UPDATES

യുകെ/അയര്‍ലന്റ്

ലണ്ടനിലെ ക്ലാസ് റൂമുകളിൽ പുറത്തുള്ളതിനെക്കാൾ വായുമലിനീകരണം!

ക്ലാസ് റൂമുകൾ പൂർണമായും അടച്ചിടുന്നതു കൊണ്ട് പരിഹാരമുണ്ടാകില്ലെന്ന് പഠിതാക്കൾ പറയുന്നു. ഇതിനു കാരണം കുട്ടികളുടെ ഗ്രഹണശേഷിയുമായി ബന്ധപ്പെട്ടതാണ്.

ലണ്ടനിലെ ക്ലാസ് റൂമുകളിലാണ് ഏറ്റവും കൂടുതൽ മലിനീകരണമെന്ന് പഠനം! പുറത്തുള്ളതിനെക്കാൾ കൂടിയ അളവിൽ മലിനീകരിക്കപ്പെട്ടതാണത്രേ ക്ലാസ് റൂമുകളിലെ മലിനീകരണം! വളരെ ചെറിയ പ്രായത്തിലേ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാനിടയുള്ള തരം രോഗങ്ങളിലേക്ക് കുട്ടികളെ എത്തിക്കും ഈ മലിനീകരണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

നഗരത്തിലെ അഞ്ച് പ്രൈമറി സ്കൂളുകളിലും ഒരു നഴ്സറിയിലുമാണ് ഗവേഷകർ പഠനം നടത്തിയത്. വാഹനങ്ങളില്‍ നിന്നും മറ്റുറവിടങ്ങളില്‍ നിന്നും പുറത്തുണ്ടാകുന്ന മലിനീകരണം അകത്തേക്കു വ്യാപിക്കുകയും അവിടെ തങ്ങിനിന്ന് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നതായും പഠനം കണ്ടെത്തുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവിറോൺമെന്റ് ഡിസൈൻ ആൻഡ് എൻജിനീയറിങ് യൂണിവേഴ്സിറ്റി കോളജാണ് ഈ പഠനം നടത്തിയത്.

ഉയർന്ന ട്രാഫിക് സാന്ദ്രതയുള്ള റോഡുകൾക്കടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ കുട്ടികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ കൂടുതലുണ്ടാകുന്നത്. ഇവർ വാഹനങ്ങൾ പുറത്തുവിടുന്ന പുക അധികസമയവും ശ്വസിക്കേണ്ടി വരികയും ആസ്ത്‌മ തുടങ്ങിയ രോഗങ്ങൾക്ക് അടിപ്പെടുകയും ചെയ്യുന്നു.

അതെസമയം ക്ലാസ് റൂമുകൾ പൂർണമായും അടച്ചിടുന്നതു കൊണ്ട് പരിഹാരമുണ്ടാകില്ലെന്ന് പഠിതാക്കൾ പറയുന്നു. ഇതിനു കാരണം കുട്ടികളുടെ ഗ്രഹണശേഷിയുമായി ബന്ധപ്പെട്ടതാണ്. തുറന്ന ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കുന്ന കുട്ടികളുടെ ഗ്രഹണശേഷി ഉയർന്നതായിരിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

നഗരത്തിലെ വായുമലിനീകരണം സംബന്ധിച്ച ഒരു വിലയിരുത്തൽ പ്രോഗ്രാം നടന്നു വരികയാണ്. മേയർ തന്നെ നേത‍ൃത്വം കൊടുക്കുന്ന ഈ പ്രോഗ്രാമിന്റെ ഭാഗമായാണ് പഠനങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മേയർ പുറത്തിറക്കിയ പുസ്തകത്തില്‍ നഗരത്തിലെ അമ്പതോളം സ്കൂളുകളിൽ മലിനീകരണ നിയന്ത്രണത്തിന് എന്തെല്ലാം നടപടികളെടുക്കണമെന്ന് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

കൂടുതൽ മലിനീകരണ പ്രശ്നങ്ങളുള്ള സ്കൂളുകളെ സഹായിക്കാൻ 10 ലക്ഷം പൗണ്ടിന്റെ ഒരു ഫണ്ടുണ്ടാക്കുമെന്നും മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. ഇൻഡോർ എയർ ഫിൽറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ സ്കൂളുകളിലും നഴ്സറികളിലും സ്ഥാപിക്കുവാനും ആലോചനയുണ്ട്.

വായുമലിനീകരണം തടയാൻ വാതിലുകളും ജനലുകളും അടച്ചിട്ടിട്ട് കാര്യമില്ലെന്ന് മേയറുടെ വക്താവ് പറഞ്ഞു. മലിനീകരണത്തിന്റെ ഉറവിടങ്ങളിലാണ് ജോലിയെടുക്കേണ്ടത്. കുട്ടികൾ ഇത്തരം മലിനീകരിക്കപ്പെട്ട സാഹചര്യങ്ങളിൽ ജീവിക്കുന്നത് അവരുടെ ശ്വാസകോശ പ്രവർത്തനത്തെ വലിയതോതിൽ ബാധിക്കുന്നുണ്ട്. കൂടുതൽ സമയവും കുട്ടികള്‍ ചെലവിടുന്നത് സ്കൂൾ ബിൽഡിങ്ങുകളിലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് മേയറുടെ വക്താവ് ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍