UPDATES

വിദേശം

ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഡ്രോണുകൾ: പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങി

എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കാനുള്ള മനപ്പൂർവ്വമായ ശ്രമമാണ് ഡ്രോൺ പറത്തലിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രിയിൽ ലണ്ടൻ ഗാറ്റ്‌വിക്ക് എയർ‍പോർട്ടിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ പ്രതിസന്ധിയിലാക്കിയത് പതിനായിരക്കണക്കിന് യാത്രക്കാരെ. സുരക്ഷാ പ്രശ്നം മുൻനിർത്തി എയർപോർട്ട് 24 മണിക്കൂർ നേരത്തെക്ക് അടച്ചതോടെയാണ് യാത്രക്കാർ വലഞ്ഞത്. വ്യാഴാഴ്ച മുഴുവനും എയർപോർട്ട് അടഞ്ഞുകിടന്നു. നിരവധി വിമാനങ്ങൾ റദ്ദ് ചെയ്തു.

ഡ്രോൺ പറത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഹായത്തിനായി പട്ടാളത്തെയും വിളിച്ചിട്ടുണ്ട്. രണ്ട് പൊലീസ് സേനകളിൽ നിന്നായി 20 യൂണിറ്റ് പൊലീസ് സംഘം തെരച്ചിൽ നടത്തുകയാണ്. ഇവരെ കണ്ടെത്തിയാലേ പ്രശ്നപരിഹാരമുണ്ടാകൂ എന്ന നിലയാണ്. ഇങ്ങനെയാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ വെള്ളിയാഴ്ചയും വിമാനങ്ങൾ റദ്ദ് ചെയ്യേണ്ടി വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കാനുള്ള മനപ്പൂർവ്വമായ ശ്രമമാണ് ഡ്രോൺ പറത്തലിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകള്‍ പ്രദേശത്തുണ്ടായിരുന്നതായി പൊലീസ് കരുതുന്നു. ഇവ ഏതുതരം ഡ്രോണുകളാണെന്ന് വ്യക്തമല്ലെങ്കിലും ഓൺലൈനായി വാങ്ങാൻ കിട്ടുന്ന വലിപ്പത്തിലുള്ളവയല്ല എന്നാണ് നിഗമനം. സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് ഇവയുടെ സ്വഭാവം തിരിച്ചറിയാൻ ശ്രമിക്കുകയാണ് തങ്ങളെന്ന് പൊലീസ് അറിയിച്ചു.

ഡ്രോൺ ഉപയോഗത്തെ കർ‍ശനമായി നിയന്ത്രിക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ബ്രിട്ടന്റെ രണ്ടാമത്തെ വലിയ എയർപോർട്ടാണ് ലണ്ടൻ ഗാറ്റ്‌വിക്ക്. ഇതിന്റെ പ്രവർത്തനം നിലയ്ക്കുന്നത് അന്തർദ്ദേശീയമായി പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍