UPDATES

യുകെ/അയര്‍ലന്റ്

ഗർഭച്ഛിദ്ര നിരോധനം നീങ്ങിയേക്കുമെന്ന് എക്സിറ്റ് പോളുകൾ; അയർലാൻഡിലെ ‘യെസ്’ പ്രചാരണത്തിന് വിജയം

ഗർഭസ്ഥശിശുവിനും അമ്മയ്ക്കും തുല്യാവകാശം നൽകുന്ന ഈ ഭരണഘടനാഭേദഗതി നിലവിൽ വന്നത് കത്തോലിക്കാസഭയുടെ സമ്മർദ്ദത്തിലൂടെയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അയർലാൻഡ് ജനത ആ ചരിത്രപരമായ ചോദ്യത്തെ നേരിടാൻ വോട്ട് ചെയ്തത്. ഭരണഘടനയുടെ എട്ടാം ഭേദഗതിയിലൂടെ മൂന്നു പതിറ്റാണ്ടു മുമ്പ് നിലവിൽ വന്ന ക്രൂരമായ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നിരവധി ജീവനുകളെ എടുത്തതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങൾ രംഗത്തിറങ്ങിയത്.

2012ൽ സവിത എന്ന കർ‌ണാടക സ്വദേശി അയർലാന്‍ഡിൽ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഗർഭച്ഛിദ്ര നിരോധന നിയമം നിലവിലുള്ളതിനാൽ ഗർഭത്തിലുള്ള കുട്ടിയെ കൊല ചെയ്യാനാകില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും, അമ്മ മരിക്കുമെന്നറിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായിരുന്നില്ല. ഈ അവസ്ഥ ലോകമാധ്യമങ്ങളടക്കം ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ ജനകീയവികാരം സ‍ൃഷ്ടിക്കപ്പെട്ടു.

ലഭ്യമായ എക്സിറ്റ് പോൾ വിവരങ്ങൾ പ്രകാരം കഴിഞ്ഞദിവസത്തെ വോട്ടെടുപ്പിൽ അയര്‍ലാൻഡ് ജനത ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ വൻതോതിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം നീക്കം ചെയ്യണോ എന്ന ഒറ്റച്ചോദ്യത്തിന് മറുപടി നൽകേണ്ട റഫറണ്ടമാണ് അയർലാൻഡ് സർക്കാർ കൊണ്ടു വന്നത്. ‘യെസ്’ എന്ന് രേഖപ്പെടുത്താൻ ശക്തമായ പ്രചാരണങ്ങളാണ് അയർലാൻഡിൽ നടന്നത്.

ഗർഭസ്ഥശിശുവിനും അമ്മയ്ക്കും തുല്യാവകാശം നൽകുന്ന ഈ ഭരണഘടനാഭേദഗതി നിലവിൽ വന്നത് കത്തോലിക്കാസഭയുടെ സമ്മർദ്ദത്തിലൂടെയായിരുന്നു. എന്നാൽ, സാമൂഹികമാറ്റങ്ങൾക്ക് തടയിടാൻ സഭയ്ക്ക് സാധിച്ചില്ല. അയർലാൻഡ് ജനതയുടെ ഭൂരിഭാഗവും കത്തോലിക്കരാണ്.

രണ്ടിൽ മൂന്നുഭാഗം വോട്ടർമാർ യെസ് എന്ന് രേഖപ്പെടുത്തിയതായാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഏതാണ്ട് 77% വോട്ടുകൾ ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ രേഖപ്പെടുത്തപ്പെട്ടു എന്ന് കരുതപ്പെടുന്നു.

യാഥാസ്ഥിതികരായ ഒരു വിഭാഗം ഗർഭച്ഛിദ്ര നിരോധനം വേണമെന്ന നിലപാടെടുത്ത് രംഗത്തുണ്ടായിരുന്നു. നിരവധി പുരോഹിതരും ഇവർക്കൊപ്പം കൂടി. യെസ് പ്രചാരണം നടത്തിയവർ സവിതയുടെ ചിത്രങ്ങളുമായാണ് തെരുവിലിറങ്ങിയത്. വോട്ട് ചെയ്യാൻ പോകുന്നവർ തന്റെ മകളെ ഓർക്കണമെന്ന് സവിതയുടെ പിതാവും കർണാടക സ്വദേശിയുമായ അന്തണപ്പ യെലാഗി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍