UPDATES

യുകെ/അയര്‍ലന്റ്

തെരേസ മേയ്ക്ക് തിരിച്ചടിയായി വീണ്ടുമൊരു രാജി; മൃദു ബ്രെക്സിറ്റിനൊപ്പം നിൽക്കാനാകില്ലെന്ന് എംപി

കൺസെർവേറ്റീവ് പാർട്ടിയിൽ നിന്നും യുഎസ്സിൽ നിന്നുമുള്ള കടുത്ത എതിർപ്പുകളെ അവഗണിച്ച് മുമ്പോട്ടു പോകുകയാണ് തെരേസ മേ.

കൺസെർവേറ്റീവ് എംപിയായ സ്കോട്ട് മാൻ ആണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ മൃദു ബ്രെക്സിറ്റ് നയത്തിൽ പ്രതിഷേധിച്ച് പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി സ്ഥാനം (ട്രഷറി) രാജി വെച്ചത്. നോർത്ത് കോൺവെല്ലിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

തന്റെ മണ്ഡലമായ നോർത്ത് കോൺവെല്ലിലുള്ളവർ പ്രകടിപ്പിച്ച വികാരമാണ് ഈ രാജിയിലേക്ക് നയിച്ചതെന്ന് സ്കോട്ട് മാൻ എഴുതിയ രാജിക്കത്തിൽ വ്യക്തമാക്കി. മത്സ്യവിപണിയിൽ തങ്ങൾക്ക് പൂർണമായ നിയന്ത്രണം വേണമെന്നാണ് തന്റെ ജനങ്ങൾ ആവശ്യപ്പെട്ടതെന്ന് മാൻ പറഞ്ഞു. തീരപ്രദേശമാണ് നോർത്ത് കോൺവെൽ.

നേരത്തെ ഇതേ വിഷയത്തിൽ രാജി വെച്ച വിദേശകാര്യമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച കോണോർ ബൺസ് എംപിയും രാജി സമർപ്പിച്ചിരുന്നു. ഇക്കഴിഞ്ഞദിവസം റോബർട്ട് കോർട്സ് എംപിയും മൃദു ബ്രെക്സിറ്റിൽ എതിർപ്പ് പ്രകടിപ്പിച്ച് രാജി സമർപ്പിച്ചു.

അതെസമയം, കൺസെർവേറ്റീവ് പാർട്ടിയിൽ നിന്നും യുഎസ്സിൽ നിന്നുമുള്ള കടുത്ത എതിർപ്പുകളെ അവഗണിച്ച് മുമ്പോട്ടു പോകുകയാണ് തെരേസ മേ. കഴിഞ്ഞദിവസങ്ങളിൽ യുകെയിലുണ്ടായിരുന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കടുത്ത ഭാഷയിലാണ് തെരേസ മേയുടെ മൃദു ബ്രെക്സിറ്റ് നയത്തെ വിമർശിച്ചത്. യൂറോപ്യൻ യൂണിയനെ പൂർണമായി വിട്ട് പുറത്തെത്തിയാൽ മികച്ച വ്യാപാര സാധ്യതകളാണ് തന്റെ രാജ്യവുമായി യുകെക്കുണ്ടാവുക എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍