UPDATES

യുകെ/അയര്‍ലന്റ്

സ്നേഹത്തിന്റെ ശമ്പളം നിറച്ച ഉരുളക്കിഴങ്ങ് ചാക്ക്; കിട്ടാതെ പോയ ആദ്യ പ്രതിഫലത്തിന്റെ കഥ

“പക്ഷേ ആ ഭാരം ചുമക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ജീവിതത്തിൽ നിരാകരിക്കപ്പെട്ട സ്നേഹ ബന്ധങ്ങളുടെ ഇടയിൽ വർഷിക്കപ്പെട്ട ആ അപരിചിതരുടെ സ്നേഹം വിലപ്പെട്ടതായി തോന്നി.” -ഡോ. ഷാഫി കെ മുത്തലീഫ് എഴുതുന്ന അനുഭവക്കുറിപ്പ്.

പുലരിയുടെ തരിപ്പുള്ള കുത്തിയിറങ്ങുന്ന തണുപ്പ്. കാലത്ത് മൂന്നു മണിക്ക് എഴുന്നേറ്റു. അതിനു മുൻപേ ഉറക്കം നഷ്ടപ്പെട്ടിരുന്നു. നഴ്സിങ് ഹോസ്റ്റലിൽ നിന്നും തണുപ്പത്ത് ഇറങ്ങി നടന്നു. പണ്ട് കോവൻട്രിയിൽ വച്ചായിരുന്നു സംഭവം. ഒരു 20 മിനുട്ട് നടക്കാനുണ്ട് രഞ്ജിതിന്റെ വീട്ടിലേക്ക്. സുമയാണ് രൺജിത്തിനെ പരിചയപ്പെടുത്തി തന്നത്. ചുരുണ്ട മുടിയുള്ള എനർജറ്റിക്കായ സുമ. പ്രകാശം പരത്തുന്ന പെൺകുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ആ പെൺകുട്ടി ജീവിതത്തിൽ ആരായിരുന്നു എന്ന് നിർവചിക്കാൻ ബുദ്ധിമുട്ടാണ്. എന്തായാലും ഒരു സഹോദരി ആവാനാണ് അവൾ ആഗ്രഹിച്ചത് എന്നു മാത്രം അറിയാം.

ജോലിയും കൂലിയും ഒന്നുമില്ലാതെ, പരീക്ഷകളും തോറ്റ്, കൂട്ടുകാരോട് തല്ലും പിടിച്ച് നടക്കുന്ന ഒരു മലയാളി ഡോക്ടർ. നാട്ടിലല്ല കേട്ടോ, തണുത്ത് മരവിച്ച ഇംഗ്ലണ്ടിൽ. അതായിരുന്നു ഞാൻ. വിസ, മറ്റു ജോലികൾ ചെയ്യാൻ അനുവദിക്കാത്തതിനാൽ നിയമപരമായി ജോലികൾ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. അല്ലെങ്കിൽ മറ്റു പലരുംചെയ്യുന്നതു പോലെ നഴ്സിങ് ഹോമിൽ കെയറർ ആയിട്ടും മറ്റും ജോലി സംഘടിപ്പിക്കാമായിരുന്നു. കുറച്ചു കറുത്ത വർഗക്കാരായ കൂട്ടുകാർ അതിനു വേണ്ടി ശ്രമിച്ചതാണ്, നടന്നില്ല.

സുമ കോവൻട്രിയിൽ വാൾസ് ഗ്രേവ് ഹോസ്പിറ്റലിൽ പ്രസവ വിഭാഗത്തിലെ നഴ്സായിരുന്നു. രൺജിതിന്റെ പഞ്ചാബി കുടുംബത്തിൽ നിന്ന് ബന്ധുക്കളിലാരെയോ അഡ്മിറ്റ് ചെയ്തപ്പോൾ അവളായിരുന്നു ശുശ്രൂഷിച്ചത്. അങ്ങനെ രൺജിതിന് സുമയെ നല്ലൊരു നഴ്സ് എന്ന നിലയിൽ താൽപര്യമാവുകയും എന്തു സഹായം വേണമെങ്കിലും പറയണം എന്ന് അവളോട് സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് സുമ എന്റെ കാര്യം പറയുന്നത്. എന്തെങ്കിലും ജോലി…! ഒരിക്കൽ രഞ്ജിതിന്റെ വീട്ടിലേക്ക് സുമ എന്നെ കൂട്ടി കൊണ്ടുപോയി. ഒരു കല്യാണത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു അവിടെ എന്ന് ഓർക്കുന്നു. ലോകത്തിൽ എവിടെ ആണെങ്കിലും പഞ്ചാബി കല്യാണങ്ങൾ ഹരം പിടിപ്പിക്കുന്ന, നിറങ്ങളുടെ സംഗീതം പൊഴിക്കുന്ന അനുഭവച്ചാർത്തുകളാണ്. പൊട്ടിച്ചിതറുന്ന സ്ഫടിക മണികൾ പോലെ ആർത്തു ചിരിക്കുന്ന പെൺകുട്ടികൾ, ബാംഗ് റാ മ്യൂസിക്, ഭക്ഷണത്തിന്റെ തനത് സൗരഭ്യം. രൺജിതിനെ കണ്ടു, സംസാരിച്ചു. അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെട്ടു. നാളെ അതിരാവിലെ തന്നെ 4 മണിക്ക് ഒരു വീട്ടിൽ എത്തണം എന്ന് പറഞ്ഞു. അഡ്രസ്സ് തന്നു. ജോലി എന്താണെന്നൊന്നും ചോദിച്ചില്ല, വയലിലെ കൃഷിപ്പണി ആണ് എന്ന് മാത്രം അറിയാം. എന്തെങ്കിലും ചെയ്യുക എന്നത് മാത്രമായിരുന്നു അഭിമാനത്തിന് സാരമായി ക്ഷതമേറ്റിരുന്ന ആ കാലത്ത് തോന്നിയത്.

പിരിയുമ്പോൾ രഞ്ജിത് സ്നേഹപൂർവ്വം പറഞ്ഞു: ‘”നീ ഈ വീട്ടിൽ നിന്നോ! ഈ കാണുന്ന പഞ്ചാബി പെൺകുട്ടികളിൽ ഒരാളെ നിനക്ക് ഞാൻ കല്യാണം കഴിച്ചു തരാം. ഒരു പഞ്ചാബിയായി ഇവിടെ കഴിയാം.’’ ഒന്നും പറയാതെ മനസ്സിൽ ‘ജബ ജബ ജബ’ എന്ന് ആലോചിച്ച് സ്നേഹപൂർവ്വം മന്ദഹസിച്ചു കൊണ്ട് തിരിച്ചു വന്നു.

പിറ്റേദിവസം കാലത്ത് 4 മണിക്ക് പറഞ്ഞ സ്ഥലത്ത് എത്തി. അവിടെ 10-15 പേർ തയ്യാറായി നിന്നിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന ഒരു കൂട്ടം . അവരിൽ ഒരാളായി ഞാനും. ചെവി തുളയ്ക്കുന്ന കനത്ത തണുപ്പ്. അവർ ഉച്ചയ്ക്ക് കഴിക്കാനുള്ള ചപ്പാത്തിയും ചായയും മറ്റും വണ്ടിയിലേക്ക് എടുത്തു വച്ചു. ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ ഒന്നും തന്നെ കരുതിയിട്ടില്ലല്ലോ എന്ന് ഓർത്തു. വലിയൊരു നീളത്തിലുള്ള ടെമ്പോ ട്രാക്സ് പോലത്തെ വണ്ടിയില്‍ ആയിരുന്നു ഞങ്ങൾ എല്ലാവരും കയറിയത്. വണ്ടി പുറപ്പെട്ടു. പലരും ഉറങ്ങുന്നുണ്ടായിരുന്നു. എനിക്ക് ഉറക്കം ഒന്നും വന്നില്ല. അപരിചിതമായ വഴികളിലൂടെ, അറിയപ്പെടാത്ത വിധികളിലൂടെ, എന്നെ സഞ്ചരിപ്പിക്കുന്ന ജീവിതത്തോടുള്ള അദ്ഭുതവും കൂറി ഞാൻ അങ്ങനെ ഇരുന്നു.

മണിക്കൂറുകൾ രണ്ടോ മൂന്നോ ഈസിയായി കടന്നു പോയി. ലിങ്കൺ ഷയർ എന്ന കൗണ്ടിയുടെ ബോർഡ് കണ്ടത് ഓർമ്മയുണ്ട്. അന്ന് അപരിചിതമായിരുന്ന സ്ഥലമായിരുന്നു അത്. (വിധിവൈപരീത്യം എന്നു പറയട്ടെ, പിന്നീട് ഒരിക്കൽ ഞാൻ ആദ്യത്തെ പെർമനന്റ് ഡോക്ടർ ജോലി, ട്രെയിനിങ് കഴിഞ്ഞതിനു ശേഷം എടുത്തതും ലിങ്കൺ ഷയറിൽ ആയിരുന്നു.) കാലത്ത് 7 മണിയോടു കൂടിയാണ് ഞങ്ങൾ വയലിൽ എത്തിയത്. ഏത് വിളയുടെ വയലാണെന്നൊന്നും അന്നും ഇന്നും എനിക്കറിയില്ല. വിളകൾക്കിടയിൽ വളർന്ന് നിൽക്കുന്ന കളകൾ പറിച്ചുകളയുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. ഓരോരോ നിരകൾ ആയി ഇരുന്ന് കളകൾ പറിച്ചു പറിച്ച് മുന്നേറണം. നമ്മൾ വേഗത്തിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ അൽപ്പം മുരടനായ ചെവിട്ടിൽ സ്റ്റഡ് ഒക്കെ പതിച്ചു നിൽക്കുന്ന ഒരു മേസ്തിരിയും ഉണ്ട്. പടയോട്ടം എന്ന ചിത്രത്തിൽ അടിമകളെ ചാട്ടവാറിന് അടിക്കുന്ന അച്ചൻകുഞ്ഞ് ചെയ്യുന്ന ഒരു കഥാപാത്രത്തിനെ ആണ് എനിക്ക് പുള്ളിയെ കണ്ടപ്പോൾ ഓർമ്മ വന്നത്.

കൂടെയുള്ളവർ ഇംഗ്ലണ്ടിലെ അനധികൃത കുടിയേറ്റക്കാർ ആണെന്ന് ഇതിനകം എനിക്ക് മനസ്സിലായിരുന്നു. ജോലി ചെയ്യുന്നതിനിടയിൽ അടുത്തിരുന്ന ആൾ കുശലം ചോദിച്ചു. പഞ്ചാബിയിൽ ആയിരുന്നു ചോദ്യം. എങ്കിലും ഞാൻ എങ്ങനെ യുകെയിൽ എത്തി എന്നാണ് പുള്ളിക്ക് അറിയേണ്ടത് എന്നെനിക്ക് മനസ്സിലായി. ‘ഹവായി ജഹാസ് മേ ആയാ’ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. (ഇത്രയെങ്കിലും പറയാൻ രാഷ്ട്രഭാഷ പറയുന്ന ഒരു കൂട്ടുകാരിയുമായുള്ള മുൻ സൗഹൃദം സഹായിച്ചു എന്ന് പറയാതെ വയ്യ.) ഞാൻ പറഞ്ഞു തീർന്നതും അവിടെ കൂട്ടച്ചിരി ആയിരുന്നു. ഞാൻ എന്തു തമാശയാണ് പറഞ്ഞത് എന്നറിയാതെ ഞാൻ കുഴങ്ങി. പിന്നെ എനിക്കു മനസ്സിലായി ഞാൻ ഒരു വമ്പൻ നുണയൻ ആണ് എന്ന് കരുതിയാണ് അവർ ചിരിക്കുന്നത്.

അവരിൽ ആരും തന്നെ വിമാനം കയറി വന്നവരല്ല! ട്രക്കിന്റെ അടിയിൽ അള്ളിപ്പിടിച്ചും മറ്റും പല രാജ്യങ്ങളിലൂടെ സമുദ്രമാർഗ്ഗവും മറ്റും ഇവിടെ എത്തിച്ചേർന്ന യഥാർത്ഥ നിയമവിരുദ്ധ കുടിയേറ്റക്കാർ! അവർക്ക് പാസ്പോർട്ടോ മറ്റ് രേഖകളോ ഒന്നുമില്ല. സമൂഹത്തിൽ നിന്നും മാറി നിന്ന് ഈ വയലുകളിൽ അവർ രാവന്തിയോളം പണിയെടുക്കുന്നു. കിട്ടുന്ന തുച്ഛമായ തുക മുഴുവനായി സേവ് ചെയ്യുന്നു. വലിയ ചെലവൊന്നും അവർക്ക് ആകുന്നില്ല. ചപ്പാത്തിയും ചായയും ഒക്കെ ഗ്രൂപ്പ്‌ ആയി ഉണ്ടാക്കാൻ വളരെ കുറഞ്ഞ ചെലവു മതി.

വസ്ത്രമാണെങ്കിൽ അഴുക്ക് പിടിച്ച പഴയ വസ്ത്രങ്ങളാണ് അവർക്ക് സൗകര്യം. 10 കൊല്ലം ഇങ്ങിനെ ജീവിക്കും. എന്നിട്ട് അസൈലം സീക്കർ എന്ന കാറ്റഗറിയിൽ ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിക്കും. അതിന് അവർക്ക് പഞ്ചാബി ഏജൻസികൾ ഉണ്ട്. അങ്ങിനെ 10 വർഷങ്ങൾക്ക് ശേഷം പണവും ബ്രിട്ടീഷ് പൗരത്വവുമായി പഞ്ചാബിലേക്ക്! പിന്നീട് തിരിച്ച് കല്യാണം കഴിച്ചോ അല്ലെങ്കിൽ നിലവിലെ ഭാര്യയും കുട്ടികളുമായി തിരിച്ചു വന്നോ പുതിയ ജീവിതം! നന്നായി കഷ്ടപ്പെടാൻ മനസ്സുള്ളവരായതു കൊണ്ട് അവർ ചെയ്യുന്ന ബിസിനസ് സ്വാഭാവികമായും വിജയത്തിലാകും. പുതിയ രൺജിത്തുമാർ അങ്ങനെ രൂപം കൊള്ളുകയായി!

അതു കൊണ്ട് ഞാൻ വിമാനത്തിലാണ് വന്നത് എന്നത് അവർ പുച്ഛിച്ചു തള്ളി. ഞാൻ ഏതോ ശ്രീലങ്കൻ അഭയാർത്ഥി ആണെന്നാണ് എന്റെ ലുക്ക് ഒക്കെ കണ്ട് അവർ തെറ്റിദ്ധരിച്ചത്. അടുത്ത പൊട്ടിച്ചിരി എന്റെ ജോലി എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കേട്ടപ്പോൾ ആയിരുന്നു. ഡോക്ടർ എന്നു പറഞ്ഞതോടെ വൻ ചിരി ആയിരുന്നു! ഇതുപോലത്തെ ഒരു പെരുനുണയനെ തങ്ങൾ കണ്ടിട്ടില്ല എന്ന രീതിയിൽ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ആർത്തു ചിരിച്ചു. അപ്പോൾ കൂട്ടത്തിലെ ഒരു സമർത്ഥൻ എന്നെ ടെസ്റ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം ചോദിച്ചു ‘ഓകെ, എനിക്ക് പനി വന്നു എന്ന് വിചാരിക്കൂ. നീ എനിക്ക് എന്ത് മരുന്നു തരും?’ ഞാൻ പറഞ്ഞു, ‘പാരസെറ്റമോൾ’. അവർ കൂട്ടമായി ആർത്തു ചിരിച്ചു. പാരസെറ്റമോൾ എന്ന് പറഞ്ഞത് അവർക്ക് മനസ്സിലായില്ല എന്നത് ഞാൻ ദുഃഖത്തോടെ മനസ്സിലാക്കി. ഞാൻ പറഞ്ഞു ‘ അനാസിൻ!’ ചിരി നിന്നു ‘അമ്പടാ! ഇവന് കുറച്ച് വിവരം ഒക്കെ ഉണ്ട് കേട്ടോ’, നമ്മുടെ സമർത്ഥൻ പറഞ്ഞു. അനാസിൻ എന്നതായിരുന്നു അവർക്ക് അറിയുന്ന പനി/വേദനാസംഹാരിയുടെ പേര് .

ജോലി ചെയ്യാൻ ഞാൻ ഒരു പരാജയം ആയിരുന്നു എന്നത് പ്രത്യേകം പറയേണ്ടല്ലോ. കുറച്ചുനേരം കസേരയിൽ ഇരുന്ന് എഴുന്നേൽക്കുമ്പോൾ തന്നെ സാധാരണയായി എന്റെ മുതുകും പുറവും സ്റ്റിഫ് ആകും. (എന്റെ അമ്മയ്ക്കും അങ്ങനെ തന്നെ). ആ ഞാൻ മണിക്കൂറുകളോളം ചെളിയിൽ കുന്തിച്ചിരുന്ന് കള പറിച്ചതോടെ കഠിനമായി പുറം വേദനിച്ചു കൊണ്ടിരുന്നു. കഠിനാധ്വാനികളായ പഞ്ചാബികൾ, സ്ത്രീകൾ അടക്കം നിരനിരയായി അതിവേഗം മുന്നോട്ടു പോയി കൊണ്ടിരുന്നപ്പോൾ ഞാൻ മാത്രം പിന്നിലായിപ്പോയി. എന്റെ അടുത്ത് ദേഷ്യം വന്ന് ചുവന്ന കണ്ണുകളുമായി നമ്മുടെ പഞ്ചാബി അച്ചൻകുഞ്ഞും നിൽപ്പുണ്ടായിരുന്നു.

ജോലിക്കിടയിലെ ഭക്ഷണ ഇടവേളയിൽ എനിക്ക് കഴിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ദയാലുക്കളായ ആ പഞ്ചാബികൾ എനിക്ക് കുടിക്കാൻ അൽപ്പം പെപ്സിയും തിന്നാൻ രണ്ട് ചപ്പാത്തിയും തന്നു. അതും ചവച്ച് മുതുക് നിവർത്തി ആകാശം നോക്കി അൽപ്പനേരം ഞാൻ ആ വയലിൽ കിടന്നു. വെള്ള മേഘങ്ങളെ നോക്കിക്കിടന്നപ്പോൾ എന്റെ അമ്മയെ ഞാൻ ഓർമ്മിച്ചു.

അമ്മ ഒരു ദയാലു ആയിരുന്നു. അതുകൊണ്ട് വീട്ടിൽ ഭിക്ഷക്കാരുടെ ബഹളം ആയിരുന്നു. ഒരിക്കൽ അമ്മ ബിരിയാണി വച്ചതിൽ ബാക്കിയായിരുന്ന ഒരേ ഒരു പ്ലേറ്റിനു മുൻപിൽ ഞാൻ ആർത്തിയോടെ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ‘ശനിയാഴ്ച അപ്പാപ്പൻ’ എന്ന് പറഞ്ഞിരുന്ന സ്ഥിരം യാചകൻ എത്തിയത്. എന്റെ മുൻപിലുള്ള പ്ലേറ്റ് അങ്ങിനെ തന്നെ എടുത്ത് കൊണ്ടുപോയി ശനിയാഴ്ച അപ്പാപ്പന് കൊടുത്തു. അമർഷം കൊണ്ടിരിക്കുന്ന എന്റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു. ‘സാരമില്ല മോനേ, നാങ്കളും പട്ടിണി കിടക്കക്കൂടാത്, അത്ക്ക് താൻ’ -ആ അമ്മയുടെ മകൻ പട്ടിണി കിടക്കാതിരിക്കാൻ പ്രകൃതി എന്തും ചെയ്യും എന്ന് എനിക്ക് മനസ്സിലായി. എഴുതുമ്പോൾ ചെറുതായി കണ്ണു നിറയുന്നുണ്ടെങ്കിലും ആ കാലത്ത് എന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീരും വന്നിരുന്നില്ല. യുവത്വത്തിന്റെ ചോരത്തിളപ്പിൽ വിധിയുടെ വിളയാട്ടങ്ങൾ എന്നെ സംബന്ധിച്ച് ചില്ലറ റോളർ കോസ്റ്റർ അനുഭവങ്ങൾ മാത്രമായിരുന്നു.

മാനത്ത് ചെമ്മേഘങ്ങൾ കേറിയ സന്ധ്യക്കാണ് ജോലി അവസാനിച്ചത്. അപ്പോഴേക്ക് ഞാൻ ഒരു ‘ഡോക്ടർ’ തന്നെ എന്ന് പഞ്ചാബികൾക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. ഒരു ഡോക്ടർക്കല്ലാതെ ഇത്ര മോശമായി കളപറിക്കാൻ കഴിയില്ല എന്ന് അവർക്ക് മനസ്സിലായി. സ്റ്റിഫായ മുതുകുമായി ‘കുണ്ടിക്കുള്ളെ ഒരു ഗുണ്ടു പോയിരിക്ക് മാമാ’ എന്ന മട്ടിൽ കുനിഞ്ഞുനടന്ന എന്നെ അവർ സഹതാപത്തോടെ നോക്കി.

വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോൾ അപമാനഭാരത്താൽ എന്റെ തല കുനിഞ്ഞിരുന്നു. ഈ ജോലിക്ക് എനിക്ക് നാളെ വരാൻ കഴിയില്ല എന്ന ബോധ്യം കൊണ്ടായിരുന്നു അത്. നാണം കൊണ്ട് അത് അവരോട് പറയാൻ എനിയ്ക്ക് കഴിഞ്ഞില്ല. കോവൻട്രിയിൽ ഇറങ്ങിയപ്പോൾ സ്നേഹത്തോടെ അവർ എന്നോട് യാത്ര പറഞ്ഞു. എനിക്കായി ഒരു ചാക്ക് നിറയെ ഉരുളക്കിഴങ്ങ് സമ്മാനം തന്നു. മണ്ണും മറ്റും പറ്റിപ്പിടിച്ച ഉരുളക്കിഴങ്ങുകൾ. അവരുടെ കയ്യിൽ തരാൻ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് എന്തായാലും എനിക്കായി തന്നു. ഞാൻ ഒരുപക്ഷേ ഇനി വരില്ല എന്ന് അവർ എന്റെ മൗനത്തിൽ നിന്നും മനസ്സിലാക്കിക്കാണണം.

ആ ഉരുളക്കിഴങ്ങ് ചാക്ക് സത്യത്തിൽ എനിക്ക് ആവശ്യം ഉണ്ടായിരുന്നില്ല. മര്യാദയ്ക്ക് കുക്ക് ചെയ്യാനൊന്നും അറിയാത്ത ഞാൻ അതു കൊണ്ട് ഒന്നും ചെയ്യാൻ പോകുന്നുണ്ടായിരുന്നില്ല. അതും താങ്ങി ഇരുപതു മിനിറ്റു നേരം ഇരുണ്ട ഇടുങ്ങിയ റോഡുവഴി നടക്കുക എന്നതു തന്നെ എനിക്ക് അൽപ്പം ശല്യവും ഭാരവും ആയിരുന്നു. പക്ഷേ ആ ഭാരം ചുമക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ജീവിതത്തിൽ നിരാകരിക്കപ്പെട്ട സ്നേഹ ബന്ധങ്ങളുടെ ഇടയിൽ വർഷിക്കപ്പെട്ട ആ അപരിചിതരുടെ സ്നേഹം വിലപ്പെട്ടതായി തോന്നി.

ആ ഉരുളക്കിഴങ്ങ് ചാക്കും താങ്ങി, ചെളി പുരണ്ട വസ്ത്രങ്ങളും പാദുകങ്ങളുമായി ജന്മനഗരത്തിന് കാതങ്ങൾ അകലെ ഒരു സ്ഥലത്ത് തണുപ്പിൽ ഞാൻ അൽപ്പം വേച്ചു നടന്നു. ചെന്നു കിടന്ന ഉടനെ തണുത്ത ഇരുട്ടിന്റെ തുരുത്തായ ആ കൊച്ചു മുറിയിൽ ഞാൻ തളർന്ന് വിലയം പ്രാപിച്ചു. ജോലിക്ക് പിന്നെ പോകാത്തതു കൊണ്ടുള്ള നാണത്താൽ ഞാൻ ഒരിക്കലും രൺജിതിനെ പോയി കണ്ടില്ല. 25 പൗണ്ടായിരുന്നു അന്ന് ആ ദിവസത്തെ പ്രതിഫലമായി രൺജിത് പറഞ്ഞിരുന്നത്. അത് രൺജിത് അദ്ദേഹത്തിന്റെ കയ്യിൽ തന്നെ സൂക്ഷിച്ചു. ഞാൻ വന്ന് കണ്ടാലേ അത് തരികയുള്ളൂ എന്ന് അദ്ദേഹം സുമയെ പറഞ്ഞ് ഏൽപ്പിച്ചു.

രൺജിത് സുമയോട് അങ്ങനെ പറഞ്ഞത് എന്നെയൊന്നു കാണാൻ വേണ്ടി മാത്രമായിരുന്നു. അയാൾക്ക് എന്റെ ദിവസക്കൂലി ആയ 25 പൗണ്ട് കൊണ്ട് നേട്ടങ്ങൾ ഒന്നും കൊയ്യാനില്ലായിരുന്നു. ഇന്ന് എന്റെ ഒരു മണിക്കൂറിന് അതിന്റെ നാലിരട്ടിയിലധികം കിട്ടാവുന്ന ഒരു ജോലിയിൽ ഇരുന്ന് കിട്ടാതെ പോയ ആ ആദ്യ ശമ്പളത്തെക്കുറിച്ച് ആലോചിക്കുന്നു. ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഈ ശൈത്യ രാജ്യത്തു നിന്ന് കിട്ടിയ ആദ്യ പ്രതിഫലം. ജീവിതത്തിൽ ആദ്യമായും അവസാനമായും ചെയ്ത ഒരു കർഷകവൃത്തിയുടെ പ്രതിഫലം. കിട്ടാതെ പോയ ആ പൗണ്ട് നോട്ടുകളേക്കാൾ വിലയുള്ള സ്നേഹത്തിന്റെ പ്രതിഫലം. പതിയെ നീങ്ങി മാഞ്ഞ മാനത്തെ വെള്ളമേഘങ്ങൾ എനിക്കു തന്ന മങ്ങാത്ത മായാത്ത അനുഭൂതികളുടെ പ്രതിഫലം!

വര: എഴുത്തുകാരൻ

ഡോ. ഷാഫി കെ മുത്തലീഫ്

ഡോ. ഷാഫി കെ മുത്തലീഫ്

ഡോ. ഷാഫി. കെ. മുത്തലീഫ് ,MRCPsych (UK ) ഇപ്പോൾ ഇംഗ്ലണ്ടിലെ ഇപ് സ്വിച്ചിൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് പ്രാഥമിക മെഡിക്കൽ ബിരുദം നേടി. തൃശൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍