UPDATES

യുകെ/അയര്‍ലന്റ്

യൂറോപ്യൻ യൂണിയൻ മൗലികാവകാശ ശാസനങ്ങളെ ബ്രിട്ടിഷ് നിയമത്തിന്റെ ഭാഗമാക്കുന്നതിനെ അനുകൂലിച്ച് പ്രഭുസഭ; തെരേസ മേക്ക് തിരിച്ചടി

ബ്രെക്സിറ്റിനു ശേഷം ‘വിദേശനിയമങ്ങൾ’ നിലനിർത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്ന് തെരേസ മേ മന്ത്രിസഭയിൽ നീതിന്യായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ലോർഡ‍് കീൻ പറഞ്ഞു.

‘യൂറോപ്യന്‍ യൂണിയൻ മൗലികാവകാശ ശാസനം’ ബ്രിട്ടിഷ് നിയമത്തിന്റെ ഭാഗമാക്കാതിരിക്കാനുള്ള യുകെ സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടി. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഭേദഗതി പ്രമേയം പ്രഭുസഭയിൽ അവതരിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. വിവിധ കക്ഷികള്‍ ചേർന്നാണ് ഭേദഗതി അവതരിപ്പിച്ചത്. പ്രമേയത്തെ 245 പേർ എതിർത്തപ്പോൾ 316 പേർ അനുകലിച്ച് വോട്ടു ചെയ്തു.

രണ്ടായിരാമാണ്ടിൽ യൂറോപ്യൻ പാർലമെന്റ് ഏകകണ്ഠമായി പ്രഖ്യാപിച്ച പ്രമാണമാണ് ചാർട്ടർ ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ്. ഇത് യൂണിയനിലുൾപ്പെട്ട രാജ്യങ്ങളിലെവിടെയും ജനങ്ങൾക്ക് ചില മൗലികാവകാശങ്ങൾ നൽകുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നും പിന്തിരിയുന്നതു സംബന്ധിച്ച ബില്ലിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ സർക്കാരിനേൽക്കുന്ന മൂന്നാമത്തെ പരാജയമാണിത്. തെരേസ മേക്ക് ഇപ്പോഴേറ്റ തിരിച്ചടി ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കണം. യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് ചാർട്ടർ ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ്.

ഹൗസ് ഓഫ് കോമൺസിൽ സർക്കാരിന്റെ നിലപാട് പരുങ്ങലിലാക്കും പ്രഭുസഭയിലേറ്റ ഈ പരാജയം.

ബ്രെക്സിറ്റിനു ശേഷം ‘വിദേശനിയമങ്ങൾ’ നിലനിർത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്ന് തെരേസ മേ മന്ത്രിസഭയിൽ നീതിന്യായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ലോർഡ‍് കീൻ പറഞ്ഞു. പാർലമെന്റിന്റെ പരമാധികാരത്തിനേറ്റ തിരിച്ചടിയാണ് ചാർട്ടർ ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ് നിലനിർത്താനുള്ള പ്രഭുസഭയുടെ തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം രാജ്യത്തെ മലികാവകാശങ്ങൾ പാലിക്കാന്‍ വിദേശനിയമങ്ങളെ ആശ്രയിക്കുക എന്നത് ആശങ്കാജനകമായ കാര്യമാണ്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും കീന്‍ പറഞ്ഞു.

സ്വകാര്യജീവിതത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, സമമായി പരിഗണിക്കപ്പെടാനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പൗരന്മാർക്ക് സംരക്ഷണം നൽകുന്നുണ്ട് യൂറോപ്യൻ യൂണിയന്റെ ചാർട്ടർ ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ്.

യുകെ നിയമങ്ങളിൽ നിലവിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളെക്കാൾ വിശാലമാണ് യൂറോപ്യൻ യൂണിയന്റെ ചാർട്ടർ.

മനുഷ്യാവകാശ സംരക്ഷണം കക്ഷിരാഷ്ട്രീയമല്ലെന്ന് ലേബർ പാര്‍ട്ടിയുടെ ഷാഡോ* ബ്രെക്സിറ്റ് മിനിസ്റ്റർ പോൾ ബ്ലോംഫീൽഡ് അഭിപ്രായപ്പെട്ടു. എന്തുതരം രാജ്യത്തെയാണ് നാം വിഭാവനം ചെയ്യുന്നതെന്നതും ഏതുതരം മൂല്യങ്ങളെയാണ് നാം സ്ഥാപിക്കാനാഗ്രഹിക്കുന്നത് എന്നതുമാണ് ഇവിടെ വിഷയമാകേണ്ടത്. ബ്രെക്സിറ്റിനു ശേഷം മൗലികാവകാശ ശാസനങ്ങളെ യുകെ നിയമങ്ങളിലേക്ക് ചേർക്കുന്നതിനെ തള്ളുന്ന സർക്കാർ തീരുമാനത്തെ തങ്ങൾ എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

*ഭരണപക്ഷ മന്ത്രിമാര്‍ ഓരോരുത്തരുടെയും നയങ്ങളെയും പദ്ധതികളെയും സൂക്ഷ്മമായി വീക്ഷിച്ച് വിമർശിക്കാനും ബദൽ പദ്ധതികൾ മുമ്പോട്ടു വെക്കാനുമായി പ്രതിപക്ഷം ചിലരെ നിയമിക്കുന്ന രീതിയുണ്ട് യുകെയൽ. ഷാഡോ കാബിനറ്റ് എന്നാണിത് അറിയപ്പെടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍