UPDATES

യുകെ/അയര്‍ലന്റ്

കുടിയേറ്റക്കാരുടെ കുറഞ്ഞ വേതനപരിധി: തെരേസ മേയ്ക്ക് വഴങ്ങേണ്ടി വരുമെന്ന് ഫിലിപ്പ് ഹാമണ്ട്

ആഭ്യന്തരമന്ത്രാലയം പറയുന്നതു പ്രകാരം വേതനകാര്യത്തിൽ കൂടുതൽ ദീർഘമായ ചർച്ചകള്‍ നടക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.

ബ്രെക്സിറ്റിനു ശേഷം യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ കുറഞ്ഞ വേതനം 21,000 പൗണ്ടായി നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രിക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് തെരേസ മേ വിരുദ്ധരായ കൺസർവ്വേറ്റീവ് പാർട്ടി മന്ത്രിമാര്‍ കരുതുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബിസിനസ്സുകാരിൽ നിന്ന് വലിയതോതിലുള്ള സമ്മർദ്ദം മേ നേരിടും. 21,000 പൗണ്ട് വരുമാനം മാത്രമുള്ള തൊഴിലാളികളെ രാജ്യത്ത് അനുവദിക്കേണ്ട സ്ഥിതി സംജാതമാകുമെന്നാണ് മന്ത്രിമാരുടെ അനുമാനം.

തെരേസ മേ നേരത്തെ ലക്ഷ്യം വെച്ചിരുന്നത് കുടിയേറ്റക്കാർക്ക് വേതനം കുറഞ്ഞത് 30,000 പൗണ്ടെങ്കിലും ഉണ്ടാകണമെന്നതായിരുന്നു. എന്നാൽ മേയുടെ ബ്രെക്സിറ്റ് ഉടമ്പടികൾ നടപ്പാകുകയാണെങ്കിൽ ഇതിൽ വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരുമെന്നാണ് മേയുടെ ഉടമ്പടി നിർദ്ദേശങ്ങളോട് യോജിക്കാത്ത മന്ത്രിമാർ കരുതുന്നത്. തെരേസ മന്ത്രിസഭയിൽ വ്യാപാരകാര്യങ്ങൾ നോക്കുന്ന മന്ത്രിയായ ഫിലിപ്പ് ഹാമണ്ട് പറയുന്നതു പ്രകാരം തൊഴില്‍ദാതാക്കളുടെ സമ്മർദ്ദ ഗ്രൂപ്പുകൾ പ്രധാനമന്ത്രിയുടെ 30,000 പൗണ്ട് വേതനപരിധി കുറയ്ക്കാനായി ശ്രമം തുടങ്ങിക്കഴിഞ്ഞെന്നാണ്. ഇക്കഴിഞ്ഞദിവസം മേയുടെ ഈ നയത്തിന് കാബിനറ്റ് അനുമതി ലഭിക്കാതിരുന്നത് വാർത്തയായിരുന്നു. മെയ്ക്കെതിരായ ഈ കാബിനറ്റ് നീക്കത്തിന് നേതൃത്വം നൽകിയത് ഫിലിപ്പ് ഹാമണ്ട് ആയിരുന്നു.

ആഭ്യന്തരമന്ത്രാലയം പറയുന്നതു പ്രകാരം വേതനകാര്യത്തിൽ കൂടുതൽ ദീർഘമായ ചർച്ചകള്‍ നടക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. ബിസിനസ്സുകാരുമായി ചർച്ചകൾ ആവശ്യമായി വരും. രാജ്യത്തിന്റെ ആരോഗ്യരംഗത്തെയടക്കം ഗുരുതരമായി ബാധിക്കാവുന്ന വിഷയമാണിതെന്നാണ് ഫിലിപ്പ് ഹാമണ്ടിന്റെ നേതൃത്വത്തിലുള്ള കൺസർവ്വേറ്റീവ് മന്ത്രിമാർ പറയുന്നത്.

ബ്രെക്സിറ്റിനു ശേഷം ആരോഗ്യസ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നത് കൂടുതൽ ദുഷ്കരമാക്കുന്ന നയമാണ് കുറഞ്ഞ വേതനം 30,000 പൗണ്ടിലേക്ക് നിശ്ചയിക്കുന്നത് എന്നാണ് മേയോട് വിയോജിക്കുന്ന മന്ത്രിമാരുടെ അഭിപ്രായം. സമാനമായ പ്രശ്നങ്ങൾ മറ്റു മേഖലകളിലും സംഭവിക്കും.

എത്രയും പെട്ടെന്ന് വേതനപരിധി നിർദ്ദേശം നടപ്പാക്കാനായിരുന്നു മേയുടെ ആലോചന. എന്നാൽ ഇത് കഴിഞ്ഞദിവസം കാബിനറ്റ് പരാജയപ്പെടുത്തി. ഇപ്പോഴത്തെ നിലയ്ക്ക് ഇനിയിത് ഒരു വർഷമെങ്കിലും നീളുന്ന ചർച്ചയിലേക്ക് വഴിമാറും. ബ്രെക്സിറ്റ് പരിവർത്തന കാലയളവിൽ നടപ്പാക്കേണ്ട നയമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍