UPDATES

യുകെ/അയര്‍ലന്റ്

യുകെ-അയർലാന്‍ഡ് മലയാളികൾക്ക് അഴിമുഖത്തിലെഴുതാൻ അവസരം!

അഴിമുഖവും ഇന്ത്യാ ഗസറ്റ് ലണ്ടനും പ്രവാസികളോട് ഒരഭ്യർത്ഥന നടത്തുകയാണ്. ഓർമ്മകളും അനുഭവക്കുറിപ്പുകളും ഞങ്ങൾളോട് പങ്കിടുക.

പ്രവാസലോകത്തിന് ശക്തമായൊരു സാഹിത്യ പാരമ്പര്യമുണ്ട്. പ്രവാസജീവിതത്തിന്റെ നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും സഹചാരികളായ ദുഃഖങ്ങളും ആഹ്ലാദങ്ങളും മനോഹരമായ സാഹിത്യസൃഷ്ടികളായാണ് പരിണമിച്ചത്. പരദേശത്തിന്റെ ആകാശങ്ങൾക്കു കീഴിൽ ജീവിക്കുന്നവരിൽ വിദൂരത്തുള്ള സ്വന്തദേശത്തെക്കുറിച്ചുള്ള ഓർമ്മകൾ കലാകാരരെയും എഴുത്തുകാരെയും സൃഷ്ടിച്ചു. മഹത്തായ സൃഷ്ടികളിലേക്ക് അവരെ നയിച്ചു.

പലകാലങ്ങളിൽ നടന്ന കുടിയേറ്റങ്ങളിലൂടെയാണ് മലയാളികൾ ബ്രിട്ടനിലെത്തിയത്. രണ്ടാം ലോകയുദ്ധ കാലത്തിന്റെയും 1990കളുടെയും ഇടയിലുള്ള പതിറ്റാണ്ടുകളിലാണ് ഏറ്റവുമധികം കുടിയേറ്റങ്ങൾ സംഭവിച്ചത്. 60കൾക്കൊടുവിൽ കുടിയേറ്റങ്ങളുടെ അളവ് ഏറെക്കുറെ കുറഞ്ഞുവെങ്കിലും 1970 മുതൽ 1981 വരെയുള്ള കാലയളവിൽ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നു. പിന്നീട് 90കളുടെ രണ്ടാംപകുതി മുതലാണ് കുടിയേറ്റം വീണ്ടും ശക്തമായത്. മുമ്പേതൊരു കാലത്തും നടന്നിട്ടുള്ള കുടിയേറ്റങ്ങളുടെ കണക്കുകളെ തീരെച്ചെറുതാക്കും വിധമായിരുന്നു ഇത്തവണത്തേത്.

മറ്റ് ഇന്ത്യൻ ജനവിഭാഗങ്ങളെ അപേക്ഷിച്ച്, മലയാളികളുടെ ബ്രിട്ടിഷ്-അയർലാൻഡ് ജീവിതം നമ്മുടെ സാഹിത്യത്തിൽ താരതമ്യേന കുറഞ്ഞ അളവിലേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ട് എന്ന യാഥാർത്ഥ്യമിരിക്കെയാണിത്. പുകപടലങ്ങൾ മൂടിയ ചെറുപട്ടണങ്ങളിലെ തൊഴിലാളികൾക്കിടയിലും, ഈസ്റ്റ് ഹാമിലെ നഴ്സുമാർക്കിടയിലും, ഹീത്ര്യൂ എയർപോർട്ടിലെ തൊഴിലാളികൾക്കിടയിലും, ലിവർപൂൾ സ്ട്രീറ്റിലെ പണച്ചാക്കുകൾക്കിടയിലും, കാനറി വാർഫിലെ ബാങ്കർമാർക്കിടയിലും മലയാളികളുണ്ട്. രാജ്യത്തെ വൈഫി കണക്ഷനുള്ള ഏതൊരിടത്തുമുള്ള ടെക്കികളായും ഐടി കോണ്‍ട്രാക്ടർമാരായും അവരെ കാണാം. നല്ല ഭക്ഷണം വിളമ്പുന്ന ഇടങ്ങളിൽ ഷെഫുമാരായും, വിസ അപ്ലിക്കേഷനുകൾ പൂരിപ്പിക്കുന്നിടത്ത് ബാരിസ്റ്റർമാരായിപ്പോലും അവരെ കാണാം. ജീവിതാനുഭവങ്ങൾ എത്രയും വേറിട്ടവയാണ് ഓരോരുത്തർക്കും.

മഴമേഘങ്ങൾക്കടിയിൽ അവര്‍ പുതിയ സാധ്യതകളെ കണ്ടു. പുതിയ അനിശ്ചിതത്വങ്ങളെയും, പുതിയ വൈരുദ്ധ്യങ്ങളെയും, പുതിയ അപകടങ്ങളെയും അവർ നേരിട്ടു. പ‌ഴയകാലത്തെയും സമീപകാലത്തെയും ഓർമ്മകളെ കണ്ടെടുത്ത് പറഞ്ഞു തുടങ്ങാൻ സമയമായിരിക്കുന്നു. മലയാളസാഹിത്യം അവയെ എത്രയും ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. അഴിമുഖവും ഇന്ത്യാ ഗസറ്റ് ലണ്ടനും പ്രവാസികളോട് ഒരഭ്യർത്ഥന നടത്തുകയാണ്. ഓർമ്മകളും അനുഭവക്കുറിപ്പുകളും ഞങ്ങൾളോട് പങ്കിടുക. കഥകളും കവിതകളും രാഷ്ട്രീയവിശകലനങ്ങളും മറ്റേത് സാഹിത്യരൂപവുമാകാം. കേരളത്തിലെയും ലോകത്തിലെയും ഏറ്റവും മികച്ച വായനക്കാരിലേക്ക് അവയെ എത്തിക്കാൻ‌ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ രചനകൾ ഈ മെയിലിലേക്ക് അയയ്ക്കുക:  [email protected]

രചനകൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍