UPDATES

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ബ്രിട്ടന്‌റെ ‘നിരപരാധിത്വം’ തെളിയിക്കാന്‍ തേരേസ മേയോട് പ്രതിപക്ഷം

അഴിമുഖം പ്രതിനിധി

സുവര്‍ണ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍, ബ്രിട്ടന്‍ നിരപരാധിത്വം തെളിയിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് ബ്രിട്ടീഷ് പ്രതിപക്ഷം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസ മേ ഇന്ത്യയിലെത്താനിരിക്കെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ സത്യമറിയാന്‍ ബ്രിട്ടനിലെ സിഖ് സമൂഹത്തിന് അവകാശമുണ്ടെന്ന് ലേബര്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ടോം വാറ്റ്‌സണ്‍ പറഞ്ഞു. ബിട്ടന്‌റെ ഇടപെടല്‍ പ്രതിപാദിക്കുന്ന പുതിയ തെളിവുകള്‍ അടക്കമുള്ള ഫയലുകള്‍ യു.കെ ഫോറിന്‍ ഓഫീസ് നീക്കിയതായി സിഖ് ഫെഡറേഷന്‍ യു.കെ ആരോപിച്ചിരുന്നു.

ഇന്ത്യയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്താന്‍ തെരേസ മേയ് തയ്യാറാവണം. മാര്‍ഗരറ്റ താച്ചറുടെ ഗവണ്‍മെന്‌റ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ഇടപെട്ടതായി വ്യക്തമാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നുണ്ടെന്ന് ടോം വാറ്റ്‌സണ്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കരസേനയുടെ സ്പെഷല്‍ എയര്‍ സര്‍വീസസ് യൂണിറ്റ് ഇന്ത്യന്‍ സേനയ്ക്ക് സഹായം നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് മാറ്റിയതായും ലേബര്‍ നേതാവ് ആരോപിച്ചു.

കാബിനറ്റ് സെക്രട്ടറി നടത്തിയ ആഭ്യന്തര അന്വേഷണം പരാജയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ സ്വതന്ത്രാന്വേഷണം വേണമെന്ന് വാട്‌സണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് എസ്.എ.എസ് കമാന്‍ഡര്‍മാര്‍ ഇന്ത്യാ ഗവണ്‍മെന്‌റിന് ഉപദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം വെറും ഉപദേശം മാത്രമല്ലെന്നും ബ്രിട്ടന്‌റെ പ്ങ്ക് അതിലും വലുതാണെന്നും വ്യക്തമാക്കുന്ന രേഖ തങ്ങള്‍ കണ്ടെടുത്തതായി സിഖ് ഫെഡറേഷന്‍ അവകാശപ്പെടുന്നുണ്ട്. ഫോറിന്‍ ഓഫീസിലെ സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ നിന്നുള്ള രഹസ്യ നോട്ട് ചൂണ്ടിക്കാട്ടിയാണ് സിഖ് ഫെഡറേഷന്‍ ഇക്കാര്യം ആരോപിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സിഖ് ഫെഡറേഷന്‍ അഭിഭാഷകര്‍ യു.കെ ആഭ്യന്തര ആംബര്‍ റൂഡിന് കത്ത് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍