UPDATES

യുകെ/അയര്‍ലന്റ്

ആംബർ റുഡ്ഢ് വീണ്ടും കാബിനറ്റിലേക്ക്; തെരേസ മേയുടെ നടപടി അവിശ്വാസപ്രമേയ നീക്കങ്ങൾക്കിടെ

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ കടുത്തതോടെ രാജി വെച്ച് പുറത്തുപോയ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് മന്ത്രി എസ്തർ മക്വേയുടെ സ്ഥാനത്തേക്ക് ആംബർ റുഡ്ഢ് വരുന്നു. തെരേസ മേ മന്ത്രിസഭയിൽ നേരത്തെ ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇവർ വിൻഡ്റഷ് വിവാദത്തെ തുടർന്ന് രാജി വെക്കുകയായിരുന്നു. രാജ്യത്ത് വംശീയ വിവേചനം വളരുന്നുവെന്ന് ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും വിമർശനമുണ്ടായ സാഹചര്യത്തിലായിരുന്നു ആംബർ റുഡ്ഢിന്റെ രാജി.

ബ്രെക്സിറ്റ് ഉടമ്പടികൾ‌ സംബന്ധിച്ച അവസാനവട്ട നീക്കങ്ങളുടെ ചുമതലയും ആംബർ റുഡ്ഢിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതെസമയം കൺസെർവ്വേറ്റീവ് പാർട്ടിയിൽ മേ നേരിടുന്ന വിയോജിപ്പുകളുടെ പശ്ചാത്തലത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

തെരേസ മേയുടെ വിശ്വസ്തയായാണ് ആംബർ റുഡ്ഢ് അറിയപ്പെടുന്നത്. കുടിയേറ്റ വിരുദ്ധതയുടെ കാര്യത്തിൽ തേരേസ മേയെ കവച്ചുവെക്കുന്ന നിലപാടുകളാണ് ആംബറിനുള്ളതെന്ന് വിമർശകർ പറയുന്നു. യുകെയിൽ തെരേസ മേയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിന്റെ ഉത്തരമായും ആംബർ റുഡ്ഢ് ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്. ഒരു അവിശ്വാസത്തിലൂടെ തെരേസ മേ പുറത്തുപോകുകയാണെങ്കിൽ അടുത്ത സാധ്യത ആംബർ റുഡ്ഢിനാണ്.

നിലവിൽ ഉടമ്പടികളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കൺസെർവ്വേറ്റീവ് വിഭാഗത്തിന്റെ പ്രതിഷേധം വളരുകയും അവർ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് ശക്തി പകരുകയും ചെയ്ത സാഹചര്യമുണ്ട്. ഇതിനെ നേരിടാൻ ആംബർ റുഡ്ഢിന്റെ സാന്നിധ്യം മേയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജി വെച്ച ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബിന്റെ പകരക്കാരനെയും തെരേസ മേ കണ്ടെത്തിയിട്ടുണ്ട്. സ്റ്റീഫൻ ബാർക്‌ലേയാണ് ഇനി ഈ സ്ഥാനം കൈയാളുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍