UPDATES

യുകെ/അയര്‍ലന്റ്

തന്റെ ബ്രെക്സിറ്റ് ഡീൽ വോട്ടിനെടുക്കും മുമ്പ് ജെരെമി കോർബിനുമായി ലൈവ് സംവാദത്തിന് തെരേസ മേ

ബ്രെക്സിറ്റിനു മുമ്പായി യൂറോപ്യൻ യൂണിയനുമായി കരാർ ആവശ്യമാണോയെന്നും അതിൽ തെരേസ മേയുടെ ബ്രെക്സിറ്റ് ഉടമ്പടി അനുയോജ്യമാണോയെന്നും തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന തർക്കങ്ങൾക്കിടെ പ്രധാനമന്ത്രി തെരേസ മേയുമായി ഒരു ടെലിവിഷൻ പരിപാടിയിൽ സംവാദത്തിലേർപ്പെടാമെന്ന് ലേബർ പാർട്ടി നേതാവ് ജെരെമി കോർബിൻ സമ്മതിച്ചു. സംവാദത്തിന് തെരേസ മേ വെല്ലുവിളിച്ചിരുന്നു. പാർട്ടിയിൽ നിന്നുകൂടി ആവശ്യമുയർന്നതോടെയാണ് കോർബിൻ ഈ നിലപാടിലെത്തിയത്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായി പുലർത്തേണ്ട ബന്ധം സംബന്ധിച്ച് ഒരു ഉടമ്പടിയിലെത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ പാർലമെന്റിൽ വോട്ടിങ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ സംവാദം ലോകം ഉറ്റുനോക്കുന്ന ഒന്നായി മാറും.

I’m a Celebrity, Get Me Out of Here എന്ന റിയാലിറ്റി ഷോയുടെ ഫിനാലെക്ക് മുൻപത്തെ മണിക്കൂറിലായിരിക്കും ഇരുവരുടെയും സംവാദം നടക്കുകയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ 9 ഞായറാഴ്ചയായിരിക്കും ഈ ലൈവ് സംവാദം നടക്കുക. ഇതേ ദിവസമാണ് I’m a Celebrity, Get Me Out of Here ഷോയുടെ ഫിനാലെ. ഐടിവിയിലാണ് ഈ സംവാദം നടക്കുക. ഇതിന്റെ സംപ്രേഷണാവകാശം വാങ്ങാൻ ബിബിസി, സ്കൈ തുടങ്ങിയ ചാനലുകളും രംഗത്തുണ്ടെങ്കിലും ലേബർ പാർടി ഐടിവിക്കൊപ്പമാണ്. നിലവിൽ നല്ല കാഴ്ചക്കാരുള്ള ഷോയിൽ തന്നെ വരുന്നതായിരിക്കും ഗുണകരമെന്ന നിലപാടിലാണവർ. വലിയ ഓഡിയൻസുണ്ട് എന്നതും ഈ ഓഡിയൻസിൽത്തന്നെ വലിയ വൈവിധ്യമുണ്ട് എന്നതും ഐടിവിയുടെ ഷോയെ പരിഗണിക്കുന്നതിന് കാരണമാണ്. ഈ ഷോ നടക്കുക ഹൗസ് ഓഫ് കോമൺസിൽ മേയുടെ ബ്രെക്സിറ്റ് ഉടമ്പടി വോട്ടിനിടുന്നതിന്റെ കൃത്യ രണ്ടു ദിവസം മുമ്പായിരിക്കുമെന്നതും ലേബർ പാർട്ടി കണക്കിലെടുക്കുന്നുണ്ട്.

ഐടിവിയുടെ പ്രപ്പോസലിൽ രണ്ട് നേതാക്കളും തമ്മിൽ നേരിട്ടുള്ള സംവാദമാണ് നടക്കുക. ബിബിസിയുടെ പ്രപ്പോസലിലാകട്ടെ ഇരുപക്ഷത്തു നിന്നുള്ള മറ്റംഗങ്ങൾക്കും ഇടപെടാൻ അവസരമുണ്ട്.

അതെസമയം ജെരെമി കോർബിനുമായി നേർക്കുനേർ സംവാദം നടത്തുന്നതിനെ വിമർശിച്ച് തെരേസ മേയുടെ മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ രംഗത്തു വന്നു. കുറഞ്ഞത് ബ്രെക്സിറ്റിൽ വിശ്വാസമെങ്കിലും ഉള്ളയാളുകളോടേ തെരേസ മേ സംവാദം നടത്താവൂ എന്നദ്ദേഹം പറഞ്ഞു. മേയുടെ ബ്രെക്സിറ്റനന്തര ഉടമ്പടികളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിസ്ഥാനം രാജി വെച്ചയാളാണ് ബോറിസ് ജോൺസൺ.

ബ്രെക്സിറ്റിൽ കോർബിന്റേത് വളരെ അവ്യക്തമായ നിർദ്ദേശങ്ങളാണെന്നും ബോറിസ് ജോൺസൺ ആരോപിക്കുന്നു. ഏതു മാർഗേണയും തന്റെ ബ്രെക്സിറ്റ് പദ്ധതി അംഗീകരിപ്പിക്കുക എന്ന നിലപാടിലാണ് തെരേസ മേ. ഇതിനായി രണ്ടാഴ്ചത്തെ പ്രചാരണ പരിപാടിയും മേ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹൗസ് ഓഫ് കോമൺസിലെ വോട്ടിങ് ഡിസംബർ 11നാണ് നടക്കുക. കോർബിനുമായുള്ള മേയുടെ സംവാദം ഡിസംബർ 9നും നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍