UPDATES

വിദേശം

ഉഗാണ്ടയിലെ ബിഡി ബിഡി; ലോകത്തിലെ നാലാമത്തെ വലിയ അഭയാര്‍ത്ഥി ക്യാമ്പ്

Avatar

കെവിന്‍ സീഫ് 
(വാഷിംഗ്ടന്‍ പോസ്റ്റ്) 

മൂന്നു മാസങ്ങള്‍ക്ക് മുന്‍പു വരെ വടക്കന്‍ ഉഗാണ്ടയിലെ ബിഡി ബിഡി പട്ടണം ഏതാനും ചെറിയ കെട്ടിടങ്ങളും വീടുകളുമുള്ള പരുക്കന്‍ പുല്‍പ്രദേശമായിരുന്നു.

എന്നാല്‍ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ലോകത്തെ നാലാമത്തെ വലിയ അഭയാര്‍ത്ഥി ക്യാംപാണ് ഇന്നവിടം. സ്വന്തം രാജ്യത്തു നടക്കുന്ന യുദ്ധവും സംഘര്‍ഷങ്ങളും മൂലം അവിടെ നിന്നു പലായനം ചെയ്ത 160,000 ദക്ഷിണ സുഡാനികളാണ് അവിടെയുള്ളത്.

ആഗോള കുടിയേറ്റ പ്രശ്നം എന്നു പറയുമ്പോള്‍ മിക്കയാളുകളും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വന്‍തോതില്‍ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ യൂറോപ്പ് നടത്തുന്ന ശ്രമങ്ങളാണ് കണക്കിലെടുക്കാറ്. എന്നാല്‍ അതില്‍ കൂടുതല്‍ പേരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നുണ്ട് (ഏതാണ്ട് 4.4 മില്ല്യണ്‍ പേരാണ് യു‌എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസിന്‍റെ (UNHCR) കണക്കു പ്രകാരം ഈ രണ്ടു പ്രദേശങ്ങളിലേയും കൂടിയുള്ള അഭയാര്‍ത്ഥികള്‍). ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളില്‍ 26 ശതമാനം പേരാണ് ഇപ്പോള്‍ ആഫ്രിക്കയിലുള്ളത്. ഈ കുടിയേറ്റത്തെ നേരിടാന്‍ കെല്‍പ്പില്ലാത്ത, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലാണ് ഇവര്‍.

യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റം പോലും ഏതാണ്ട് സുസ്ഥിരമായപ്പോള്‍ ആഫ്രിക്കയിലെ അഭയാര്‍ത്ഥി പ്രവാഹം കുതിച്ചുയര്‍ന്നതിന് ഏറ്റവും നല്ല ഉദാഹരണം ബിഡി ബിഡിയാണ്.

ഇന്‍റര്‍നാഷണല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍റെയും യു‌എന്‍‌എച്ച്‌സി‌ആറിന്‍റെയും കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഗ്രീസിലെത്തിയ ആകെ അഭയാര്‍ത്ഥികളുടെ എണ്ണത്തോളം വരും ഇവിടത്തെ താല്‍ക്കാലിക ക്യാമ്പില്‍ ജൂലൈ മുതല്‍ വന്നു ചേര്‍ന്നവര്‍.

ദക്ഷിണ സുഡാനിലെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നയിക്കുന്ന ഘടകങ്ങള്‍ തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. ഇരു കൂട്ടര്‍ക്കുമിടയില്‍ ഒരു കൊല്ലത്തോളമായി നിലനിന്നിരുന്ന ദുര്‍ബലമായ വെടി നിര്‍ത്തല്‍ ഉടമ്പടി ജൂലൈയില്‍ തലസ്ഥാനത്തു നടന്ന യുദ്ധത്തില്‍ തകര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചത് നൂറുകണക്കിനാളുകളാണ്. ജനങ്ങള്‍ നാടുവിടാന്‍ ആരംഭിച്ചു. പലരും അതിര്‍ത്തി കടന്ന് ഉഗാണ്ടയിലെത്തി; ആ ദിവസങ്ങളിലൊന്നില്‍ 8,000 പേരാണ് വന്നുചേര്‍ന്നത്.

“പുതിയതായി ഒരു സെറ്റില്‍മെന്‍റ് പ്രദേശം ഉണ്ടാക്കിയെടുക്കേണ്ടി വരുമെന്ന് അതോടെ ബോധ്യമായി,” ഉഗാണ്ടയിലെ ഒരു UNHCR വക്താവായ ചാര്‍ലി യാക്സ്ലി പറയുന്നു.

ദക്ഷിണ സുഡാനില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ മങ്ങിയതോടെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു- ഇപ്പോള്‍ ഒരു ദിവസം അഭയം തേടിയെത്തുന്നത് 2,500 ഓളം പേരാണ്.

അവിടത്തെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായ സ്ത്രീകളുടെ കണക്കുകള്‍ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. ആണ്‍കുട്ടികളെ ബലം പ്രയോഗിച്ച് തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ത്തു. ഉഗാണ്ടയിലേയ്ക്ക് പലായനം ചെയ്തവര്‍ക്ക് പറയാനുണ്ടായിരുന്നത് നടുക്കുന്ന കഥകളായിരുന്നു. അച്ഛനമ്മമാര്‍ കൊല്ലപ്പെട്ടതോടെ ഒറ്റയ്ക്ക് രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ഒരുപാടു പേരുണ്ട്. ദക്ഷിണ സുഡാന്‍ ഗവണ്‍മെന്‍റും പ്രതിപക്ഷവും ഈ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളാണ്. ഗോത്രമേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്.

UNHCR പറയുന്നത് ബിഡി ബിഡിയിലെത്തിയ അഭയാര്‍ത്ഥികളില്‍ 85 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ്. വരുംമാസങ്ങളില്‍ ഇനിയും ആയിരക്കണക്കിനു പേര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടല്‍.

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥിപ്രശ്നത്തിലെന്ന പോലെ ഈ ജനപ്രവാഹത്തെ വേണ്ടപോലെ നേരിടാനുള്ള സംവിധാനങ്ങള്‍ ഇവിടെയും ഐക്യരാഷ്ട്ര സഭയ്ക്കില്ല. UNHCR 2016ലേയ്ക്ക് ഉഗാണ്ടയ്ക്കു വേണ്ടി ആവശ്യപ്പെട്ട ധനസഹായം 250 മില്ല്യണ്‍ ഡോളറാണ്; ഇതിന്‍റെ 30 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.

ഞെരുക്കത്തെ തുടര്‍ന്നു ഐക്യരാഷ്ട്ര സഭയ്ക്ക് അഭയാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന റേഷന്‍റെ 50 ശതമാനം കുറയ്ക്കേണ്ടി വന്നു.

“ഇനിയും പല തലങ്ങളില്‍ വെട്ടിച്ചുരുക്കല്‍ നടത്തേണ്ടി വരും,” യാക്സ്ലി പറഞ്ഞു.

ബിഡി ബിഡി ക്യാമ്പിലുള്ളവരടക്കം 500,000 പേര്‍ക്കാണ് ഉഗാണ്ട അഭയം നല്‍കിയിരിക്കുന്നത്. ക്യാമ്പിലെ മറ്റുള്ളവര്‍ ബുറുണ്ടി, സൊമാലിയ, കോംഗൊ എന്നിവിടങ്ങളില്‍ നിന്നാണ്.

ലോകത്തെ തന്നെ ഏറ്റവും പുരോഗമനപരമായ അഭയാര്‍ത്ഥി നയങ്ങളിലൊന്നാണ് ഈ രാജ്യത്തിന്‍റേത്.

ഉഗാണ്ടയില്‍ അഭയാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാനും ജോലിയെടുക്കാനും സ്വാതന്ത്ര്യമുണ്ട്. കൃഷി ചെയ്യാന്‍ ഭൂമിയും വീടുകള്‍ പണിയാനുള്ള സാമഗ്രികളും ലഭിക്കുന്നു. പ്രാദേശിക തലത്തില്‍ വോട്ടു ചെയ്യാനും മല്‍സരിക്കാനും വരെ അവര്‍ക്ക് അവകാശമുണ്ട്.

ഉഗാണ്ടയുടെ നയങ്ങളെ “ലോകത്തെ ഏറ്റവും പുരോഗമനപരവും ഉദാരവുമായ ഒന്ന്” എന്നാണ് ലോകബാങ്ക് വിശേഷിപ്പിക്കുന്നത്.

“സാമ്പത്തികമായി ശക്തിപ്പെട്ട അഭയാര്‍ത്ഥികള്‍ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ അതിനായി വേണം നാം പരിശ്രമിക്കാന്‍,” ഏപ്രിലില്‍ ബോണില്‍ നടന്ന “Free Movement of Persons” ഫോറത്തില്‍ ജര്‍മ്മനിയിലേയും വത്തിക്കാനിലേയും ഉഗാണ്ടന്‍ അംബാസഡറായ മാര്‍സല്‍ ടിബാലെക അഭിപ്രായപ്പെട്ടു.

ഈ നയങ്ങള്‍ പിന്‍തുടരുമ്പോള്‍ പോലും ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രവാഹത്തെ സ്വീകരിക്കാന്‍ ഇനിയും വളരെയധികം സഹായം ഉഗാണ്ടയ്ക്കാവശ്യമുണ്ട്. കുട്ടികളിലെ പോഷകക്കുറവ് അവിടെ വലിയൊരു പ്രശ്നമാണ്. “സെറ്റില്‍മെന്‍റ് പ്രദേശത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വെള്ളം ലഭിക്കുന്നില്ല,” എന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍