UPDATES

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് നേരിയ മുന്‍തുക്കം

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. പ്രധാനമന്ത്രിയായി ഡേവിഡ്കാമറൂണ്‍ അധികാരത്തില്‍ തുടരാനുള്ള സാധ്യതയാണ് വോട്ടെടുപ്പ് ഫലം നല്‍കുന്നത്.

മൂന്നിലൊന്ന് സീറ്റുകളിലെ ഫലം വെളിവായപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 650 സീറ്റുകളില്‍ 218 എണ്ണത്തില്‍ വിജയം നേടിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ 316 സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇത് ഭൂരിപക്ഷത്തിലെത്തിക്കില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത നല്‍കുന്നതാണ്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകള്‍ ആവശ്യമാണ്. 2010-ല്‍ കണ്‍സര്‍വേറ്റീവുകള്‍ 307 സീറ്റുകളാണ് നേടിയിരുന്നത്. അന്ന് അവര്‍ 57 സീറ്റുകള്‍ നേടിയ ലിബറല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

സ്‌കോട്ടിഷ്‌ നാഷണലിസ്റ്റ് പാര്‍ട്ടി സ്‌കോട്ട്‌ലന്റില്‍ 55 സീറ്റുകളും തൂത്തുവാരി. ഇത് ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. തുടക്കത്തില്‍ മുന്നില്‍ വന്നെങ്കിലും ലേബറുകള്‍ പിന്നാക്കം പോകുകയായിരുന്നു. അവര്‍ക്ക് 239 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അത് കൃത്യമായാല്‍ മധ്യഇടതുപക്ഷ പാര്‍ട്ടി മൂന്നു ദശാബ്ദത്തിനിടെ നേരിടുന്ന വലിയ തിരിച്ചടിയാകുമിത്. ഇപ്പോള്‍ അവര്‍ 200 സീറ്റുകളില്‍ ഇതുവരെ വിജയിച്ചിട്ടുണ്ട്. 2010-ല്‍ അവര്‍ 258 സീറ്റുകള്‍ നേടിയിരുന്നു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേടിയ വിജയം വീണ്ടും സ്‌കോട്ട്‌ലന്റ് യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും വിട്ടു പോകണമെന്ന വാദത്തിന് ബലം പകരുമെന്ന് കരുതപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍