UPDATES

യുകെ/അയര്‍ലന്റ്

പൈതൃകസ്വത്ത് കുറവ്; യുകെയില്‍ 1981നു ശേഷം ജനിച്ചവർക്ക് 9 ലക്ഷം രൂപയുടെ സഹായം നൽകണമെന്ന് നിര്‍ദേശം

യുവാക്കൾ ഇന്ന് താരതമ്യേന വലിയ വെല്ലുവിളികളാണ് ജീവിക്കാൻ നേരിടുന്നത്.

1981നു ശേഷം ജനിച്ചവർ (മില്ലെനിയൽ‌സ്) നേരിടുന്ന പ്രധാന പ്രതിസന്ധി എന്താണ്? ഈ ചോദ്യത്തിനുത്തരം തേടുകയായിരുന്നു ബ്രിട്ടണ്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റെസൊല്യൂഷൻ ഫൗണ്ടേഷൻ എന്ന വിചാരകേന്ദ്രം. മുൻതലമുറയായ ബേബി ബൂമേഴ്സിനെ (1946-65 കാലത്ത് ജനിച്ചവർ) അപേക്ഷിച്ച് ഇവർ വിവിധതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവയിലൊന്നാണ് പൈതൃകസ്വത്ത് താരതമ്യേന കുറവാണ് എന്നത്. ബേബി ബൂമേഴ്സിന് വലിയ അളവിലുള്ള പൈതൃകസ്വത്ത് ലഭിച്ചപ്പോൾ മില്ലെനിയേഴ്സിന് വളരെ കുറഞ്ഞ തോതിലുള്ള സ്വത്തുക്കളാണ് കൈമാറിക്കിട്ടിയത്. ഇത് യുവാക്കളെ ശരിക്കും പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് ഈ വിചാരകേന്ദ്രം തങ്ങളുടെ പഠനത്തിലൂടെ സ്ഥാപിക്കുന്നത്.

എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുക? ഇതിന് സർക്കാർ സഹായം വേണമെന്നാണ് റെസൊല്യൂഷൻ ഫൗണ്ടേഷൻ പറയുന്നത്. മില്ലെനിയൽസിന് ഓരോരുത്തർക്കും കുറഞ്ഞത് 10,000 പൗണ്ട് (രൂപയുടെ ഇപ്പോഴത്തെ നിലവാരത്തിൽ 906,195 രൂപ) നൽകണം.

പുതിയൊരു സംരംഭം തുടങ്ങാനോ വീട് കെട്ടാനോ ഈ യുവാക്കൾക്ക് സാധിക്കുന്നില്ല. വിദ്യാഭ്യാസ ആവശ്യത്തിന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കാനും സാധിക്കാതെ ബുദ്ധിമുട്ടുകയാണ്.

മില്ലെനിയൽസിന് മുൻതലമുറക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനും ഈ സഹായം ഉപകരിക്കുമെന്നാണ് റെസൊല്യൂഷൻ ഫൗണ്ടേഷൻ കരുതുന്നത്. സൗമ്പത്തിക രംഗത്തെ നയപരമായ മാറ്റങ്ങളാണ് മില്ലെനിയൽസിനെ ഏതാണ്ട് വഴിയാധാരമാക്കിയത്. എന്നാൽ, പരമ്പരാഗത സ്വത്തുക്കൾ‌ ഇല്ലാതായതിനു കാരണമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത് മുൻതലമുറയുടെ ജീവിതരീതികളാണ്.

പ്രായമായവരെ യുവാക്കൾ പരിചരിക്കുകയും യുവാക്കളെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ പ്രായമായവർ സഹായിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. തലമുറകൾ തമ്മിലുണ്ടായിരുന്ന ആ പഴയ ബന്ധം നഷ്ടമായി. മില്ലെനിയൽസിനും ബേബി ബൂമേഴ്സിനും ഇടയിൽ അത്തരമൊരു ബന്ധം അത്ര ശക്തമായി നിലവിലില്ല. ഇതിനു കാരണം മില്ലെനിയൽസിന്റെ സാമ്പത്തികമായ നിരാശയാണ്.

യുവാക്കൾ ഇന്ന് താരതമ്യേന വലിയ വെല്ലുവിളികളാണ് ജീവിക്കാൻ നേരിടുന്നത്. സ്വകാര്യ ആസ്തികൾ അനുവദിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ നിലവിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ കുറച്ചുകൂടി ഉദാരമായ നടപടികൾ ആവശ്യമനാണെന്നാണ് വിചാരകേന്ദ്രം പറയുന്നത്.

ഇതിനോട് യോജിച്ചും വിയോജിച്ചും യുവാക്കൾ രംഗത്തുണ്ട്. വെറുതെ കിട്ടുന്ന പണം കൊണ്ട് കാര്യമായൊന്നും ചെയ്യാനൊക്കില്ലെന്നാണ് പലരും പറയുന്നത്. ചിലർ, ബുദ്ധിപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഈ പണം അപകടം വരുത്തിവെക്കുമെന്നും പറയുന്നു. അതെസമയം, ഈ പണം ചെലവാക്കുന്നതിൽ ചിലവ നിയന്ത്രണങ്ങൾ വെക്കേണ്ടി വരുമെന്ന അഭിപ്രായം റെസൊല്യൂഷൻ ഫൗണ്ടേഷനും ഉണ്ട്. വീടുവെക്കാനോ ബിസിനസ്സിനോ ഉപയോഗിക്കാമെന്നോ മറ്റോ നിബന്ധന വെക്കണം. എന്നാൽ, ഇത്തരത്തിൽ നിബന്ധനയോടു കൂടി ലഭിക്കുന്ന പണം എങ്ങനെ ഉപകരിക്കുമെന്ന് ചോദിക്കുന്നവരുമുണ്ട്.

യുവാക്കൾക്ക് നൽകാമെന്ന് പറയുന്ന 10,000 പൗണ്ട് സർക്കാർ‌ കണ്ടെത്തുന്നതിനായി നിർദ്ദേശിക്കപ്പെട്ട മാർഗങ്ങളെയും വിമർശിക്കുന്നവരുണ്ട്. പൈതൃകസ്വത്തിന്മേലുള്ള നികുതിയിൽ മാറ്റം വരുത്തുക എന്ന നിർദ്ദേശമാണ് ഫൗണ്ടേഷൻ മുമ്പോട്ടു വെക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍