UPDATES

യുകെ/അയര്‍ലന്റ്

‘ആർത്തവകാല ദാരിദ്ര്യം’: പെൺകുട്ടികള്‍ക്ക് ‘സ്ത്രീധന യോജന’യുള്ള ഇന്ത്യക്ക് സങ്കൽപ്പിക്കാമോ സൗജന്യമായി സാനിറ്ററി പാഡ് നൽകുന്ന ഒരു നാടിനെ?

ഇന്ത്യയിൽ താരതമ്യേന മെച്ചപ്പെട്ട ആരോഗ്യരക്ഷാ സാഹചര്യങ്ങളുള്ള കേരളത്തിൽപ്പോലും സ്ത്രീകൾക്ക് അണുബാധയെ പേടിക്കാതെ മൂത്രമൊഴിക്കാൻ കഴിയുന്ന പൊതു ശൗചാലയങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം

ആർത്തവ കാലങ്ങളിൽ ആരോഗ്യരക്ഷയ്ക്കാവശ്യമായ ഉൽപന്നങ്ങള്‍ വാങ്ങുക ഏറെ ചെലവേറിയ കാര്യമാണ്. യുകെയിൽ ഓരോ സ്ത്രീയും തന്റെ ജീവിതകാലത്ത് 4,800 പൗണ്ട് വീതം ആർത്തവകാലത്തുപയോഗിക്കേണ്ട വസ്ത്രങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് യുകെയിലെ സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന കാര്യമല്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്കോട്‌ലാന്‍ഡിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും സാനിറ്ററി ഉൽപന്നങ്ങൾ സൗജന്യമായി നൽകാനുള്ള തീരുമാനമെടുത്തു. ലോകത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു സർക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഈ പദ്ധതിക്കായി 5.2 ദശലക്ഷം പൗണ്ട് മാറ്റി വെക്കുകയും ചെയ്തു സ്കോട്‌ലാൻഡ്.

സ്കോട്‌ലാൻഡിലെ 395,000 പെൺകുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്കൂളുകളിലും കോളജുകളിലുമെല്ലാം സാനിറ്ററി ഉൽപന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യപ്പെടും. ഇവ അതാത് സ്ഥലങ്ങളിലെ ടോയ്‌ലറ്റുകളിൽ ലഭ്യമാകും. പാഡുകളും ടാംപോൺസ് തുടങ്ങിയ ഉൽപന്നങ്ങളും ടോയ്‌ലറ്റുകൾ വഴിയും മറ്റ് കേന്ദ്രങ്ങൾ വഴിയും വിതരണം ചെയ്യും.

2017ലാണ് സ്കോട്‌ലാൻഡ് പാർലമെന്റിൽ മോണിക്ക ലനൺ എന്ന എംപി ഈ ബിൽ അവതരിപ്പിക്കുന്നത്. പിന്നീടിത് പൊതുജനാഭിപ്രായത്തിനു വെച്ചപ്പോൾ വൻ പിന്തുണയാണ് ലഭിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഈ ബില്ലിനെ കലവറയില്ലാതെ പിന്തുണച്ചു.

Read Also – കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

സ്കോട്‌ലാൻഡിൽ നടന്ന ഒരു സർവ്വേ പറയുന്നതു പ്രകാരം സ്കൂളുകളിലും കോളജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന പെൺകുട്ടികളിൽ നാലിലൊരാൾ ആർത്തവകാലത്ത് വേണ്ടത്ര പാഡുകളും മറ്റ് ആരോഗ്യരക്ഷാ സംവിധാനങ്ങളുമില്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഒരു ഗവേഷണപഠനത്തിലും സമാനമായ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്യത്ത് അഞ്ചിലൊരു സ്തീക്ക് ‘ആർത്തവകാല ദാരിദ്ര്യം’ ഉണ്ട് എന്നായിരുന്നു ഈ പഠനത്തിന്റെ കണ്ടെത്തൽ.

ഏറെ സമ്പന്നമായ സ്കോട്‌ലാൻഡ് പോലൊരു രാജ്യത്ത് ഇത്തരമൊരു സ്ഥിതിവിശേഷം അംഗീകരിക്കാനാകാത്തതാണ് എന്ന് രാഷ്ട്രീയ കക്ഷികളും സാമൂഹ്യസംഘടനകളും ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾക്ക് തങ്ങളുടെ പഠനത്തിലേക്ക് ശ്രദ്ധ ചെലുത്താനുള്ള സമയത്തിൽ പലിയൊരു പങ്ക് ഇത്തരം ദാരിദ്ര്യാവസ്ഥകളിൽ പെട്ട് കഴിയേണ്ടി വരുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.

ആർത്തവകാലത്ത് ഉപയോഗിക്കാനുള്ള ഉൽപന്നങ്ങളുടെ അഭാവത്തിൽ സ്ത്രീകൾ പലപ്പോഴും ചില ബദൽ മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. ടോയ്‌ലറ്റ് പേപ്പർ മുതൽ സോക്സ് വരെയുള്ള സാധനങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്. അതിദയനീയമായ അവസ്ഥയാണ് സ്ത്രീകളുടേതെന്ന് മോണിക്ക ലനണിന്റെ പാർലമെന്റിലെ ഇടപെടലോടെ ജനം തിരിച്ചറിഞ്ഞു.

ചില പഠനങ്ങൾ പറയുന്നതു പ്രകാരം സ്കോട്‌ലാൻഡിലെ 25% സ്ത്രീകളും ഇംഗ്ലണ്ടിലെ 15% സ്ത്രീകളും ‘ആർത്തവകാല ദാരിദ്ര്യം’ അനുഭവിക്കുന്നവരാണ്. ഈ കാലയളവിൽ കായികവിദ്യാഭ്യാസ പരിപാടികളിൽ നിന്നും മാറി നില്‍ക്കേണ്ടി വരാറുണ്ട് കുട്ടികൾക്ക്. പിന്നീട് ഇത്തരം പരിപാടികളിൽ നിന്ന് അവർ പൂർണമായി വിട്ടു നിൽക്കുന്നവരായി മാറുന്നു. ആർത്തവകാലത്ത് സ്വയം പരിചരിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതാണ് ഇതിനു കാരണമെന്ന് തിരിച്ചറിയപ്പെട്ടു.

Read Als0 – ആര്‍ത്തവം മാലിന്യമോ? ഇനിയും നിങ്ങളെന്താണ് മെൻസ്ട്രുവൽ കപ്പിലേക്ക് മാറാന്‍ മടിക്കുന്നത്


#OnTheBall പ്രചാരണം

മെയ് മാസത്തിൽ ഒരു ഹാഷ്ടാഗ് പ്രചാരണം സ്കോട്‌ലാൻഡിൽ തുടങ്ങുകയുണ്ടായി. പിന്നീട് ഈ പ്രചാരണം യുകെയിലാകമാനം പടർന്നു. ഫൂട്ബോൾ സ്റ്റേഡിയങ്ങളിലെ ടോയ്‌ലറ്റുകളിൽ ആർത്തവകാല ഉൽപന്നങ്ങൾ സൗജന്യമായി നൽകണമെന്ന ആവശ്യമായിരുന്നു ഈ പ്രചാരണത്തിന്റെ കാതൽ. ഈ പ്രചാരണത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ ഫൂട്ബോൾ ക്ലബ്ബുകൾ തയ്യാറായി. ആകെയുള്ള 29 മുഖ്യധാരാ ഫൂട്ബോൾ ക്ലബ്ബുകൾ ഹാഷ്ടാഗ് പ്രചാരകരുടെ ആവശ്യം അംഗീകരിച്ചു.

ഇന്ത്യയിലെ ആർത്തവകാല സാഹചര്യം

ഇന്ത്യയിൽ താരതമ്യേന മെച്ചപ്പെട്ട ആരോഗ്യരക്ഷാ സാഹചര്യങ്ങളുള്ള കേരളത്തിൽപ്പോലും സ്ത്രീകൾക്ക് അണുബാധയെ പേടിക്കാതെ മൂത്രമൊഴിക്കാൻ കഴിയുന്ന പൊതു ശൗചാലയങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രശ്നങ്ങളിലേക്ക് പുരുഷന്മാർ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങളുടെ ശ്രദ്ധ ഇനിയും എത്തിയിട്ടില്ല. വൃത്തിയുള്ള ടോയ്‌ലറ്റ് എന്നതിന് പുരുഷന്റെ സങ്കൽപം തികച്ചും വ്യത്യസ്തമാണെന്നു കാണാം. അണുബാധയെക്കുറിച്ച് ആലോചിക്കുക പോലും വേണ്ടതില്ലാത്ത വിധം സുരക്ഷിതരാണ് പുരുഷന്മാർ. സ്ത്രീകളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഇത് ഭരണസംവിധാനങ്ങൾക്ക് ബോധ്യപ്പെടാൻ ഇനിയുമേറെ കാലമെടുക്കും. ഇതിനുമപ്പുറത്താണ് ആർത്തവകാല ദാരിദ്യം എന്ന പ്രശ്നം വരുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മണ്ണ് വരെ പൊത്തിവെച്ച് ആർത്തവകാലത്തെ നേരിടുന്ന സ്ത്രീകളുണ്ട്.

പെൺകുട്ടികൾ വളർന്നു വന്നതിനു ശേഷം അവർക്ക് സ്ത്രീധനം നൽകി കെട്ടിച്ചയയ്ക്കുന്നത് എങ്ങനെയെന്നാണ് ഇന്ത്യൻ ഭരണകൂടം പോലും ആലോചിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേക ‘യോജന’കൾ പോലും പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽപ്പോലും സ്ത്രീകളുടെ വിവാഹച്ചെലവ് ഒരി പ്രധാന പ്രശ്നമായി ഉന്നയിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ കക്ഷികളുണ്ട്. എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണായകമാകുന്ന ഒരു പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യൻ രാഷ്ട്രീയത്തിന് ഇപ്പോഴും പക്വത വന്നിട്ടില്ല.

Read Also – എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

യുണിസെഫും വാട്ടർഎയ്ഡും ചേർന്ന് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് മെയ് മാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ടോയ്‌ലറ്റുകളുടെയും പാഡുകളുടെയുമെല്ലാം അഭാവം മൂലം ദക്ഷിണേഷ്യയിലെ നാലിൽ മൂന്ന് കുട്ടികളും ആർത്തവകാലത്ത് സ്കൂളുകളിലെത്തുന്നില്ലെന്ന് ഈ റിപ്പോർട്ട് വസ്തുതാപരമായി വിവരിച്ചു. ആർത്തവത്തെക്കുറിച്ച് സ്കൂളുകളിൽ ശരിയായ വിദ്യാഭ്യാസം നൽകാത്തതിനാൽ കുട്ടികൾ ഈ കലയളവിൽ അതീവഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ 71% പെൺകുട്ടികളും ആർത്തവം സംഭവിച്ചതിനു ശേഷം മാത്രമാണ് അത്തരമൊരു ശാരീരികനില ഉണ്ടെന്നു തന്നെ മനസ്സിലാക്കുന്നതെന്നും യൂണിസെഫ് പഠനം ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നതു പ്രകാരം സ്കൂളുകളിൽ 25 പെൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന രീതിയിൽ സൗകര്യമുണ്ടായിരിക്കണം. പലപ്പോഴും ഒരു സ്കൂളിന് മൊത്തമായി ഒരു ടോയ്‍ലറ്റുണ്ടായാൽ ഭാഗ്യം എന്ന നിലയിലാണ് കാര്യങ്ങൾ.

സ്കോട്‌ലാൻഡിൽ സംഭവിച്ചതു പോലത്തെ ഒരു ക്ഷേമപദ്ധതി ഇന്ത്യക്ക് സ്വപ്നം കാണാനാകുമോ എന്നതാണ് ചോദ്യം. സാനിട്ടറി ഉൽപന്നങ്ങളുടെ ബിസിനസ്സ് താൽപര്യങ്ങളെ മറികടന്ന് അത്തരമൊരു തീരുമാനം ഇന്നത്തെ ഭരണകൂടത്തിൽ നിന്ന് വരുന്നത് പ്രയാസമാണ്. ജിഎസ്ടി നിലവിൽ വന്നപ്പോൾ സാനിറ്ററി പാഡുകൾക്ക് 12 ശതമാനം നികുതി ഏർപ്പെടുത്തി സ്ത്രീകൾക്ക് ഇരുട്ടടി നൽകിയ ഭരണകൂടമാണ് നമ്മുടേത്. മാസങ്ങൾ നീണ്ട പ്രചാരണം നടത്തിയാണ് സർക്കാരിനെ ഈ നികുതിയിൽ നിന്നും പിന്തിരിപ്പിച്ചത്. രാജ്യത്ത് സ്കൂളുകളിൽ നിന്നും കൊഴിഞ്ഞു പോക്കുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആർത്തവമാണ്. ഇന്നും രാജ്യത്തെ ഭൂരിഭാഗം പേരും ആർത്തവകാല ദാരിദ്ര്യത്തിൽ കഴിയുകയാണ്.

Read Also –  സ്ത്രീകളെ, അവരെ പുറത്തുനിര്‍ത്തുക; ആര്‍ത്തവമുണ്ട് സൂക്ഷിക്കുക ബോര്‍ഡും വയ്ക്കുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍