UPDATES

വിദേശം

സിറിയക്കെതിരെ ആക്രമണം; ഉയര്‍ത്തിപ്പിടിച്ചത് ബ്രിട്ടന്റെ ദേശീയ താത്പര്യമെന്ന് തെരേസ മെയ്

സിറിയയിൽ ആക്രമണത്തിൽ പങ്കാളിയായതിന് പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനെ നേരിടുകയാണ് തെരേസ മെയ്.

സിറിയയിൽ നയതന്ത്രം പ്രയോഗിക്കേണ്ടിടത്ത് ബോംബ് പ്രയോഗിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആക്രമണം തുടരവെ തന്റെ നടപടിക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണയിലൂന്നി പ്രതിരോധം സൃഷ്ടിക്കാൻ യുകെ പ്രധാനമന്ത്രി തെരേസ മെയ് ഒരുങ്ങുന്നു. സിറിയയിൽ ഇനിയൊരു രാസായുധ പ്രയോഗം നടക്കാതിരിക്കാനും മനുഷ്യർ കെടുതികളിലേക്ക് വീണുപോകാതിരിക്കാനും വേണ്ടി ചെയ്ത നടപടിയാണ് തന്റേതെന്നും മെയ് വിശദീകരിക്കും.

മനുഷ്യരനുഭവിക്കുന്ന കെടുതികൾ തടയുകയെന്നത് ബ്രിട്ടന്‍റെ ദേശീയ താൽപര്യമാണെന്ന നിലപാടാണ് മെയ് എടുക്കുക. രാസായുധങ്ങൾ ഒരിക്കലും പ്രയോഗിക്കപ്പെടാൻ പാടില്ലെന്ന് ആഗോളതലത്തിൽ ഉയർന്നു വന്നിട്ടുള്ള പൊതുധാരണയെ ഉയർത്തിപ്പിടിക്കുകയായിരുന്നു ബ്രിട്ടൻ എന്നും മെയ് വാദിക്കും.

സിറിയയിൽ ആക്രമണത്തിൽ പങ്കാളിയായതിന് പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനെ നേരിടുകയാണ് തെരേസ മെയ്.

ബ്രിട്ടനടക്കമുള്ള പടിഞ്ഞാറൻ നാടുകളുടെ നിലപാട് യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോർബിൻ ചൂണ്ടിക്കാട്ടി. ഒന്നുകിൽ ഈ ആക്രമണം ആളൊഴിഞ്ഞ കെട്ടിടങ്ങളെ മാത്രം ബാധിക്കും. ഇല്ലെങ്കിൽ വൻതോതിലുള്ള പട്ടാളനീക്കങ്ങളിലേക്ക് വഴിമാറും: ജെര്‍മി കോർബിൻ, ദി ഗാർഡിയനിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. മരണസംഖ്യ അന്തമില്ലാതെ ഉയർത്താനും യുഎസ്സും റഷ്യയും തമ്മിൽ നേരിട്ടുള്ള സംഘർഷത്തിന് വഴിയൊരുക്കാനും മാത്രമേ ഈ നീക്കം കൊണ്ട് സാധിക്കൂ. യുദ്ധത്തിന് അവസാനമുണ്ടാകില്ല എന്നതായിരിക്കും ഫലം.

അതെസമയം സൈനികനടപടി സംബന്ധിച്ച് വോട്ടിങ് നടക്കുന്നത് തടയാൻ ഭരണപക്ഷം നീക്കം നടത്തുകയാണ്. പ്രശ്നത്തിൽ അടിയന്തിര ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. ഏതെങ്കിലും കാരണവശാൽ വോട്ടിങ് നടന്നാൽ നേരിടുന്നതിനായി എല്ലാ കൺസർവേറ്റീവ് എംപിമാര്‍ക്കും വിപ്പ് നൽകിയിട്ടുണ്ട്.

രാസായുധ ആക്രമണം സംബന്ധിച്ച് ബഷർ അൽ അസദ് സർക്കാരിന് മാത്രം നൽകുന്ന താക്കീതല്ല, മറിച്ച് ലോകത്തിനൊട്ടുക്കും നൽകുന്ന താക്കീതാണിതെന്നും കൺസെർവേറ്റീവ് എംപിമാർ വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍