UPDATES

യുകെ/അയര്‍ലന്റ്

സിറിയയ്ക്കുള്ള സാമ്പത്തിക പിന്തുണ വർധിപ്പിക്കാൻ യുകെ; ആരോഗ്യരക്ഷയ്ക്ക് കൂടുതൽ പരിഗണന

2018ൽ നടന്ന പട്ടാളനീക്കങ്ങളെല്ലാം കുട്ടികളെയാണ് ബാധിച്ചത്. ജീവിച്ചിരിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല.

സിറിയയ്ക്കുള്ള സാമ്പത്തിക പിന്തുണ വർധിപ്പിക്കാൻ ബ്രിട്ടൻ തയ്യാറെടുക്കന്നു. ഇതിൽ വിശദമായ പ്രഖ്യാപനം ഇന്ന് (ബുധനാഴ്ച) ഉണ്ടാകും. യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും ബ്രസ്സൽസിൽ നടത്തുന്ന ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കപ്പെടുന്നത്. സിറിയയിലേക്കുള്ള ഫണ്ടിങ് സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ ഈ ഉച്ചകോടിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

സിറിയയിലെ സഘര്‍ഷം എട്ടാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. സിറിയയിലെ ദൗമയിൽ രാസായുധപ്രയോഗം നടന്നുവെന്ന ആരോപണത്തിനു പിന്നാലെ യുഎസ്, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നടത്തിയ ആക്രമണത്തിനു ശേഷമാണ് ഉച്ചകോടി നടക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം 130 ലക്ഷം പേര്‍ക്ക് സിറിയയിൽ നേരിട്ടുള്ള സഹായം ആവശ്യമുണ്ട്. ഇതിൽ 61 ലക്ഷത്തോളം പേർക്ക് വീടും നാടും വിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം 7 ലക്ഷത്തോളം പേർക്കാണ് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. 50 ലക്ഷത്തോളം പേർക്ക് രാജ്യം തന്നെ വിടേണ്ടതായും വന്നിട്ടുണ്ട്.

450 ദശക്ഷം പൗണ്ട് നടപ്പുവർഷത്തിൽ തന്നെ നല്കാനാണ് യുകെ ആലോചിക്കുന്നത്. 2019ൽ 300 ദശലക്ഷം പൗണ്ട് നൽകാനും ധാരണയായിട്ടുണ്ട്. ഇതോടെ യുകെയുടെ മൊത്തം സിറിയൻ സാമ്പത്തിക സഹായം 2.71 ബില്യൺ പൗണ്ട് ആയി ഉയരും.

ഈ സാമ്പത്തിക സഹായം സിറിയയിൽ മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനു വേണ്ടിയാണ് ചെലവഴിക്കുക. ഡോക്ടർമാർക്കും നഴ്സുമാര്‍ക്കും പരിശീലനം നൽകുന്നതും ലക്ഷ്യമാക്കും.

സിറിയയിൽ സംഘർഷം തുടങ്ങിയ 2011നു ശേഷം 478 ആശുപത്രികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 830 ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇത് രാജ്യത്തിന്റെ ആരോഗ്യരംഗത്തെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എൻജിഓകളോടും സംഭാവന നൽകുന്ന മറ്റ് സംഘടനകളോടും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചിൽഡ്രൻ ഇന്റർനാഷണൽ തലവന്‍ ഹെല്ലെ തോമിങ് ഷൂമി ആവശ്യപ്പെട്ടു. 2018ൽ നടന്ന പട്ടാളനീക്കങ്ങളെല്ലാം കുട്ടികളെയാണ് ബാധിച്ചത്. ജീവിച്ചിരിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല.

നിരവധി രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ബ്രസ്സൽസ് ഉച്ചകോടിയിൽ എൻജിഒകളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട് ഇതിനകം. രാഷ്ട്രീയ പരിഹാരം ആവശ്യമായ ഘട്ടത്തിലാണ് സിറിയയെന്ന് യുഎന്നിന്റെ പ്രത്യേക പ്രതിനിധി സ്റ്റഫൻ മിസ്തൂര പറഞ്ഞു. കഴിഞ്ഞ കുറച്ചാഴ്ചകളായി പട്ടാളസാന്നിധ്യം ഉയർത്തിയും മറ്റുമുണ്ടാക്കിയ നേട്ടങ്ങൾ പക്ഷെ, പ്രശ്നപരിഹാരത്തോട് അടുക്കുകയുണ്ടായില്ലെന്ന് മിസ്തൂര നിരീക്ഷിച്ചു. യുഎന്നിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപ്രക്രിയകൾ ശരിയായി നടക്കുന്നത് ഉറപ്പുവരുത്തുകയാണ് രാജ്യത്തെ മുമ്പോട്ടു കൊണ്ടുപോകാനുള്ള വഴിയെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യമേധാവി ഫെഡെറിക്ക മോഘേരിനി അഭിപ്രായപ്പെട്ടു.

സംഘർഷത്തിൽ റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ ബ്രസ്സൽസിൽ ബ്രിട്ടണ്‍ ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങളെ ബഹുമാനിക്കാതിരിക്കുന്നത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുമെന്ന് ബ്രിട്ടണ്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍