UPDATES

പ്രവാസം

യുകെയിലേക്കുള്ള കുടിയേറ്റം; വിസ എക്‌സറ്റന്‍ഷന് ഇനി കാത്തിരിക്കേണ്ടി വരില്ല

Avatar


അഴിമുഖം പ്രതിനിധി

യുകെ സര്‍ക്കാര്‍ കഴിഞ്ഞ മാസം ടയര്‍-1 വിസകളില്‍ വരുത്തിയ മാറ്റം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണപ്രദമാകും എന്ന് വിലയിരുത്തപ്പെടുന്നു. ടയര്‍-1 വിസയുടെ അസാമാന്യ പ്രതിഭ (Exceptional Talent) വിഭാഗത്തില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കരണങ്ങളാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. ഐടി, ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

ടയര്‍-1 വിസകള്‍ ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള യുകെ വിസ നല്‍കാനാണ് യുകെ ഇമിഗ്രേഷന്റെ പുതിയ തീരുമാനം. നേരത്തെ ഇതു മൂന്ന് വര്‍ഷമായിരുന്നു. യുകെയില്‍ സ്ഥിരമായി താമസിക്കുന്നതിന് യോഗ്യത നേടുന്നതിനായി ഇവര്‍ക്ക് ഇനി വിസ എക്‌സറ്റെന്‍ഷന് കാത്തിരിക്കേണ്ടി വരില്ല. ഈ വിസ വിഭാഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇംഗ്ലീഷ് ഭാഷാപരിജ്ഞാന നിബന്ധനകള്‍ എടുത്ത് കളയാനും ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകരെ ആകര്‍ഷിക്കാനാണ് പുതിയ ഇളവുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ വിഭാഗം വിസകള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ ഐഎല്‍ആര്‍, പെര്‍മനെന്റ് റസിഡന്റ് വിസകള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

മാത്രമല്ല, ടയര്‍-1 വിസയുടെ മറ്റ് വിഭാഗങ്ങളിലുള്ള വിസകളുടെ നിബന്ധനകള്‍ കര്‍ശനമാക്കാനും യുകെ ഇമിഗ്രേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ടയര്‍-1 നിക്ഷേപക (Investor) വിസകളുടെ നിബന്ധനകളാണ് ഏറ്റവും കര്‍ശനമാക്കിയിരിക്കുന്നത്. ഇതുവഴി ഈ ഇനത്തില്‍ യുകെ സര്‍ക്കാര്‍ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ തരം വിസകള്‍ ലഭിക്കുന്നതിനുള്ള നിക്ഷേപതുക ഒരു മില്യണ്‍ യൂറോയില്‍ നിന്നും രണ്ടു മില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിക്കാനാണ് പുതിയ തീരുമാനം. ഈ നിക്ഷേപങ്ങള്‍ പൂര്‍ണമായും യുകെ കമ്പനികളിലോ യുകെ സര്‍ക്കാര്‍ ബോണ്ടുകളിലോ ആയിരിക്കണം. നേരത്തെ കമ്പനികളിലും ബോണ്ടുകളിലുമായി ആകെ തുകയുടെ 75 ശതമാനം നിക്ഷേപിച്ചാല്‍ മതിയായിരുന്നു. ബാക്കി തുക ആസ്തികളിലോ ബാങ്ക് അക്കൗണ്ടുകളിലോ നിക്ഷേപിക്കാന്‍ പ്രവാസികളെ അനുവദിച്ചിരുന്നു. പക്ഷെ പുതിയ നടപടി മൂലം ഈ വിഭാഗം വിസകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിസ പ്രകാരം യുകെയിലേക്ക് കുടിയേറിവര്‍ ഐഎല്‍ആറിന് അപേക്ഷിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ ബാധകമാകില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന് പരമാവധി ഗുണകരമായ നിക്ഷേപങ്ങള്‍ കണ്ടെത്തിയ അപേക്ഷകര്‍ക്ക് സമര്‍പ്പിക്കാനാണ് ഹോം ഓഫീസ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് തടയാനും അവര്‍ ആലോചിക്കുന്നു. ഈ വര്‍ഷം ഏപ്രിലോടെ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാവുമെന്നാണ് സൂചന.

എന്നാല്‍ ടയര്‍-1 സ്ഥാപനഉടമ (Enterpreneur) വിഭാഗത്തില്‍ ചില ചില്ലറ സാങ്കേതിക മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരിക്കുന്നത്. യുകെയില്‍ നിന്നാണ് അപേക്ഷിക്കുന്നതെങ്കില്‍ സ്ഥാപനം തുടങ്ങാനാവശ്യമായ തുക യുകെയില്‍ തന്നെ ഉണ്ടാവണമെന്നതാണ് ഇതില്‍ പ്രധാനം. അവശ്യമായ തുക അപേക്ഷകരുടെ കൈയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും ഈ വിഭാഗക്കാര്‍ക്ക് ചെറിയ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പുതിയ അപേക്ഷകര്‍ക്കേ ബാധകമാവൂ എന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍