അഴിമുഖം പ്രതിനിധി
എംഫിലും പിഎച്ച്ഡിയും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ യുജിസി കര്‍ശനമാക്കുന്നു. 2009ല്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് യുജിസി തീരുമാനിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം എംഫില്‍ യോഗ്യത 55 ശതമാനത്തില്‍ കുറയാതെയോ ഗ്രേഡ് സമ്പ്രദായത്തില്‍ ബി ഗ്രേഡും നിര്‍ബന്ധമാക്കി. വിദേശത്തു നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ യുജിസി ഔദ്യോദികമായി അംഗീകരിച്ചതിന്റെ രേഖകളും ഹാജരാക്കണം.
എസ് സി-എസ് ടി വിഭാഗങ്ങള്‍ക്കും വിഭിന്ന ശേഷിക്കാര്‍ക്കും യോഗ്യത 50 ശതമാനമായിരിക്കും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് കൂട്ടാതെയുള്ള മാര്‍ക്കാവണം 50 ശതമാനം. എസ്‌സി എസ്ടി ഒബിസി വിഭാഗങ്ങള്‍ക്കും 5 ശതമാനം ഇളവുണ്ടായിരിക്കും. ഇത്തരത്തില്‍ എംഫില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് റിസര്‍ച്ചും പിഎച്ച്ഡിയും സംയോജിപ്പിച്ച് കൊണ്ടു പോകാനുള്ള അവസരവും ഉണ്ടായിരിക്കും. എംഫില്‍ കോഴ്‌സിനോടനുബന്ധിച്ചുള്ള പ്രബന്ധവും വൈവയും പൂര്‍ത്തിയാക്കുനുള്ളവര്‍ക്കും അതേ സ്ഥാപനത്തില്‍ പിഎച്ച്ഡി ചെയ്യാനാവുന്നതാണ്.
എംഫില്‍ കോഴ്‌സ് രണ്ടു സെമസ്റ്ററുകളായി ഒരു വര്‍ഷമായോ നാലു സെമസ്റ്ററുകളായി രണ്ടു വര്‍ഷമായോ പൂര്‍ത്തിയാക്കാവുന്നതാണ്. പിഎച്ച്ഡി മൂന്നു വര്‍ഷം കൊണ്ടോ കോഴ്‌സ് വര്‍ക്കുകള്‍ ഉള്‍പ്പടെ ആറ് വര്‍ഷം കൊണ്ടോ പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ക്കും 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യം ഉള്ളവര്‍ക്ക് ഒരു വര്‍ഷം എംഫിലിനും രണ്ട് വര്‍ഷം പിഎച്ച്ഡിക്കും ഇളവു ലഭിക്കും. പ്രസവാവധിയായും മറ്റും ഒരു തവണ 240 ദിവസത്തെ അവധിയും ലഭിക്കും.
സര്‍വ്വകലാശാലകളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകള്‍ സംഘടിപ്പിക്കണം. യുജിസി നെറ്റ് തുടങ്ങിയവ പാസ്സായവര്‍ക്ക് ഈ പ്രവേശന പരീക്ഷ ബാധകമാക്കണമോയെന്ന് അതാത് സര്‍വകലാശാലക്ക് തീരുമാനിക്കാവുന്നതാണ്.
റിസര്‍ച്ച് സൂപ്പര്‍വൈസറെ നിയമിക്കുന്നതിലും പുതിയ ചട്ടങ്ങള്‍ നിലവില്‍ വരും. ഏതെങ്കിലും സര്‍വകലാശാലയിലെയോ അനുബന്ധ കോളജിലെയോ സ്ഥിര നിയമനമുള്ള പ്രൊഫസര്‍ക്കു മാത്രമേ സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് യോഗ്യതയുള്ളു. കൂടാതെ അഞ്ച് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. അസിസ്റ്റന്റ് പ്രൊഫസറാണെങ്കില്‍ പിഎച്ച്ഡിയും രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരിക്കണം.
റിസര്‍ച്ച് വിഷയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും അത് പരിശോധിക്കുന്നതിനുമൊക്കെയായി ഒരു റിസര്‍ച്ച് അഡ്വൈസറി കമ്മറ്റിയും രൂപീകരിക്കും.റിസര്‍ച്ച് സൂപ്പര്‍വൈസര്‍മാരുടെ സേവനങ്ങളും സൗകര്യങ്ങളും ഉള്ള കോളജുകള്‍ക്ക് മാത്രമേ എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ അനുവദിക്കുകയുള്ളു. ഡിസ്റ്റന്റയും കോഴ്‌സുകളും നടത്താവുന്നതാണ്. വിദേശ സര്‍വകലാശാലകളില്‍ നിന്നും എംഫിലും പിഎച്ചഡിയും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആ വിഷയത്തില്‍ ഇന്ത്യയില്‍ ഈ കോഴ്‌സ് ഉള്ള സര്‍വകലാശായുടെ അംഗീകാരം നേടിയിരിക്കണം.