UPDATES

വിദേശം

ഷമീമയുടെ കുഞ്ഞിനെ യുകെയിലെത്തിക്കാൻ കുടുംബം ശ്രമം നടത്തുന്നു; വക്കീൽ‍‍ സിറിയയിലേക്ക് പോകും

കഴിഞ്ഞയാഴ്ചയാണ് ഷമീമ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകിയത്.

സിറിയയിലേക്ക് ഐഎസ്സിൽ ചേരാനായി കടന്ന ഷമീമ ബീഗത്തിന്റെ കുഞ്ഞിനെ യുകെയിലെത്തിക്കാൻ കുടുംബം നിയമപരമായ മാർഗങ്ങൾ തേടുന്നതായി റിപ്പോർട്ട്. തന്റെ പൗരത്വം നീക്കാനുള്ള യുകെയുടെ നീക്കത്തെ നിയമപരമായി നേരിടാൻ ഷമീമ ബീഗം ഒരുങ്ങുന്നുണ്ടെങ്കിലും ഇത് ദൈർഘ്യമുള്ള പ്രക്രിയയാണ്. സിറിയയിലെ അഭയാർത്ഥി ക്യാമ്പിലാണ് ഇവരിപ്പോൾ ഉള്ളത്. യുകെയിൽ ഷമീമയ്ക്കായി ഏർപ്പാടാക്കിയ വക്കീൽ അഭയാർത്ഥി ക്യാമ്പിലേക്ക് ഇവരെ കാണാന്‍ പോകുമെന്ന് റിപ്പോർട്ടുണ്ട്. നേരിട്ടു ചെന്ന് കുഞ്ഞിനെ യുകെയിലേക്ക് കൊണ്ടുവരാനുള്ള ഷമീമയുടെ സമ്മതം വാങ്ങുകയാണ് ലക്ഷ്യം.

കഴിഞ്ഞയാഴ്ചയാണ് ഷമീമ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകിയത്. യുകെയിലേക്ക് വരാനുള്ള ഷമീമയുടെ നീക്കത്തെ എല്ലാത്തരത്തിലും എതിർക്കുമെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദ്. ഷമീമയുടെ മാതാപിതാക്കളുടെ ദേശം ബംഗ്ലാദേശ് ആയതിനാൽ അങ്ങോട്ട് നീങ്ങാമെന്ന് ജാവിദ് പറയുകയുണ്ടായി. എന്നാൽ കടുത്ത ഭാഷയിലാണ് ബംഗ്ലാദേശ് ഇതിനോടുള്ള എതിർപ്പറിയിച്ചത്. ഷമീമയുടെ മാതാപിതാക്കൾ യുകെ പൗരന്മാരാണെന്നും ഇരുവര്‍ക്കും തങ്ങളുടെ പൗരത്വമില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

ബ്രിട്ടിഷ് പൗരത്വം നീക്കം ചെയ്യാനുള്ള യുകെയുടെ നടപടിയെ തങ്ങൾ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഷമീമയുടെ കുടുംബം പ്രഖ്യാപിച്ചിട്ടുണ്ട്. ജാവിദിന് ഷമീമയുടെ മൂത്ത സഹോദരി രേണു എഴുതിയ കത്തിൽ തങ്ങളുടെ പുതിയ കൊച്ചുമകനെ യുകെ പൗരനായി അംഗീകരിക്കണമെന്ന് അപേക്ഷിച്ചിരുന്നു. തങ്ങളുടെ കുടുംബാംഗത്തെ ഐസിസ് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ഷമീമയുടെ കുടുംബം അവകാശപ്പെടുന്നത്. 15 വയസ്സുള്ളപ്പോൾ ഐസിസിൽ ചേരാൻ പോയ ഷമീമയ്ക്ക് ഇപ്പോൾ 19 വയസ്സുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍