UPDATES

യുകെയിലെ മലയാളി നേഴ്‌സുമാര്‍ക്ക് ആശ്വാസം; ഇമിഗ്രേഷന്‍ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയില്‍ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ടയര്‍2 വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഇമിഗ്രേഷന്‍ വിദഗ്ധരും വ്യാവസായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

യുകെയിലേക്ക് ഒരു വര്‍ഷം കുടിയേറുന്നവരുടെ മൊത്തം എണ്ണം ഒരു ലക്ഷമായി നിജപ്പെടുത്താനാണ് കാമറോണ്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വതന്ത്രസഞ്ചാരം അനുവദിക്കപ്പെട്ടിരിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിനിലെ അംഗരാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവരെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിക്കില്ല. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരെയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.

വിദഗ്ധ തൊഴിലാളികളുടെ അഭാവം രാജ്യത്ത് അപ്രതീക്ഷിത പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അദ്ധ്യക്ഷന്‍ ഡേവിഡ് മെറ്റ്കാഫ് ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ചഎസ് പോലെയുള്ള സേവനങ്ങളില്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം വലിയ ആരോഗ്യ പ്രതിസന്ധികള്‍ക്ക് വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും കൂടുതല്‍ മലയാളി നേഴ്‌സുമാര്‍ സേവനം അനുഷ്ടിക്കുന്നത് യുകെ എന്‍എച്ചഎസിലാണ്. ഈ വര്‍ഷം തന്നെ എന്‍എച്ചഎസില്‍ 24,000 ജീവനക്കാരുടെ കുറവുണ്ടാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കെയര്‍ ഹോമുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.

ടയര്‍2 വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ല കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ ജനറല്‍ കെറ്റ്ജ ഹാള്‍ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ തൊഴിലാളികള്‍ രാജ്യത്തേക്ക് വരുമ്പോള്‍ പുതിയ ആശയങ്ങളും വൈദഗ്ധ്യങ്ങളുമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ്അതുകൊണ്ട് തന്നെ യുകെയില്‍ നികുതി അടയ്ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ടയര്‍2 വിസകളില്‍ ഇളവുകള്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യുകെ സാമ്പത്തികരംഗത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഹാള്‍ മുന്നറിയിപ്പ് നല്‍കി.

വിസ നിയന്ത്രണങ്ങള്‍ക്കെതിരെ പരക്കെ ഉയരുന്ന പ്രതിഷേധം മലയാളി നേഴ്‌സുമാര്‍ക്ക് ആശ്വാസമാകുമെന്ന് കണക്കാക്കപ്പെടുന്നു. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോയാല്‍ പ്രതിഷേധം വ്യാപകമാവുകയും ചെയ്യും. ഏതായാലും പുതിയ നിയന്ത്രണങ്ങളില്‍ ആശങ്കാകുലാരായ മലയാളി വിദഗ്ധ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍