UPDATES

ട്രെന്‍ഡിങ്ങ്

അംബേദ്കര്‍ ജയന്തി ആഘോഷിക്കും; പക്ഷേ, ദളിത് പഠനം വേണ്ട

സര്‍വകലാശാലകളിലെ സാമൂഹിക വിവേചനത്തെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം

നിരവധി സര്‍വകലാശാലകളിലെ സാമൂഹിക വിവേചനത്തെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ‘ബ്രാഹ്മിണിക്കല്‍ സാമൂഹിക ചട്ടം’ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സാമൂഹികമായ ഉള്‍ക്കൊള്ളിക്കല്‍, ഒഴിവാക്കല്‍ നയങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-12) കാലഘട്ടത്തില്‍ വിഭാവന ചെയ്യപ്പെട്ടവയാണ് ഈ കേന്ദ്രങ്ങള്‍. തുടര്‍ന്ന് 35 കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലായി ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഓരോ പദ്ധതി കാലഘട്ടങ്ങളിലെയും നിലപാടുകള്‍ അനുസരിച്ചാണ് ഇവയ്ക്കുള്ള സാമ്പത്തികസഹായം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ദളിത് പഠനങ്ങള്‍, ബിആര്‍ അംബേദ്കറുടെ പ്രത്യയശാസ്ത്രം, സാമൂഹികമായി അവഗണിക്കല്‍, സംവരണം പോലെയുള്ള ഉള്‍ക്കൊള്ളിക്കല്‍ നയങ്ങള്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ യുജിസി തീരുമാനിക്കുകയും അതേ സമയം വേദിക് പഠനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഡല്‍ഹി സര്‍വകലാശാലയിലെ രാഷ്ട്രതന്ത്രവിഭാഗം അധ്യാപകനും അംബേദ്കര്‍ സ്‌കോളറുമായ എന്‍ സുകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം മാര്‍ച്ച് 31ന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതോടെ ഇത്തരം കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നാണ് യുജിസി ബന്ധപ്പെട്ട സര്‍വകലാശാലകളെ അറിയിച്ചിരിക്കുന്നത്.

മാനവശേഷി വിഭവ മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ പ്രകാരം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതോടെ ഇത്തരം കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്താനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് യുജിസി അണ്ടര്‍സെക്രട്ടറി സുഷമ രാത്തോര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് ആറിനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളുണ്ടായിരിക്കുകയും അവയെ ഡിപ്പാര്‍ട്ടുമെന്റുകളായി ഉയര്‍ത്തുകയും ചെയ്യാത്ത സര്‍വകലാശാലകള്‍ക്കാണ് ഉത്തരവ് പോയിരിക്കുന്നത്. വകുപ്പുകളായി ഉയര്‍ത്തുകയാണെങ്കില്‍ അവര്‍ക്ക് യുജിസിയില്‍ നിന്നും പദ്ധതിയേതര ധനസഹായം ഇടതടവില്ലാതെ ലഭിക്കാന്‍ അര്‍ഹതയുണ്ടാവും.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി അവസാനിക്കുന്നതോടെ ഇത്തരം കേന്ദ്രങ്ങള്‍ സംബന്ധിച്ച ഒരു ഉത്തരവാദിത്വവും യുജിസിക്ക് ഉണ്ടായിരിക്കില്ലെന്നും ഇത് സംബന്ധിച്ച് ഒരു കത്തിടപാടുകളും പ്രോത്സാഹിപ്പിക്കില്ലെന്നും ഉത്തരവില്‍ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരമുള്ള കേന്ദ്രങ്ങളുടെ ഫണ്ടുകള്‍ മാത്രമേ തടയൂവെന്നും പദ്ധതിയേതര ഫണ്ടുകള്‍ക്ക് ഇത് ബാധകമല്ലെന്നും യുജിസി ചെയര്‍മാന്‍ വേദ്പ്രകാശ് പറയുന്നു. എന്നാല്‍ ദളിത് പഠന കേന്ദ്രങ്ങള്‍ക്ക് അപൂര്‍വമായി മാത്രമാണ് പദ്ധതിയേതര ധനസഹായം ലഭിക്കുന്നത്.

ഇപ്പോള്‍ കേന്ദ്രങ്ങളില്‍ എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ പഠിക്കുന്നവരുടെയും അവരുടെ അദ്ധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് യുജിസിയുടെ പുതിയ ഉത്തരവ്. ഈ അദ്ധ്യാപകരുടെ നിയമനത്തിന് മാര്‍ച്ച് 31 വരെ മാത്രമേ സാധുതയുണ്ടായിരിക്കുവെന്ന് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. അദ്ധ്യാപകര്‍ അവരുടെ മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളെ സമാനസ്വഭാവമുള്ള മറ്റ് വകുപ്പുകളിലേക്ക് മാറ്റുമെന്നും പ്രമോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിശദമായ വായനയ്ക്ക്: https://goo.gl/GzDihD

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍