷിക്കുമേല്‍ തുറന്നു പിടിച്ച കണ്ണാടിയാണ്. ബല്ലിയായ് വേഷമിട്ട പ്രഭ്‌ജ്യോത് ലഹരിയുടെ അടിമത്വം കണിശതയോടെ അവതരിപ്പിച്ചിട്ടുമുണ്ട്.

ഡോക്ടര്‍ പ്രീതി സാഹ്നിയുടെ (കരീന കപൂര്‍) മയക്കുമരുന്നിനെതിരെ യുദ്ധത്തിനുള്ള ആഹ്വാനവും ആത്മാര്‍ത്ഥതയും സേവനസന്നദ്ധരായ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയുമെല്ലാം ജാഗ്രത ഇക്കാര്യത്തില്‍ അനിവാര്യമാണെന്ന പറച്ചിലായാണ് നമ്മോട് സംവദിക്കുന്നത്. ലഹരിക്കെതിരെ അത്തരത്തില്‍ പൊരുതാന്‍ നന്മയുടെ പടച്ചട്ട തീര്‍ക്കുന്ന മനുഷ്യരുടെ കഴുത്തിലൊക്കെയും പോറലേല്‍പ്പിക്കാനും ചോരവീഴ്ത്താനും കെല്‍പ്പുള്ള എതിരാളിയാണ് ഈ യുദ്ധത്തില്‍ എന്നും സിനിമ വിളിച്ചു പറയുന്നു. 

യാഥാസ്ഥിതിക പൗരുഷ കാഴ്ചപാടുകളും മറ്റു വിഷ്വല്‍ എഫക്ട് സങ്കേതങ്ങളും ചെറിയൊരളവില്‍ കടത്തി വിടുന്നുണ്ടെങ്കിലും സിനിമ മുന്നോട്ടു വയ്ക്കുന്ന വലിയൊരാശയത്തിന്റെ തീവ്രത തന്നെ മുഴച്ചു നില്‍ക്കുന്നു. അഭിനയ പാടവത്തില്‍ നടീ നടന്മാര്‍ ഉന്നത നിലവാരം പുലര്‍ത്തി. ആലിയ ഭട്ട് സവിശേഷമായ പ്രശംസ എന്തുകൊണ്ടും അര്‍ഹിക്കുന്നുമുണ്ട്. സംവിധാന, എഡിറ്റിംഗ് മികവിലും മൊണ്ടാഷിന്റെ സങ്കേതങ്ങളെ സിനിമയോടൊപ്പം കോര്‍ത്തുവെയ്ക്കുന്നതിലും ഉഡ്ത പഞ്ചാബ് ഒരു വിജയമാണ്. ഇത്തരം പ്രമേയങ്ങള്‍ കലാരൂപങ്ങളാക്കാന്‍ ഇറങ്ങിത്തിരിച്ച നിര്‍മാതാക്കള്‍ക്കും ഒരാശ്ലേഷം. 

മലയാളിക്കും ഉഡ്ത പഞ്ചാബ് പലതും കരുതിയിട്ടുണ്ട് പഠിക്കാന്‍. കല്യാണത്തിനും വാര്‍പ്പിനും അടിയന്തരത്തിനും ഒക്കെ മദ്യവും ലഹരിയും അനിവാര്യതയാകുന്ന മലയാളിക്ക്, വിശേഷിച്ചു യുവ തലമുറയ്ക്ക്, മനുഷ്യന്റെയും സാമൂഹ്യ വികാസത്തിന്റെയും ആത്മനിഷ്ടമായ ഊര്‍ജ്ജം കൈമോശം വരും എന്ന താക്കീത്.

(പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ജിതിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍