UPDATES

യുകെ/അയര്‍ലന്റ്

ദത്തുപുത്രന് അവകാശമില്ല; വയനാട്ടില്‍ ബ്രിട്ടിഷ് പൗരന്റെ 212 ഏക്കര്‍ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു

കളക്ടറുടെ ഉത്തരവ് വന്നതിനു ശേഷവും ഈശ്വർ ഈ ഭൂമിയില്‍ നിന്നും മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. 800ലധികം മരങ്ങള്‍ ഇയാൾ മുറിച്ചു കടത്തിയെന്നാരോപിച്ച് പ്രദേശത്തെ പൊതുപ്രവർത്തകനായ ബെന്നി വർഗീസ് കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വയനാട്ടിലെ മാന്തവാടി താലൂക്കിൽ കാട്ടിക്കുളം ആലത്തൂരിൽ‍ യുകെ സ്വദേശിയായ എഡ്വിൻ ജൂബർട്ട് വാൻ ഇംഗന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 212.5 ഏക്കർ എസ്റ്റേറ്റ് കേരള സർക്കാർ ഏറ്റെടുത്തു. ഈ നടപടിക്ക് ചുമതലപ്പെട്ട ജില്ലാ കളക്ടർ എസ് സുഹാസ് ആണ് 1964ലെ അന്യംനിൽപ്പും കണ്ടുകെട്ടലും നിയമപ്രകാരം എസ്റ്റേറ്റ് സർക്കാരിലേക്ക് കൂട്ടിയത്.

ദീർഘകാലമായി ഈ ഭൂമി കോടതി വ്യവഹാരത്തിൽ പെട്ടു കിടക്കുകയായിരുന്നു. എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ സായിപ്പിന്റെ മരണശേഷമാണ് തർക്കം ഉടലെടുത്തത്. ഇദ്ദേഹം വിൽപ്പത്രം എഴുതി വെക്കാതെയാണ് മരണപ്പെട്ടത്. വിദേശ പൗരനാകയാൽ വിൽ എഴുതാത്ത ഭൂമി നിയമപ്രകാരം ബന്ധുക്കളിലേക്ക് ചേരില്ല. മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്ലോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവർ അവകാശവാദവുമായി വന്നെങ്കിലും കോടതി ഇവരുടെ വാദങ്ങൾ തള്ളിക്കളഞ്ഞു.

മൈക്കൽ ഫ്ലോയ്ഡ് ഈശ്വർ സായിപ്പിന്റെ രക്തബന്ധത്തിലുണ്ടായ പുത്രനല്ല. ഇദ്ദേഹത്തെ ഇംഗൻ ദത്തെടുത്തതായിരുന്നു. ഇക്കാരണത്താല്‍ മരണപത്രത്തിന്റെ ബലത്തിലല്ലാതെ എസ്റ്റേറ്റ് ഈശ്വറിന് ലഭിക്കില്ല.

വിദേശപൗരന്മാരുടെ ഭൂമി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് 1964ലെ അന്യം നിൽപ്പ് നിയമം വ്യക്തമായി പറയുന്നുണ്ട്. ഇത്തരം ഭൂമികളെക്കുറിച്ച് വിവരം കിട്ടിയാൽ ജില്ലാ കളക്ടർ അതിന്മേൽ പ്രാഥമികാന്വേഷണം നടത്തി നിയമം അംഗീകരിക്കുന്ന അവകാശികളാരെങ്കിലുമുണ്ടോയെന്ന് കണ്ടെത്തണം. ഇല്ലെന്നാണെങ്കിൽ വകുപ്പ് 5 പ്രകാരം ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിൽ അവകാശവാദമുള്ള എല്ലാ കക്ഷികളും ആറുമാസത്തിനകം തനിക്കു മുന്നിൽ ഹാജരാകാൻ കളക്ടർ ആവശ്യപ്പെടും.

ഏതെങ്കിലും അവകാശവാദം വന്നാൽ അതിന്മേൽ ജില്ലാ കളക്ടർ വിശദമായ അന്വേഷണം നടത്തണം. അവകാശമുന്നയിച്ചയാൾ ഹാജരാക്കിയ എല്ലാ രേഖകളും പരിശോധിച്ച് ഉചിതമായ തീരുമാനത്തിലെത്തണം. കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

കളക്ടറുടെ തീരുമാനത്തിൽ അതൃപ്തനായ ഈശ്വർ നേരിട്ട് കോടതിയിൽ പോകുകയായിരുന്നു. കളക്ടറുടെ ഉത്തരവ് വന്നതിനു ശേഷവും ഈശ്വർ ഈ ഭൂമിയില്‍ നിന്നും മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. 800ലധികം മരങ്ങള്‍ ഇയാൾ മുറിച്ചു കടത്തിയെന്നാരോപിച്ച് പ്രദേശത്തെ പൊതുപ്രവർത്തകനായ ബെന്നി വർഗീസ് കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍